എടാ എന്തൊക്കെയാടാ നടക്കുന്നേ..! റോള്‍സ് റോള്‍സ് കഴുകുന്നത് "ലോക്കൽ" സര്‍വീസ് സ്‌റ്റേഷനില്‍
വിചിത്രമായ പല സംഗതികളും അരങ്ങേറുന്ന ഇടമാണ് ഇന്ത്യന്‍ റോഡുകള്‍. കോടികള്‍ വിലവരുന്ന എക്‌സോട്ടിക് കാറുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളിലെ സാധാരണ കാഴ്ചയാണ്. എന്ന് കരുതി ആരെങ്കിലും റോള്‍സ് റോയ്‌സ് കാര്‍ 'ലോക്കല്‍' സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കഴുകുമോ?. അതെ എന്നാണ് ഉത്തരം. അത്തരത്തില്‍ കോടികള്‍ വിലമതിക്കുന്ന ഒരു റോള്‍സ് റോയ്‌സ് കാര്‍ റോഡരികിലെ സര്‍വീസ് സ്‌റ്റേഷനില്‍ വാഷ് ചെയ്യുന്ന വീഡിയോ ഞങ്ങളുടെ പക്കലുണ്ട്.
ആഡംബരത്തിന്റെ പര്യായമായി കണക്കാക്കപ്പെടുന്നവയാണ് റോള്‍സ് റോയ്‌സ് കാറുകള്‍. ആഡംബര ഇന്റീരിയറുകള്‍, പ്രീമിയം എക്സ്റ്റീരിയറുകള്‍, യാത്രാസുഖം എന്നിവയ്ക്ക് പേരുകേട്ടതാണ് റോള്‍സ് റോയ്‌സ് കാറുകള്‍. കോടികള്‍ പൊടിച്ച് വാങ്ങുന്ന ഇത്തരം കാറുകളുടെ ഉടമകള്‍ അവയുടെ പരിപാലനത്തിലും വളരെ ശ്രദ്ധിക്കുന്നവരാണ്. കസ്റ്റമൈസേഷന് പേരുകേട്ട ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ കാറുകളുടെ പെയിന്റുകള്‍ പോലും സവിശേഷമായതിനാല്‍ പ്രത്യേക ശ്രദ്ധകൊടുത്താണ് അവ പരിപാലിക്കേണ്ടതുണ്ട്.

അത്യാവശ്യം പ്രീമിയം വിലയുള്ള കാറുകള്‍ തന്നെ നാട്ടിന്‍പുറത്തെ സര്‍വീസ് സെന്ററുകളില്‍ കൊണ്ടുപോകാതെ കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ കൊണ്ടുപോകുന്നവാരാണ് പൊതുവേ വാഹനയുടമകള്‍. അത്തരം ഒരു സാഹചര്യത്തില്‍ ഒരു റോള്‍സ് റോയ്‌സ് കാര്‍ ഉടമ സ്വന്തം കാര്‍ പ്രാദേശിക വര്‍ക്ക് ഷോപ്പുകളിലേക്കോ സര്‍വീസ് സെന്ററുകളിലേക്കോ കൊണ്ടുപോകാറില്ല. തുടക്കത്തില്‍ പറഞ്ഞത് പോലെ ഇന്ത്യയില്‍ പക്ഷേ ഇതല്ല, ഇതിന്റെ അപ്പുറവും സംഭവിക്കുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇവിടെയുണ്ട്.
പ്രധാന്‍ ജി വെഡ്ഡിംഗ് കാര്‍സ് മീററ്റാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അവിശ്വസനീയമായ സംഭവമാണ് ദൃശ്യങ്ങളില്‍ കാണാനാവുക. ഒരു വെള്ള റോള്‍സ് റോയ്‌സ് ഗോസ്റ്റ് റോഡരികിലെ കാര്‍ വാഷ് സെന്ററിന്റെ റാമ്പിലൂടെ ഓടിച്ച് കയറ്റുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന റാമ്പ് പോലും ജീര്‍ണിച്ചതും പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതുമാണ്.

