4.18 കോടി രൂപയുടെ ഉറൂസ് S സ്വന്തം; ഒടുവില്‍ ലംബോര്‍ഗിനി ഉടമയായി സച്ചിനും
ഹൈ-എന്‍ഡ് കാറുകളുടെ കമനീയ ശേഖരമുള്ള സെലിബ്രിറ്റികളില്‍ ഒരാളാണ് ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അടുത്ത കാലത്താണ് ലംബോര്‍ഗിനി ഉറൂസ് S ലക്ഷ്വറി സ്‌പോര്‍ട്‌സ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ആഢംബരത്തിനും കസ്റ്റമൈസേഷന്‍ ഓപഷനുകള്‍ക്കും മുന്‍ഗണന നല്‍കി ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന പുതുപുത്തന്‍ കാര്‍ കൂടി തന്റെ ഗരാജിന് അലങ്കാരമാക്കി മാറ്റിയിരിക്കുകയാണ് സച്ചിനിപ്പോള്‍.
ആഡംബരത്തിന്റെയും കസ്റ്റമൈസേഷന്റെയും മികച്ച സംയോജനമായി മാറുന്ന കാറിന് 4.18 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഈ മോഡല്‍ സമാനതകളില്ലാത്ത ഡ്രൈവിംഗ് എക്‌സ്പീരിയന്‍സാണ് ഉടമകള്‍ക്ക് സമ്മാനിക്കുന്നത്. പുതിയ ലംബോര്‍ഗിനി ഉറൂസ് S കാറില്‍ സച്ചിന്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില യൂട്യൂബ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലക്ഷ്വറി എസ്‌യുവിയുടെ പുത്തന്‍ പതിപ്പിന്റെ ഉടമയാകുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി സച്ചിനാണെന്നാണ് കരുതപ്പെടുന്നത്.

ഇറ്റലിയില്‍ നിന്ന് കടല്‍ കടന്നെത്തിയ ഈ മാസ്റ്റര്‍പീസിന്റെ സവിശേഷതകളില്‍ ആകൃഷ്ടരാകാതിരിക്കുന്നവര്‍ കുറവായിരിക്കും. അതിന്റെ അതുല്യമായ സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് പെര്‍ഫോര്‍മന്റെ വേരിയന്റില്‍ നിന്ന് ഉറൂസ് S-നെ വേറിട്ടുനിര്‍ത്തുന്നത്. അസാധാരണമായ ഹാന്‍ഡ്‌ലിംഗിനായി രൂപകല്‍പ്പന ചെയ്ത ലോവേര്‍ഡ് ഫിക്‌സ്ഡ് കോയില്‍ സസ്പെന്‍ഷന്‍ സജ്ജീകരണമാണ് പെര്‍ഫോര്‍മന്റെ എഡിഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനവുമായി എത്തുന്ന ഉറൂസ് S സമാനതകളില്ലാത്ത യാത്രാസുഖവും കംഫര്‍ട്ടും യാത്രികര്‍ക്ക് നേരുന്നു.
പെര്‍ഫോമന്റെയേക്കാള്‍ 4 ലക്ഷം രൂപ കുറവാണ് ഉറൂസ് S-ന്. നവീകരിച്ച ബമ്പറും കൂളിംഗ് വെന്റുകളാല്‍ അലങ്കരിച്ച ബോണറ്റും കാറിന്റെ എക്‌സ്റ്റീരിയറില്‍ ഒരു സ്പോര്‍ട്ടിയര്‍ പ്രഭ തീര്‍ക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയുടെ ലംബോര്‍ഗിനിയുടെ അതേ നിറമാണ് സച്ചിന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ക്യാബിനിനുള്ളിലേക്ക് കടന്നാല്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നത്. ഇത് അല്‍കന്റാര ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലംബോര്‍ഗിനിയുടെ അകത്തളം ഏത് മെറ്റീരിയല്‍ കൊണ്ടാണ് അലങ്കരിച്ചതെന്ന കാര്യം നമുക്ക് കൃത്യമായി അറിയില്ല. 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസ് S-ന് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ 666 bhp പരമാവധി കരുത്തും 850 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 3.5 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെ നാല് ചക്രങ്ങളിലേക്കും അനായാസമായി പവര്‍ കൈമാറുന്നു. ഇത് മൂന്ന് ഓഫ് റോഡ് മോഡുകളും വാഗ്ദാനം ചെയ്യുന്നു.

വിവിധ ഭൂപ്രദേശങ്ങളില്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി സബ്ബിയ (മണല്‍), നീവ് (സ്‌നോ), ടെറ (മഡ്) എന്നിവയാണ് ഉറൂസ് S-ല്‍ സജ്ജീകരിച്ചിരിക്കുന്ന ഓഫ്-റോഡ് മോഡുകള്‍. സച്ചിന്റെ ഗരാജിലെത്തുന്ന ആദ്യത്തെ ലംബോര്‍ഗിനി കാര്‍ ആണ് ഇത്. കളിക്കളത്തിനകത്തും പുറത്തും സൗമ്യനാണെങ്കിലും ഹൈ-എന്‍ഡ് കാര്‍ ശേഖരത്തിന്റെ കാര്യത്തില്‍ അദ്ദേഹം വേറെ ലെവലാണ്. പോര്‍ഷെ കയെന്‍ ടര്‍ബോ പേലുള്ള അടിപൊളി മോഡലുകള്‍ ഇതിനോടകം സച്ചിന്‍ സ്വന്തം േപരിലാക്കിയിരുന്നു.
പോര്‍ഷെക്ക് പുറമെ ബിഎംഡബ്ല്യു ബ്രാന്‍ഡിനോടും സച്ചിന് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഒരുപിടി ആഡംബര കാറുകള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവയാണ്. ബിഎംഡബ്ല്യു 7- സീരീസ് Li, ബിഎംഡബ്ല്യു X5M, ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു 5-സീരീസ് എന്നിവയുടെ ഏറ്റവും പുതിയ മോഡലുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ബിഎംഡബ്ല്യു X5M ഇറക്കുമതി ചെയ്ത് ജര്‍മന്‍ കാറുകളോടുള്ള തന്റെ ഇഷ്ടം സച്ചിന്‍ പരസ്യമാക്കിയിരുന്നു. ലംബോര്‍ഗിനി ഉറൂസ് S-ന്റെ വരവോട് കൂടി ലിറ്റില്‍ മാസ്റ്ററുടെ അതുല്യ കാര്‍ ശേഖരം വീണ്ടും വലുതാവുകയാണ്. ഓരോ പുത്തന്‍ കാറുകളുടെ കൂട്ടിച്ചേര്‍ക്കലുകളിലൂടെയും ക്രിക്കറ്റിനു പുറമെ തന്റെ മറ്റൊരു പ്രണയം വാഹനങ്ങളോടാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
Source: Team BHP


Click it and Unblock the Notifications








