ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റില്ലേ? ഏമാന്‍മാര്‍ 'പണി' തുടങ്ങിയിട്ടുണ്ട്
പണ്ട് പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ ശേഷം ഉടമ തന്നെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയായിരുന്നു ചെയ്ത് വന്നിരുന്നത്. എന്നാല്‍ അടുത്ത കാലത്താണ് പുതിയ വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റുകള്‍ (HSRP) അധികാരികള്‍ കര്‍ശനമാക്കിയത്. വാഹനത്തിന്റെയും ഉടമയുടേയും സകല വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍.
2019-മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. പുതിയ വാഹനങ്ങളില്‍ മാത്രമല്ല പഴയ വാഹനങ്ങളിലും ഹൈസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഒഡീഷയടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പഴയ വാഹനങ്ങള്‍ക്കും അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പഴയ വാഹനങ്ങളിലും ഹെസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുന്നതെന്നാണ് സൂചന.

ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കുന്ന നമ്പര്‍ പ്ലേറ്റുകളായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനെ കുറിച്ച് മുമ്പ് പറഞ്ഞത്. എന്നാല്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളെ കുറിച്ചുള്ള വളരെ സുപ്രധാന വാര്‍ത്തകളില്‍ ഒന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ 5,000 രൂപ പിഴ ചുമത്താന്‍ തുടങ്ങി. ഒഡീഷയിലും നടപടി കര്‍ശനമാക്കി തുടങ്ങിയിട്ടുണ്ട്.
ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് നോയിഡ ട്രാഫിക് പൊലീസിന്റെ തീരുമാനം. അത് നടപ്പിലാക്കാനും അധികൃതര്‍ നീക്കം തുടങ്ങി. നോയിഡക്കൊപ്പം തന്നെ ഗാസിയാബാദിലും സമാനമായ ഒരു യജ്ഞം നടത്താനാണ് തീരുമാനം. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനം നിരത്തിലിറക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്താന്‍ ഉന്നത അധികാരികള്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ഇന്ത്യയില്‍ അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. വാഹനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മോഷണം തടയുന്നതിനുമായിട്ടാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കര്‍ശനമാക്കിയത്.
വിവിധ വിഭാഗങ്ങളിലായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ HSRP ഘടിപ്പിക്കുന്നതിന് പ്രത്യേക കാലപരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നുവെന്നും ആ കാലയളവ് വ്യാഴാഴ്ച (ഫെബ്രുവരി 15) അവസാനിച്ചതായും യുപി ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി എഡിജിപി അനുപം കുല്‍ശ്രേഷ്ഠ പൊലീസ് മേധാവികള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശം പാലിക്കുമെന്നും ഫെബ്രുവരി 16 മുതല്‍ HSRP ഇല്ലാത്ത എല്ലാ വാഹനങ്ങള്‍ക്കും നമ്പര്‍ പ്ലേറ്റ് തകരാറുകള്‍ക്ക് 5,000 രൂപ പിഴ ചുമത്തുമെന്നും നോയിഡ ട്രാഫിക് ഡിസിപി അനില്‍ കുമാര്‍ യാദവ് പറഞ്ഞു. HSRP ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താന്‍ ഗതാഗത സഹമന്ത്രി (സ്വതന്ത്ര ചുമതല) ദയാശങ്കര്‍ സിംഗ് വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചും നമ്പര്‍ പ്ലേറ്റ് മാറ്റിയും വാഹനങ്ങള്‍ ഓടുന്നതായി പരാതികള്‍ ഉയരുന്നുണ്ടെന്നും പരിശോധന യജ്ഞങ്ങള്‍ക്കായി പൊലീസിന്റെ സഹായം തേടാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രി അറിയിച്ചു. നിങ്ങളുടെ വാഹനത്തിന്റെ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് കളഞ്ഞ് പോകുകയോ കേടാവുകയോ ചെയ്താല്‍ സാധാരണ നമ്പര്‍ പ്ലേറ്റ് പോലെ കടയില്‍ ചെന്ന് മാറാന്‍ സാധിക്കില്ല.
അതിന് ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം HSRP നഷ്ടമായാല്‍ ഉടമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ്.പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിന് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയും ചെയ്യണം. പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കേണ്ടത് വാഹന ഡീലര്‍മാരാണ്. ഏതെങ്കിലും തരത്തിലുള്ള അപകടത്തിലോ മറ്റോ നമ്പര്‍പ്ലേറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പഴയത് ഹാജരാക്കി പുതിയവ നേടാവുന്നതാണ്.
എന്നാല്‍ ഇതിന് നമ്മള്‍ വേറെ പണം നല്‍കണം. അതിനൊപ്പം കേടുപാടുകള്‍ സംഭവിച്ച നമ്പര്‍പ്ലേറ്റിന്റെ വിശദാംശങ്ങള്‍ പരിവാഹന്‍ വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യണം. മാറ്റിസ്ഥാപിക്കുന്ന നമ്പര്‍പേറ്റുകള്‍ക്കായി ഡീലര്‍മാര്‍ പ്രത്യേക രജിസ്റ്ററും സൂക്ഷിക്കണമെന്നാണ് ചട്ടം. ഇരുചക്രവാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ആണ് കേട്പാട് സംഭവിച്ചതെങ്കില്‍ നമ്പര്‍ പ്ലേറ്റുകള്‍ മാത്രമായി മാറി കിട്ടും. എന്നാല്‍ കാറില്‍ ഇങ്ങനെ അല്ല. കാറിന്റെ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റിന്റെ ഭാഗമാണ് മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കര്‍.
നമ്പര്‍പ്ലേറ്റുകളുടെ സീരിയല്‍ കോഡുകള്‍ ഇവയില്‍ ഇംപ്രിന്റ് ചെയ്തിരിക്കുന്നു. അതിനാല്‍ നമ്പര്‍പ്ലേറ്റുകള്‍ മാറുന്നതിനൊപ്പം ഈ സ്റ്റിക്കറുകളും മാറ്റണം. ഇനി കാറിന്റെ ഗ്ലാസ് മാറ്റേണ്ടി വന്നാല്‍ സ്റ്റിക്കര്‍ വീണ്ടും പതിപ്പിക്കേണ്ടതാണ്.


Click it and Unblock the Notifications








