ഇന്ത്യക്കാരെ മൊത്തം കരയിച്ച 'ഹെഡ്മാഷ്' ഊബറിനും തലവേദനയായി! കോടതികയറ്റി RCB, കാരണം അറിയണോ?
ലോകത്തിലെ തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ലീഗാണ് ഐപിഎല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഓരോ വര്‍ഷത്തെയും ഐപിഎല്ലില്‍ കോടിക്കണക്കിന് രൂപയാണ് ഒഴുകുന്നത്. ഇന്ത്യയിലെ 10 നഗരങ്ങളെ പ്രതിനിധീകരിക്കുന്ന 10 ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ഈ വര്‍ഷം നടക്കുന്നത് ഐപിഎല്ലിന്റെ 18-ാം സീസണ്‍ ആണ്. ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഐപിഎല്‍ ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന ആര്‍സിബി. വര്‍ഷങ്ങളായി തുടരുന്ന കിരീട വരള്‍ച്ച ഇല്ലാതാക്കാന്‍ ഉറച്ചാണ് ഇക്കുറി ആര്‍സിബി കച്ചകെട്ടി ഇറങ്ങുന്നത്.
ഐപിഎല്‍ 2025 പുരോഗമിക്കവേ 6 കളികളില്‍ നിന്ന് 4 ജയവുമായി 8 പോയിന്റ് നേടിയ ആര്‍സിബി ഇപ്പോള്‍ ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു കാര്യത്തിന് ഇപ്പോള്‍ ആര്‍സിബി വാര്‍ത്തകളില്‍ നിറയുകയാണ്. വിവാദപരമായ പ്രമോഷണല്‍ വീഡിയോയെ തുടര്‍ന്ന് ഊബര്‍ ഇന്ത്യയുമായുള്ള ആര്‍സിബിയുടെ നിയമപോരാട്ടം ഡല്‍ഹി ഹൈക്കോടതിയിലെത്തിയതിനെ തുടര്‍ന്നാണ് ഇത്.

രാജ്യത്തെ പ്രമുഖ ക്യാബ് അഗ്രിഗേറ്റര്‍മാരാണ് ഊബര്‍. ക്യാബ്, ഓട്ടോ, ബൈക്ക് ടാക്‌സി എന്നീ സേവനങ്ങള്‍ ഊബര്‍ നല്‍കുന്നുണ്ട്. ഇതില്‍ ബൈക്ക് ടാക്‌സികള്‍ക്കായുള്ള പരസ്യത്തില്‍ ഊബര്‍ തങ്ങളുടെ മുദ്രാവാക്യം അനധികൃതമായി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ആര്‍സിബി ഉടമകളായ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് നിയമനടപടിയുമായി കോടതിയെ സമീപിച്ചത്. ഊബര്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച 'ബാഡീസ് ഇന്‍ ബെംഗളൂരു' എന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്.
മുന്‍ ആര്‍സിബി കളിക്കാരനും ഇപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപണിംഗ് ബാറ്ററുമായ ട്രവിസ് ഹെഡ് ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് നുഴഞ്ഞുകയറുന്നതാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തില്‍ സ്ഥാപിക്കപ്പെട്ട ബെംഗളൂരു Vs ഹൈദരാബാദ് എന്ന പോസ്റ്ററില്‍ ഹെഡ് സ്‌പ്രേ പെയിന്റ് ചെയ്യുന്നതാണ് വിവാദമായത്. ബെംഗളൂരു എന്ന് എഴുതിയതിന് മുകളിലായി 'റോയലി ചലഞ്ച്ഡ്' എന്ന് ഹെഡ് സ്‌പ്രേ പെയിന്റ് ചെയ്ത ശേഷം സെക്യൂരിറ്റിക്കാരെ മറികടന്ന് ബൈക്ക് ടാക്‌സിയില്‍ കയറി രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് രക്ഷപ്പെട്ട് ഊബര്‍ മോട്ടോ ടാക്‌സിയില്‍ രക്ഷപ്പെടുന്ന ഹെഡ് 'ഹൈഡര്‍ബാദീസ്' എന്ന് പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്‌പോണ്‍സര്‍മാരില്‍ ഒന്ന് കൂടിയാണ് ഊബര്‍. പരസ്യത്തിന്റെ ഉള്ളടക്കം പരോക്ഷമായിട്ടാണെങ്കിലും തങ്ങളുടെ ബ്രാന്‍ഡിനെയാണ് സൂചിപ്പിക്കുന്നതെന്ന് ആര്‍സിബിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വീഡിയോയിലെ പ്രവൃത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐഡന്റിറ്റിയെ കളങ്കപ്പെടുത്താനും പരിഹസിക്കാനും മനഃപൂര്‍വമായ ശ്രമമാണെന്ന് അവര്‍ അവകാശപ്പെട്ടു.
