റോള്‍സ് റോയ്‌സിന്റെ വില കളഞ്ഞല്ലോ മുതലാളീ... പൂച്ചക്കുഞ്ഞ് പോലും ഇനി മൈന്‍ഡ് ചെയ്യില്ല
ഇന്ത്യന്‍ നിരത്തുകളില്‍ ഇന്ന് ആഡംബര കാറുകള്‍ അത്ര വിരളമായ കാഴ്ചയല്ല. ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു എന്നിവക്ക് പുറമെ ലംബോര്‍ഗിനി, ഫെറാറി എന്നിവയുടെ സൂപ്പര്‍ കാറുകള്‍ വരെ സുലഭമായി കാണാം. എന്നാല്‍ ഇന്നും ഇന്ത്യന്‍ നിരത്തുകളില്‍ അപൂര്‍വമായി മാത്രം കാണുന്ന കാറുകളാണ് റോള്‍സ് റോയ്‌സ്. ആഡംബരത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്ന റോള്‍സ് റോയ്‌സ് സ്വന്തമായുള്ള മലയാളികളുടെ എണ്ണം തന്നെ വളരെ കുറവായിരിക്കും. അതില്‍ തന്നെ പലരും വിദേശ രാജ്യങ്ങളിലാണ് ഈ കാര്‍ വാങ്ങിയിരിക്കുന്നത്. റോള്‍സ് റോയ്സ് കാറുകള്‍ക്ക് കോടിക്കണക്കിന് രൂപ വിലവരും എന്നത് മാത്രമല്ല ഈ കാര്‍ എല്ലാവര്‍ക്കും കിട്ടില്ലെന്നതും ഒരു കാരണമാണ്.
വില കൂടിയ കാറുകള്‍ അതിന്റെ ഉടമകള്‍ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ നിന്നാണ് സാധാരയായി അറ്റകുറ്റപ്പണികള്‍ ചെയ്യുക. അതുകൊണ്ട് തന്നെ നിങ്ങള്‍ ആരും തന്നെ ഒരു പ്രാദേശിക വര്‍ക്‌ഷോപ്പില്‍ ഒരു റോള്‍സ് റോയ്‌സ് കാര്‍ സര്‍വീസിന് കൊണ്ടുവന്നത് കണ്ടിട്ടുണ്ടാകില്ല. എന്നാല്‍ നമ്മള്‍ മനസ്സില്‍ പോലും വിചാരിക്കാത്ത പല സംഗതികളും അരങ്ങേറുന്ന രാജ്യമാണല്ലോ ഇന്ത്യ. ഇപ്പോള്‍ ഒരു റോള്‍സ് റോയ്സ് ഗോസ്റ്റ് ഉടമ തന്റെ വാഹനം പ്രാദേശിക മെക്കാനിക്കിന്റെ അടുക്കല്‍ കൊണ്ടുപോയി.

റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് I കാര്‍ ഒരു പ്രാദേശിക വര്‍ക്‌ഷോപ്പില്‍ റിപ്പയര്‍ ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിലെ തകരാര്‍ കാരണമാണ് ഈ റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് I കാര്‍ പ്രാദേശിക മെക്കാനിക്കിന്റെ അടുക്കല്‍ കൊണ്ടുവന്നിരിക്കുന്നത്. റോള്‍സ് റോയ്‌സ് ഡീലര്‍ഷിപ്പില്‍ ഈ തകരാര്‍ പരിഹരിക്കാന്‍ സാധാരണയായി 5 മുതല്‍ 10 ലക്ഷം രൂപ വരെ ചിലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാട്ടിലെ മെക്കാനിക്കിന്റെ അടുത്ത് നിന്ന് ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പണി തീര്‍ക്കാം എന്നതിനാലാകും കാറുടമ ഈ തന്ത്രപരമായ നീക്കം നടത്തിയത്. ഏതായാലും ഇത്രയും വില കൂടിയ കാര്‍ പ്രദേശിക മെക്കാനിക്കിനെ അറ്റകുറ്റപ്പണി നടത്താനായി ഏല്‍പ്പിച്ച കാറുടമയുടെ ധൈര്യം സമ്മതിക്കുന്നുവെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും.

