ഈ ബുള്ളറ്റ് ഊമയായിരിക്കും! ഇന്ത്യയിലെ ആദ്യ കസ്റ്റം ബിൽഡ് റോയൽ എൻഫീൽഡ് ഇവി
എക്സ്ഹോസ്റ്റിൽ നിന്നു വരുന്ന ആ ഒരു മുഴക്കം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ഒരു മോഡലാണ് ബുള്ളറ്റ് എന്നു നമുക്ക് നിസംശയം പറയാം. ബുള്ളറ്റ് പ്രേമികളുടെ ഹൃദയത്തിന്റെ താളം തന്നെ അതിന്റെ മുഴക്കമായിരുന്നു. എന്നാൽ പുതുതലമുറയിലേക്ക് വരുമ്പോൾ അവ കൂടുതൽ നിശബ്ദമാവുകയാണ്. വന്നു വന്ന് ഒരു നാൾ അവ നിശബ്ദമാവുമോ?
ലോകമെമ്പാടും പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇന്ന് ഇലക്ട്രിക്കിലേക്ക് ചേക്കേറുകയാണ്, ലംബോർഗിനി പോലും ഇനി ഇവിയിലേക്കാണ് ചുവടു വെയ്ക്കുന്നത്. കാതുകളിൽ തുളച്ചു കയറിയിരുന്ന ആ മാസ്മരിക ശബ്ദം ഇല്ലാതെ വളരെ സൈലന്റായ ഒരു ഇലക്ട്രിക് ബുള്ളറ്റിനെയാണ് ഞങ്ങൾ ഈ ലേഖത്തിൽ അവതരിപ്പിക്കുന്നത്.

അടുത്തിടെ, മിസ്റ്റർ റിക്കാർഡോയും സംഘവും നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് റോയൽ എൻഫീൽഡ് ബുള്ളറ്റ് കാണാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു. 2007 -ൽ പ്രവർത്തനം ആരംഭിച്ച രാജ്യത്തെ വളരെ പഴക്കം ചെന്ന കസ്റ്റമൈസേഷൻ ഷോപ്പുകളിൽ ഒന്നാണ് ബാംഗ്ലൂരിലെ പ്രശസ്തമായ ബുള്ളറ്റിയർ കസ്റ്റംസ്. അവരുമായി ഇടപഴകാനും ബൈക്കിനെക്കുറിച്ച് കുറച്ചുകൂടി വിശദമായി അറിയാനും ഞങ്ങൾക്ക് സാധിച്ചു.
ഇതൊരു സ്പെഷ്യൽ മോട്ടോർസൈക്കിളാണ്, റിക്കാർഡോയ്ക്ക് തന്റെ പിതാവ് സമ്മാനിച്ചതാണിത്. ഈ 1984 റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ് മോഡൽ ഉപയോഗിച്ചാണ് ഇലക്ട്രിക് റോയൽ എൻഫീൽഡ് നിർമ്മിച്ചിരിക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും, ഒരിക്കലും ഈ മോട്ടോർസൈക്കിളിൽ കൈയ്യിൽ നിന്ന് വിട്ടുകളയാൻ അദ്ദേഹത്തിന് മനസില്ലായിരുന്നു, അതിനാൽ റിക്കാർഡോ തനിക്കുള്ളതിൽ നിന്ന് ആധുനിക യുഗത്തിന് അനുയോജ്യമായ ഒരു പ്രൊഡക്ടിന് രൂപം നൽകി, ആരുടേയും കണ്ണഞ്ചിപ്പിക്കുന്ന ഒരു ഇലക്ട്രിക് ബോബറാക്കി വാഹനത്തെ മാറ്റി.

ഷാസി മുതൽ മോട്ടോർ വരെ, ബുള്ളറ്റിയർ കസ്റ്റംസും അവരുടെ ടീമും ഒരു സമ്പൂർണ്ണ കലാസൃഷ്ടിയ്ക്കായി അഹോരാത്രം പ്രവർത്തിച്ചു. ഷാസിയിൽ നിന്ന് നീക്കം ചെയ്ത എഞ്ചിന്റെ സ്ഥാനത്താണ് പുതിയ പവർ സോഴ്സായ 72V ബാറ്ററി പായ്ക്ക് ഫിറ്റ് ചെയ്തിരിക്കുന്നത്. അത് കൂടാതെ ഒരു 5kW റിയർ ഹബ് മോട്ടോറും ലഭിക്കുന്നു. ഫുൾ ചാർജിൽ സൗമ്യമായ റൈഡിംഗ് ശൈലിയിൽ 90 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് നൽകുന്നു എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
ഈ ഇലക്ട്രിക് ബോബറിന്റെ പെർഫോമെൻസും ഹാൻഡ്‌ലിംഗും നുഭവിച്ചറിയാൻ ഒരു റൈഡിനായി ഇ-ബുള്ളറ്റിനെ ഞങ്ങൾക്ക് മിസ്റ്റർ റിക്കാർഡോ വിട്ടു തന്നു. റൈഡ് , തികച്ചും ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു! മണിക്കൂറിൽ 65-75 കിലോമീറ്റർ വേഗത വളരെ ഈസിയായി നിലനിർത്താൻ ഇതിന് കഴിയും, എന്നിരുന്നാലും ഇവിയുടെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 90 കിലോമീറ്ററാണെന്ന് ബുള്ളറ്റിയർ കസ്റ്റംസ് അവകാശപ്പെടുന്നു.

