കമ്പം അറിഞ്ഞ് എൻഫീൽഡ് തന്നെയെത്തി; ബുള്ളറ്റ് മെക്കാനിക്ക് പരമ്പരയ്ക്ക് കോട്ടയത്ത് നിന്ന് ഒരു ഇളമുറക്കാരി
ഇക്കാലത്ത് ബൈക്ക് ഓടിക്കുന്ന ഒരു പെൺകുട്ടി എന്നത് വലിയ അതിശയം ഒന്നുമല്ല, നോർമൽ കമ്മ്യൂട്ടർ മോഡലുകൾ മുതൽ അത്യാവശം മികച്ച പെർഫോമെൻസ് നൽകുന്ന കെടിഎം ഡ്യൂക്കുകളും, ബുള്ളറ്റുകൾ പോലും അനായാസം കൊണ്ടു നടക്കുന്ന പെൺകുട്ടിളാണ് ഇന്നത്തെ തലമുറയിലുള്ളത്. ആഗ്രഹവും പ്രാക്ടീസുമുണ്ടെങ്കിൽ ഏത് ബൈക്കും നമുക്ക് റൈഡ് ചെയ്യാനാവും.
എന്നാൽ ബൈക്കുകൾ നന്നാക്കുക എന്നത് അല്പം സ്കിൽ വേണ്ട പണിയാണ്, അതും ബുള്ളറ്റുകൾ പോലെയുള്ള ഐതിഹാസിക മോഡലുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ സ്കിൽ മാത്രമല്ല ഒരല്പം പാഷൻ കൂടെ വേണം. അത്തരത്തിൽ നിറഞ്ഞ പാഷനും അതോടൊപ്പം തന്നെ സ്കില്ലുമുള്ള കോട്ടയത്തിന്റെ സ്വന്തം ദിയ ജോസഫ് എന്ന 21 -കാരിയേയും താൻ കൈവരിച്ച നേട്ടത്തേയും കുറിച്ചാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്.

ലോക പ്രശസ്ത മോട്ടോർസൈക്കിൾ ബ്രാൻഡായ റോയൽ എൻഫീൽഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മെക്കാനിക്ക് എന്ന ഔദ്യോഗിക പദവി കരസ്ഥമാക്കിയിരിക്കുകയാണ് ഈ കോട്ടയംകാരി. അച്ഛനിൽ നിന്ന് പകർന്നു കിട്ടിയ ബുള്ളറ്റ് കമ്പമാണ് ദിയയെ ഇന്ന് ഈ നിലയിൽ എത്തിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാം.
തന്റെ ബുള്ളറ്റ് കമ്പം അറിഞ്ഞ് റോയൽ എൻഫീൽഡ് നേരിട്ട് ദിയയ്ക്ക് തങ്ങളുടെ ചെന്നൈ ഫാക്ടറിയിൽ ജോലി ഓഫർ ചെയ്യുകയായിരുന്നു. കുട്ടിക്കാലം മുതൽ മെക്കാനിക്കായിരുന്ന അച്ഛന്റെ അടുത്ത് അറ്റകുറ്റം മാറ്റാൻ എത്തിയിരുന്ന ബുള്ളറ്റുകളുടെ ഗുഡു ഗുഡു ശബ്ദവും ആ താളവും ദിയയുടെ മനസിൽ ഇടം പിടിച്ചിരുന്നിരിക്കാം.

എന്നിരുന്നാലും പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് വർക്ക്ഷോപ്പിൽ എത്തുന്ന വാഹനങ്ങളുടെ തകരാറുകൾ എന്തെല്ലാം എന്ന് നോട്ട് ചെയ്യാൻ അച്ഛൻ ദിയയെ ഏൽപ്പിച്ചത്, ഇന്നതെ ടു-വീലർ ഷോറൂമുകളിൽ നമ്മുടെ സർവ്വീസ് അഡ്വൈസർമാർ ചെയ്യുന്നതു പോലെ. ബുള്ളറ്റുകളുടെ മെക്കാനിക്കലുകളിൽ കൗതുകം തോന്നിയ ദിയ പതിയെ അറ്റകുറ്റ പണികൾ പഠിക്കാൻ തുടങ്ങി.
മെക്കാനിക്കൽ ജീവിതത്തിലെ ആദ്യ നാളുകൾ ചെറിയ വയറിംഗ് പണികളിലാണ് ആരംഭിച്ചത്, എങ്കിലും അധികം താമസമില്ലാതെ തന്നെ ഒരു ബുള്ളറ്റ് സർജൻ എന്ന നിലയിൽ ഏതു വലിയ തകരാർ പോലും വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാനും പോംവഴി കണ്ടെത്താനും നന്നാക്കാനും ദിയ പഠിച്ചു എന്നതാണ് ശ്രദ്ധേയം.

വാഹനം ഓടിക്കാൻ നമുക്ക് എല്ലാവർക്കും അറിയാം, എന്നാൽ ഓടിക്കുന്ന വാഹനത്തിന് ഒരു തകരാർ പറ്റിയാൽ ഓം ശാന്തി ഓശാന സിനിമയിലെ ഡോക്ടറിനെ പോലെ ബോണറ്റോ സ്റ്റാൻഡോ ഇട്ട് ആകാശത്തേക്ക് നോക്കി നിൽക്കാനെ നമ്മിൽ ഭൂരിഭാഗം പേർക്കും അറിയൂ. എന്നാൽ ബുള്ളറ്റ് ഓടിക്കുന്നതിനൊപ്പം അത് നന്നാക്കാനും അറിയണം എന്നതായിരുന്നു ദിയയുടെ ആഗ്രഹം.
അങ്ങനെയിരിക്കെയാണ് പിറന്നാൽ സമ്മാനമായി അച്ഛൻ ഒരു റോയൽ എൻഫീൽഡ് തണ്ടർബേർഡ് കൂടെ അങ്ങ് സമ്മാനിച്ചത്. ഇത് ദിയയുടെ ബുള്ളറ്റ് കമ്പത്തിന് പുത്തൻ ചിറകുകളേകി എന്ന് തന്നെ പറയാം. നിലവിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിനെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയാണ് ദിയ.

ക്യാമ്പസിലെ ബുള്ളറ്റിൽ എത്തുന്ന മെക്ക് റാണി എന്ന നിലയിൽ നിന്ന് വലിയ ഒരു അംഗീകാരം തന്നെയാണ് ഈ കൊച്ചു മിടുക്കി കരസഥമാക്കിയിരിക്കുന്നത് എന്ന് നിസംശയം പറയാം. തന്റെ പഠനം പൂർത്തിയാക്കിയതിനു ശേഷം റോയൽ എൻഫീൽഡ് നൽകിയിരിക്കുന്ന ഓഫർ സ്വീകരിച്ച് ഫാക്ടറിയിൽ ജോയിൻ ചെയ്യാനാണ് ദിയയുടെ തീരുമാനം.
ഫാക്ടറി ജോലികൾ പുരുഷന്മാർക്ക് മാത്രം എന്ന അവസ്ഥ മാറിയിരിക്കുകയാണ്, ഇന്ന് ഓല, ഏഥർ പോലെയുള്ള മോഡേൺ മുൻനിര വാഹന നിർമ്മാതാക്കളുടെ പ്ലാന്റുകളിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. മോഡേൺ മെഷീനുകളുടേയും മറ്റും സഹായത്തോടെ വളരെ അനായാസമായി ഇന്ന് ഈ ജോലികൾ സ്ത്രീകളും ചെയ്യുന്നു.


Click it and Unblock the Notifications