വിപണിയില്‍ ചൂടപ്പം പോലെ വില്‍ക്കുന്ന ബജറ്റ് കാറുകളുടെ അതേ വിലയ്ക്ക് തന്നെ ബെന്‍സും ഔഡിയുമെല്ലാം ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ ലഭ്യമാണ്. ഏകദേശം 40 ശതമാനം വരെ കുറഞ്ഞ വാങ്ങാന്‍ പറ്റുന്നതിനാല്‍ ഒരുപാട് ആളുകള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് വളരെ വില കൂടിയ ആഡംബര കാറുകള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്ന് യൂസ്ഡ് ആഡംബര കാറുകള്‍ ഒഴുകുന്നുണ്ട്.
വണ്ടി വാങ്ങാന്‍ എളുപ്പമാണെങ്കിലും ഇതിന്റെ മെയിന്റനന്‍സ് കോസ്റ്റ് പലര്‍ക്കും താങ്ങാവുന്നതിലും അധികം ആയിരിക്കും. കാറിന് എന്തെങ്കിലും തകരാര്‍ ഉണ്ടായാല്‍ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് അത് പരിഹരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അമിത ചിലവ് തന്നെയാണ് ഇതിന്റെ കാരണം. ഇവിടെ വൈറല്‍ വീഡിയോയില്‍ കാണുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് I കാറിന്റെ ഉടമയുടെ കാര്യത്തിലും ഒരുപക്ഷേ ഇതേകാര്യം തന്നെ ആയിരിക്കും സംഭവിച്ചിട്ടുണ്ടാകുക.എന്നാല്‍ ഇത് അനുമാനം മാത്രമാണ്.

ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു പ്രാദേശിക വര്‍ക് ഷോപ്പില്‍ നിന്ന് വിലകൂടിയ കാറുകളുടെ സര്‍വീസ് ചെയ്യുന്നത് മോശമാണെന്ന് ആരും ചിന്തിക്കരുത്. പ്രാദേശിക മെക്കാനിക്കിന്റെ അടുത്ത് നിന്ന് കാര്‍ സര്‍വീസ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇത് അവിടുത്തെ മെക്കാനിക്കിന്റെ വെദഗ്ധ്യം, അനുഭവസമ്പത്ത്, അവരുടെ പക്കലുള്ള ടൂളുകള്‍ എന്നിവയെ എല്ലാം ആശ്രയിച്ചിരിക്കുന്നു.
ഈ പറഞ്ഞ കാര്യങ്ങളില്‍ എല്ലാം മികവ് പുലര്‍ത്തുന്ന കാര്‍ മെക്കാനിക്കുകളുടെ അടുത്ത് നിന്ന് സര്‍വീസ് ചെയ്യാന്‍ മടിക്കേണ്ടതില്ല. എന്നാല്‍ ഇക്കാര്യം കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കിയ ശേഷം മാത്രം വാഹനം സര്‍വീസിന് കൊടുക്കാം. അംഗീകൃത സര്‍വീസ് സെന്ററുകളെ അപേക്ഷിച്ച് പ്രാദേശിക വര്‍ക് ഷോപ്പുകളാണ് പോക്കറ്റിന് നല്ലത്. എന്നാല്‍ ഇങ്ങനെ പുറത്ത് വാഹനം സര്‍വീസിന് കൊടുക്കുന്നത് വാഹനത്തിന്റെ വാറണ്ടിയെ ബാധിക്കുമോ എന്ന കാര്യങ്ങളിലെല്ലാം ഒരു ശ്രദ്ധ വേണം.
യഥാര്‍ത്ഥത്തില്‍ വാഹന ഡീലര്‍ഷിപ്പുകള്‍ വില്‍പ്പനയേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നത് ആഫ്റ്റര്‍ സെയില്‍സ് സര്‍വീസുകളിലൂടെയാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ സര്‍വീസിന്റെ കാര്യത്തില്‍ കടുംപിടുത്തം കാണിക്കുന്നതും. അല്‍പ്പം പഴയ ആഡംബര കാറുകള്‍ ഒക്കെയാണെങ്കില്‍ വിശ്വസ്ഥരായ മെക്കാനിക്കുകളുടെ സഹായം തേടുന്നതില്‍ തെറ്റില്ല. വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ഒത്തിരിയാളുകള്‍ ഇന്ന് നമ്മുടെ നാട്ടില്‍ വാഹന ഗരാജുകള്‍ നടത്തുന്നുണ്ട്.


Click it and Unblock the Notifications