റൈഡ് ഫീലിന്റെ കാര്യത്തിലും, ഇലക്ട്രിക് ബൈക്ക് ഒട്ടും പിന്നിലല്ല! വാഹനത്തിന്റെ ഹാൻഡ്‌ലിംഗും റൈഡിംഗ് പൊസിഷനും വളരെ കംഫർട്ടബിളായരുന്നു, ചെറിയ ദൂരത്തേക്ക് മാത്രമാണ് ഞങ്ങൾ ഇത് ഓഡിച്ചത്, ലോംഗ് റൈഡിന്റെ കാര്യത്തിൽ ഇപ്പോൾ കമന്റുകൾ ഒന്നുമില്ല. അടുത്തതായി റോഡ് സ്റ്റാൻസിലേക്ക് വരുമ്പോൾ, ബൈക്ക് ആരേയും ആകർഷിക്കുന്നതാണ്! കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരുടേയും ശ്രദ്ധ ഇത് നേടുന്നു.
ഇലക്ട്രിക് ബൈക്കിന്റെ ഡിസൈനിലേക്ക് നീങ്ങുമ്പോൾ, വളരെ മികച്ചതും മനോഹരവുമായ നിയോ-റെട്രോ ബോബറിൽ നമ്മൾ ആദ്യം കാണുന്നത് ബ്ലാക്ക്, റെഡ്, വൈറ്റ് എന്നിവ ചേർന്നുള്ള കളർ കോമ്പിനേഷനാണ്. മോട്ടോർസൈക്കിളിന് സിംഗിൾ സീറ്റ് മാത്രമേയുള്ളൂ, ഫുട്‌പെഗുകൾ മുന്നിലേക്ക് നീക്കിയാണ് സെറ്റ് ചെയ്തിരിക്കുന്നത്, കഫേ-റേസർ ശൈലിയിലുള്ള ഡിസൈൻ കാരണം സെമി-സ്പോർട്ടി സജ്ജീകരണവും, ഒരു സെമി-റിലാക്‌സ്ഡ് പൊസിഷനും മോട്ടോർസൈക്കിളിന് ലഭിക്കുന്നു.

കൂടാതെ, ടാങ്കിലും മോട്ടോർസൈക്കിളിന്റെ മുൻവശത്തും, റെഡ് കളറിൽ 'ഗ്യാസോലിൻ' എന്ന സ്റ്റിക്കറിംഗ് നമുക്ക് കാണാൻ കഴിയും, അത് വാഹനത്തെ വേറിട്ട് നിർത്തുന്നു. അതോടൊപ്പം നിയോ-റെട്രോ ഇലക്ട്രിക് ബൈക്കിൽ ഒരു ആക്ഷേപഹാസ്യ ഘടകം നൽകുകയും ചെയ്യുന്നു. ഇതൊരു കസ്റ്റം ബിൾഡ് ബൈക്ക് ആയതിനാൽ, ഇതിന്റെ വില എത്രയാണ് എന്ന് ചോദ്യം ഉയർന്നേക്കാം?
ഒരാഴ്ചയ്ക്കുള്ളിൽ റണ്ണിംഗ് കണ്ടീഷനിലേക്ക് എത്തിയ ബൈക്കിന് ചെലവായത് 2.5 ലക്ഷം രൂപയായിരുന്നു. നിർമാണം പൂർത്തിയായപ്പോൾ ആകെ ചെലവ് ഏകദേശം മൂന്ന് ലക്ഷം രൂപയോളം ആയി. എന്നിരുന്നാലും, നമ്മുക്ക് സന്തോഷം നൽകുന്ന ഒരു കാര്യത്തിനായി മുടക്കുന്നത് എന്തും പോക്കറ്റിന് ഒരു ഭാരമാവില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം.

ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം: ഇന്ത്യയിലെ ആദ്യത്തെ ഈ ഇലക്ട്രിക് റോയൽ എൻഫീൽഡ് ബുള്ളറ്റ് യഥാർത്ഥത്തിൽ ബുള്ളറ്റിയർ കസ്റ്റംസിൽ നിന്നും പകരംവെയ്ക്കാനാവാത്ത ഒരു കലാസൃഷ്ടിയാണ്. ഡിസൈൻ മുതൽ പവർട്രെയിൻ വരെ എല്ലാം ആലോചിച്ചും വിശദമായി പരിശോധിച്ചുമാണ് സെറ്റ് ചെയ്തത്. ഇലക്ട്രിക് ബുള്ളറ്റിന്റെ നിയോ-റെട്രോ ഡിസൈൻ തീർച്ചയായും നമ്മൾ കാണുന്ന മറ്റ് വാഹനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ഒന്നു തന്നെയാണ്.


Click it and Unblock the Notifications