നേരിട്ടുള്ള പരാമര്‍ശങ്ങളുടെ അഭാവമുണ്ടെങ്കിലും ഇതിനെ ഒരു തമാശയായി കരുതാനാകില്ലെന്നും അത് ട്രേഡ്മാര്‍ക്ക് ലംഘനമാണെന്നുമാണ് ആര്‍സിബി പറയുന്നത്. മറുവശത്ത് ആര്‍സിബി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ആരാധകരുടെ സൗഹൃദബോധത്തെയും ലാഘവത്വത്തെയും പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നര്‍മ്മം ഉദ്ദേശിച്ച് കൊണ്ട് ഈ ക്യാമ്പയിന്‍ വിഭാവനം ചെയ്തതെന്നാണ് ഊബര്‍ വാദിക്കുന്നത്.
ബെംഗളൂരുവിലെ കുപ്രസിദ്ധമായ ട്രാഫിക്കില്‍ ഏറ്റവും വേഗതയേറിയ യാത്രാ മാര്‍ഗമായ ഊബറിന്റെ ബൈക്ക് ടാക്‌സി സേവനം ഉപയോഗിച്ച് ആരാധകര്‍ക്ക് വേഗത്തില്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചേരാമെന്ന സന്ദേശം നല്‍കുന്ന തമാശ കലര്‍ന്ന പരസ്യം മാത്രമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നാണ് ഊബര്‍ വാദിച്ചത്. 'റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു' എന്നതിനെക്കുറിച്ച് വ്യക്തമായ പരാമര്‍ശമൊന്നും നടത്തിയിട്ടില്ലാത്തതിനാല്‍ ട്രേഡ്മാര്‍ക്ക് ലംഘന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഊബറിന്റെ അഭിഭാഷകന്‍ വാദിച്ചു,
'ബെംഗളൂരു vs ഹൈദരാബാദ്' എന്ന പരാമര്‍ശം ട്രേഡ്മാര്‍ക്ക് ലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്നും പരസ്യത്തിലെ തമാശയ്ക്കുള്ള പരിഹാസം ആര്‍സിബിയുടെ ബ്രാന്‍ഡ് ഐഡന്റിറ്റിയെ പ്രതികൂലമായി ബാധിക്കുന്നതിന് പകരം സൺറൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയും തമ്മിലുള്ള വീറും വാശിയും നിറഞ്ഞ മത്സരത്തെ ആലങ്കാരികമായി ചിത്രീകരിക്കാന്‍ സഹായിച്ചുവെന്നും ഊബറിന്റെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.
നിയമ ലംഘനങ്ങള്‍ ഇല്ലാതെ എങ്ങിനെ ബ്രാന്‍ഡുകള്‍ പ്രമോഷനല്‍ ക്യാമ്പയിനുകള്‍ നടത്താന്‍ കഴിയുമെന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ സങ്കീര്‍ണമായ വിഷയത്തില്‍ കോടതി എങ്ങനെ വിധി പറയുമെന്ന് കാണാന്‍ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ബെംഗളൂരു, ഹൈദരാബാദ് പോലുള്ള മെട്രോ നഗരങ്ങളില്‍ സജീവമായ ഊബര്‍ ബൈക്ക് ടാക്‌സില്‍ പക്ഷേ കേരളത്തില്‍ അത്ര പ്രചാരത്തിലില്ല. എന്നിരുന്നാലും വരും വര്‍ഷങ്ങളില്‍ മലയാളികളും അത് ഉപയോഗിച്ച് തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








