ആനയെ വാങ്ങാന്‍ കാശുണ്ട് തോട്ടി വാങ്ങാനില്ലേ? 'എയറിലായ' റോള്‍സ് റോയ്‌സ് മുതലാളി ചെയ്തത് കണ്ടോ...
ആഫ്റ്റര്‍ മാര്‍ക്കറ്റ് കാര്‍ മോഡിഫിക്കേഷന്‍ (Car Modification) വ്യവസായം ഇന്ത്യയില്‍ തഴച്ച് വളരുകയാണ്. വിപണിയില്‍ എത്തുന്ന ഏതൊരു കാറും രൂപമാറ്റം നടത്താന്‍ പ്രാപ്തരായ വിദഗ്ധരാണ് ഈ രംഗത്തുള്ളത്. ചില കാറുകളില്‍ നടത്തുന്ന മോഡിഫിക്കേഷനുകള്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഡിസൈനര്‍മാരെ വരെ അസൂയപ്പെടുത്തുന്ന വിധത്തിലാണ്.
ലോകത്തെ ഏത് ഭാഗത്ത് നിന്നും സ്‌പെയര്‍ പാര്‍ട്‌സുകളും ഓട്ടോമോട്ടീവ് ഘടകങ്ങളും ഇറക്കുമതി ചെയ്യാന്‍ തക്കവണ്ണം സ്വാധീനമുള്ളവരാണ് ഇന്ന് ആഫ്റ്റര്‍ മാര്‍ക്കറ്റ് മോഡിഫിക്കേഷന്‍ ഇന്‍ഡസ്ട്രിയെ ഭരിക്കുന്നത്. ആളുകള്‍ അവരുടെ പ്രാദേശത്തെ കാര്‍ മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വണ്ടി കസ്റ്റമൈസ് ചെയ്യുന്നതിന്റെ വിവിധ വീഡിയോകള്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടിട്ടുണ്ടാകും. ബേസ് വേരിയന്റ് വാങ്ങി കസ്റ്റമൈസേഷനിലൂടെ ടോപ് വേരിയന്റാക്കി മാറ്റുന്നതും കണ്‍വേര്‍ഷന്‍ കിറ്റിലൂടെ വണ്ടിയുടെ രൂപം തന്നെ മാറ്റിയെടുക്കുന്നതും നാം കാണാറുണ്ട്.

ഇന്ത്യയില്‍ കാര്‍ മോഡിഫിക്കേഷന് പേരുകേട്ട ഒരു സ്ഥലമാണ് കരോള്‍ ബാഗ്. മാസ്-മാര്‍ക്കറ്റ് കാറുകള്‍ മാത്രമാണ് മിക്കവാറും കാരോള്‍ ബാഗില്‍ കണ്ടുവരാറുള്ളൂ. എന്നാല്‍ കരോള്‍ ബാഗില്‍ ഒരു റോള്‍സ് റോയ്സ് ലക്ഷ്വറി സെഡാന്‍ ടയര്‍ മാറ്റാനായി കൊണ്ടുവന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. heyy_sam_004 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലുതും പ്രൊഫഷണലുമായ കാര്‍ ഷോപ്പുകള്‍ സ്ഥിതി ചെയ്യുന്ന കാരോള്‍ ബാഗില്‍ ഛത്തീസ്ഗഡ് രജിസ്‌ട്രേഷനിലുള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് 1 പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണാനാകുക. ടയറുകള്‍ മാറ്റാനായിട്ടാണ് റോള്‍സ് റോയ്സ് ഈ കടയിലേക്ക് കൊണ്ടുവന്നത്. വില കൂടിയ ലക്ഷ്വറി വാഹനമാണെന്ന പരിഗണനയൊന്നും കാരോള്‍ ബാഗുകാര്‍ ഈ റോള്‍സ് റോയ്‌സിന് നല്‍കിയിട്ടില്ല.