ആഡംബര കാറിന്റെ അണ്ടര്‍ബെല്ലിയില്‍ സ്‌ക്രാച്ച് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍ വളരെ സാവധാനത്തിലാണ് വണ്ടി റാമ്പിലൂടെ കയറ്റിയത്. റാംപില്‍ കാര്‍ ഓടിച്ച ശേഷം, അത് പെട്ടെന്ന് കഴുകി. കാര്‍ കഴുകാനായി ഒരു സാധാരണ പ്രഷര്‍ പൈപ്പാണ് തൊഴിലാളി ഉപയോഗിക്കുന്നത്. ഈ റീല്‍ വൈറലായി എന്ന് പറയേണ്ടതില്ലല്ലോ. കമന്റ് സെക്ഷനില്‍ മുഴുവനും കാര്‍ ഉടമയെ ട്രോളിക്കൊണ്ടുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് ഹോം മെയ്ഡ് കാര്‍ ആണെന്ന് എനിക്ക് തോന്നുന്നുവെന്നാണ് ഒരാള്‍ പറയുന്നത്.
റോള്‍സ് റോയ്സ് ആകുമ്പോള്‍ ഷോറൂമില്‍ കൊണ്ടുപോയി കഴുകണം..എന്തിനാ റോഡ് സൈഡ് കാര്‍ വാഷില്‍ കൊണ്ടുവന്നത്.. കുറച്ച് പണം ലാഭിക്കാന്‍ വേണ്ടി മാത്രമാണോ എന്ന് ഒരാള്‍ ചോദിക്കുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. നാട്ടിന്‍പുറത്തുള്ള സാധാരണ കാര്‍ വാഷ് സെന്ററുകള്‍ക്ക് കുഴപ്പമുണ്ടെന്നല്ല. പക്ഷേ ഇത്തരം വില കൂടിയ ഒരു വാഹനത്തിന് അത് അര്‍ഹിക്കുന്ന പരിഗണന നല്‍കണം. അതിനായി കൂടുതല്‍ പ്രൊഫഷണല്‍ സര്‍വീസ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അനുയോജ്യമായ മാര്‍ഗം.

അതുകൊണ്ടാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ വരുന്നതും. ഇവിടെ വീഡിയോ പങ്കുവെച്ച പ്രധാന്‍ ജി വെഡ്ഡിംഗ് കാര്‍സ് വിവാഹങ്ങള്‍ക്കും മറ്റ് വിശേഷാവസരങ്ങള്‍ക്കും വിലകൂടിയ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ഒരു ഏജന്‍സിയാണെന്നാണ് തോന്നുന്നത്. ഈ വീഡിയോയില്‍ കാണുന്ന റോള്‍സ് റോയ്സ് ഏജന്‍സിയുടേതാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് വ്യക്തമല്ല. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും ആളുകള്‍ ചെയ്യുന്നുണ്ട്.
വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി മാത്രമായി റോള്‍സ് റോയ്‌സ് സര്‍വീസ് സെന്ററില്‍ കയറ്റിയതാണോ എന്ന കാര്യവും നമുക്ക് വ്യക്തമല്ല. എന്തായാലും റോഡ്‌സൈഡ് കാര്‍ വാഷിംഗ് പോയിന്റുകളില്‍ കാര്‍ കഴുകുന്നത് വളരെ ചെലവ് കുറഞ്ഞ പരിപാടിയാണ്. അതിനാല്‍ തന്നെ വണ്ടി കഴുകാനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും അതേ ക്വാളിറ്റി പ്രതീക്ഷിച്ചാല്‍ മതി.
കാര്‍ കഴുകാനായി പ്രത്യേകം നിമിച്ച വസ്തുക്കള്‍ക്ക് പകരം അവര്‍ തുണികള്‍ ആയിരിക്കും തുടയ്ക്കാന്‍ ഉപയോഗിക്കുക. ഇത് ചിലപ്പോള്‍ കാറിന്റെ പെയിന്റിന്റെ ഗുണനിലവാരം മോശമാക്കിയേക്കാം. ഏതായാലും ഈ കാര്‍ വാടകയ്ക്ക് കൊടുക്കുന്നത് ആയത് കൊണ്ടായിരിക്കാം ഉടമ വലിയ ശ്രദ്ധ കൊടുക്കാത്തത്. കാര്‍ വാടകയ്ക്ക് കൊടുക്കുന്ന പുതിയ കസ്റ്റമര്‍ക്ക് കാര്‍ വൃത്തിയാക്കി കൊടുക്കാന്‍ വേണ്ടിയായിരിക്കാം ഇത് ചെയ്തത്.
സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി കാര്‍ കഴുകി നല്‍കുകയെന്നത് ചുരുങ്ങിയ സമയം കൊണ്ട് സാധിക്കുന്ന ഒന്നല്ലാത്തതിനാലായിരിക്കാം ഇത്തരം വിചിത്രമായ ഒരു മാര്‍ഗം തെരഞ്ഞെടുത്തത്. എന്നാല്‍ ഇത്തരം വാഷിനിടയില്‍ കാറിന്റെ പെയിന്റിന് വല്ല മങ്ങലോ മറ്റ് പ്രശ്‌നങ്ങളോ നേരിട്ടാല്‍ ലക്ഷങ്ങളായിരിക്കും പൊടിയുകയെന്ന് പറയേണ്ടതില്ലെല്ലോ. റോള്‍സ് റോയ്‌സ് ഉടമയുടെ ഈ വിചിത്രമായ പ്രവര്‍ത്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.


Click it and Unblock the Notifications








