ആഡംബരത്തിന് 'സ്വർണ' തിളക്കം; ഗോൾഡ് വീലുകളുമായി റോൾസ് റോയ്സ് കലിനൻ
ആഡംബരത്തിൻ്റെ അവസാനവാക്ക് എന്താണ് എന്ന് ചോദിച്ചാൽ അത് റോൾസ് റോയ്സാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾക്കും സമ്പന്നരായ ബിസിനസുകാർക്കും ഇടയിൽ എസ്‌യുവി അതിവേഗം പ്രശസ്തി നേടിയ മോഡലാണ് കലിനൻ എന്നത്. വാഹനത്തിൻ്റെ എക്‌സ്‌ഷോറൂം വില 6.95 കോടി രൂപയിലാണ് ആരംഭിക്കുന്നത്. മറ്റേതൊരു ആഡംബര വാഹന നിർമാതാക്കളെ പോലെ തന്നെ റോൾസ് റോയ്‌സ് അവരുടെ കാറുകൾക്കായി വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
കസ്റ്റമൈസേഷനിലൂടെ സ്വർണ്ണ വീലുകൾ നൽകിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്‌സ് കലിനൻ്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഡീലർഷിപ്പിൽ നിന്ന് ഇറങ്ങി വരുന്ന ഒരു കലിനൻ ആണ് വീഡിയോയിൽ കാണുന്നത്. വാഹനത്തെ നോക്കിയാൽ ആദ്യം കണ്ണുടക്കുന്നത് സ്വർണ വീലിൽ തന്നെയാണ്. ആദ്യമായിട്ടാണ് രാജ്യത്ത് സ്വർണ വീലുളള കലിനൻ പുറത്തിറക്കുന്നത്.

കലിനൻ ബ്ലാക്ക് ബാഡ്ജിന് 8.20 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെങ്കിലും കസ്റ്റമൈസേഷനോടെ വില 10 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വില കൂടിയ എസ്‌യുവികളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. ഓരോ വ്യക്തിഗത ഉപഭോക്താവിന്റെയും അഭിരുചിക്കനുസരിച്ച് യോജിച്ച ഒരു ടൺ കസ്റ്റമൈസേഷൻ ഓപ്ഷനുകളുമായാണ് എസ്‌യുവി വിപണിയിലേക്ക് എത്തിയിരിക്കുന്നത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിപണി സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിലേക്കുള്ള ട്രെൻഡിനെ സൂചിപ്പിച്ചതോടെയാണ് ഒരു എസ്‌യുവി അവതരിപ്പിക്കാൻ റോൾസ് റോയ്‌സ് തീരുമാനിച്ചത്. ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ആഡംബര എസ്‌യുവി കൂടിയാണ് കലിനൻ എന്നതും ശ്രദ്ധേയം. വിപണിയിൽ എത്തിയതും അതിവേഗം വമ്പർ ഹിറ്റായി മാറാനും റോൾസ് റോയ്‌സ് കലിനന് സാധിച്ചിട്ടുണ്ട്.

താമസിയാതെ നിരവധി ശതകോടീശ്വരൻമാരായ വ്യവസായികളുടെയും സെലിബ്രിറ്റികളുടെയും ഗാരേജിൽ സ്വന്തമായി ഒരു ഇടം കണ്ടെത്താനും ഈ വാഹനത്തിന് സാധിച്ചു. ഇന്ത്യയിൽ പോലും സെലിബ്രിറ്റികൾക്കിടയിൽ വളരെ ജനപ്രിയമായ കാറാണ് റോൾസ് റോയ്സ് കലിനൻ. റോൾസ് റോയ്‌സ് സ്വന്തമാക്കിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ഉണ്ടെങ്കിലും കലിനൻ ഉള്ളത് വളരെ ചുരുക്കം പേർക്കു മാത്രമാണ്.
അംബാനി കുടുംബത്തിന് അവരുടെ ഗാരേജിൽ മൂന്ന് റോൾസ് റോയ്സ് കലിനൻ എസ്‌യുവികളാണുള്ളത്. അംബാനിയുടെ ഗാരേജിലെ മൂന്നാമത്തെ റോൾസ് റോയ്‌സ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാറാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവിയുടെ പെയിന്റ് ജോലിക്ക് മാത്രം ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് പറയപ്പെടുന്നത്.

യുകെയിലെ ഗുഡ്‌വുഡിലുള്ള റോൾസ് റോയ്‌സിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ റോൾസ് റോയ്‌സ് കലിനനും അതുല്യമാണെന്ന് കമ്പനി പറയുന്നു. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് ഇതിന് ഹൃദയം തന്നെ. ഇത് 571 bhp കരുത്തിൽ പരമാവധി 850 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എഞ്ചിൻ 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കലിനന് മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.
റോൾസ് റോയ്സ് ഗോസ്റ്റ് എന്ന മോഡലിലേക്ക് നോക്കിയാൽ 6.95 കോടി രൂപ മുതലാണ് ഗോസ്റ്റിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. കാറിന്റെ ഉയര്‍ന്ന വേരിയന്റിന് നിലവില്‍ 7.95 കോടി രൂപയാണ് മുടക്കേണ്ടത്. കാറുകള്‍ സ്റ്റാറ്റസ് സിംബലാകുന്ന ഇക്കാലത്ത് റോള്‍സ് റോയ്‌സ് സ്വന്തമാക്കുകയെന്നത് അഭിനേതാക്കളെ സംബന്ധിച്ചും അഭിമാനകരമായ കാര്യമാണ്.
ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 1300 വാട്ട്‌സ് ഓഡിയോ സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഇല്യൂമിനേറ്റര്‍ ഡാഷ്ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ ഇതിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് നടന്‍മാരായ ആമിര്‍ ഖാന്‍, ഋതിക് റോഷന്‍, സഞ്ജയ് ദത്ത്, നടി പ്രിയങ്ക ചോപ്ര, തമിഴ് നടന്‍ വിജയ് എന്നിവരാണ് ഇന്ത്യയിലെ ഗോസ്റ്റ് ഉടമകളായ സെലിബ്രിറ്റികള്‍. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റര്‍ എംഎസ് ധോണി എന്നിവര്‍ റോള്‍സ് റോയ്‌സിന്റെ മറ്റ് ചില മോഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