കാറിന്റെ വലതുവശം ജാക്കി വെച്ച് ഉയര്‍ത്തി ഒരാള്‍ മുന്‍വശത്തെ ടയര്‍ ഘടിപ്പിക്കുകയാണ്. ലക്ഷ്വറി കാറുകള്‍ക്ക് ഇവിടെ പ്രത്യേക പരിഗണനയൊന്നും ലഭിക്കുകയില്ലെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. കാരോള്‍ ബാഗിലെ പല കടകളിലും ഇറക്കുമതി ചെയ്ത ടയറുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഇംപോര്‍ടഡ് ടയറുകളല്ല മറിച്ച് സാധാരണ ടയറുകളാണ് ഉടമ ഇതില്‍ ഫിറ്റുചെയ്തതെന്നാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പറയുന്നത്.
വാഹനത്തെ 'റെഗുലര്‍' ആയി തോന്നിപ്പിക്കുന്ന തരത്തില്‍ ബേസ് ടയര്‍ സെറ്റാണ് ഉടമ വാങ്ങിയിരിക്കുന്നതെന്നാണ് തോന്നുന്നത്. റോള്‍സ് റോയ്‌സ് പോലെ ഒരു ആഡംബര കാര്‍ വാങ്ങാന്‍ പണമുള്ള ആള്‍ ബേസ് ടയറുകള്‍ സ്ഥാപിക്കുന്നത് വിചിത്രമായി തോന്നുന്നുവെന്നാണ് നെറ്റിസണ്‍സ് കമന്റിടുന്നത്. പലരും റോള്‍സ് റോയ്‌സ് ഉടമയെ ട്രോളുന്നുണ്ട്. കാര്‍ വാങ്ങാന്‍ ആര്‍ക്കും പറ്റും എന്നാല്‍ അത് 'തീറ്റിപ്പോറ്റാന്‍' എല്ലാവര്‍ക്കും സാധിക്കില്ലെന്ന് അര്‍ത്ഥമാക്കുന്ന കമന്റുകള്‍ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

ഈ വീഡിയോ കാണുമ്പോള്‍ 'ആനയെ വാങ്ങാം, തോട്ടി വാങ്ങാന്‍ കാശില്ല' എന്ന ചൊല്ലാണ് എനിക്ക് ഓര്‍മ വരുന്നത്. ഇതില്‍ സിഎന്‍ജി കൂടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ലായിരുന്നോ എന്നാണ് ഒരു വിരുതന്‍ കമന്റിട്ടത്. ചിലര്‍ ഉടമയെ ട്രോളുന്നുണ്ടെങ്കിലും ഇയാള്‍ക്ക് ഒരു റോള്‍സ് റോയ്‌സ് ഫാന്റം VIII കാറും പുതിയ തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവിയും ഉണ്ടെന്നാണ് കമന്റ് ബോക്‌സില്‍ ഒരാള്‍ മെന്‍ഷന്‍ ചെയ്യുന്നത്.
ഏതായാലും ലക്ഷ്വറി കാര്‍ സ്വന്തമായുണ്ടായിട്ടും കാരോള്‍ ബാഗ് പോലെ ഒരു സ്ഥലത്ത് കൊണ്ടുവന്ന് ടയര്‍ മാറ്റുന്ന ഉടമയെ കളിയാക്കുന്നവരാണ് കൂടുതലും. തങ്ങളുടെ വാഹനങ്ങള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ട് നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മോഡിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ ആളുകള്‍ തേടിപ്പോകുന്നത്. ഒരുപക്ഷേ വ്യത്യസ്തത ആഗ്രഹിച്ച് കൊണ്ടാകും ഇവിടെ റോള്‍സ് റോയ്‌സ് ഉടമ കാറിന്റെ ടയര്‍ കാരോള്‍ ബാഗില്‍ കൊണ്ടുപോയി മാറ്റിയത്.
തങ്ങളുടെ കാറുകള്‍ മോഡിഫൈ ചെയ്യുന്നതിനായി ഓരോരുത്തരുടെ മനസ്സിലും 'ഭ്രാന്തമായ' ആഗ്രഹവും ആശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ഇവ യാഥാര്‍ത്ഥ്യമാക്കാന്‍ വിദഗ്ധരുടെ സഹായം ആവശ്യമാണ്. എന്നിരുന്നാലും ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന തരത്തിലാണ് ഓരോ വണ്ടിയും നിര്‍മാതാക്കള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. അതിനാല്‍ അക്കാര്യങ്ങള്‍ ഉറപ്പ് വരുത്തേണ്ടതായുണ്ട്. വാഹന രൂപമാറ്റം ഇന്ത്യയില്‍ നിയമപരമായി നിരോധിച്ചതാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്നോടിയായി രണ്ടുവട്ടം ചിന്തിക്കുക.


Click it and Unblock the Notifications








