പുതിയ Mercedes Benz S-ക്ലാസ് സ്വന്തമാക്കി സെയ്ഫും കരീനയും; വില രണ്ട് കോടിയോളം
ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും അവരുടെ കാര്‍ ശേഖരം വിപുലീകരിച്ചു. കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇരുവരും തങ്ങളുടെ ഗാരോജിലെ പുതിയ അതിഥിയെ സ്വീകരിച്ചത്. കരീന കപൂര്‍ തന്റെ ഇളയ മകന്‍ ജെഹാംഗീറിനൊപ്പം കാര്‍ അനാച്ഛാദനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

മുംബൈയില്‍ ഓണ്‍റോഡ് വില ഏകദേശം 1.95 കോടി രൂപ വരുന്ന മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് S350d ആണ് ദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ സിക്‌സ് സിലിണ്ടര്‍ എഞ്ചിനുമായെത്തുന്ന ഏറ്റവും പുതിയ S-ക്ലാസ് S350d ആണിത്. ഇത് പരമാവധി 282 bhp കരുത്തും 600 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് കാറിന് ലഭിക്കുന്നത്. ഇത് ഒരു ആഡംബര സെഡാന്‍ ആണെങ്കിലും ഒരു ഡ്രൈവറാണ് കൂടുതലും ഓടിക്കുന്നത്. എന്നാല്‍ ഇവന്‍ വേഗത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഔദ്യോഗിക കണക്കുകള്‍ പ്രകാരം S-ക്ലാസ് S350d-ക്ക് വെറും 6 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ S-ക്ലാസ് വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട്, സൈഡ്-ഇംപാക്ട് ഒഴിവാക്കല്‍, ലെയ്ന്‍-അസിസ്റ്റ് സിസ്റ്റം എന്നിവയടക്കമുള്ള സുരക്ഷാ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ക്രോസ്വിന്‍ഡ് അസിസ്റ്റും ബ്ലൈന്‍ഡ്-സ്പോട്ട് മോണിറ്റര്‍, എട്ട് എയര്‍ബാഗുകള്‍, പ്രീ-സേഫ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയയടക്കം നിരവധി നൂതന ഫീച്ചറുകളും ഇതിലുണ്ട്.

പുറംഭാഗം നോക്കുകയാണെങ്കില്‍ ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, കൂടാതെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ പോലെയുള്ള മറ്റെല്ലാ ലൈറ്റിംഗുകളും ഉള്‍പ്പെടുന്ന ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സംവിധാനത്തോടെയാണ് ഇത് വരുന്നത്. ലേസര്‍ കട്ട് 18 ഇഞ്ച് അലോയ് വീലുകളാണ് സെഡാന് നല്‍കിയിരിക്കുന്നത്. പ്രീമിയം ലുക്ക് നല്‍കാന്‍ ബോഡിയില്‍ ധാരാളം ക്രോം ഘടകങ്ങള്‍ നല്‍കിയിരിക്കുന്നു.

സോഫ്റ്റ്-ടച്ച് പാനലുകളുള്ള കാബിനാണ്. നീളമുള്ള വീല്‍ബേസ് ഉള്ളില്‍ നല്ല സ്ഥലമുണ്ടെന്ന് ഉറപ്പാക്കുന്നു. യാത്രയ്ക്കിടയില്‍ വീഡിയോയും സംഗീതവും പ്ലേ ചെയ്യാന്‍ ഉപയോഗിക്കാവുന്ന പിന്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളും ഇതിലുണ്ട്. യാത്രക്കാര്‍ക്കായി രണ്ട് പ്രത്യേക സ്‌ക്രീനുകളും ഒരുക്കിയിരിക്കുന്നു.

കരീനയുടെ ആദ്യ S-ക്ലാസ് അല്ല ഇത്
കരീന കപൂര്‍ ഇതിനോടകം തന്നെ ഒരു S-ക്ലാസ് S350d സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്ത ഒരു പഴയ മോഡലാണ്. ഗാരേജില്‍ നിന്ന് പഴയ മോഡല്‍ ഒഴിവാക്കുമോ അതോ രണ്ടും ഒരുമിച്ച് ഉപയോഗിക്കുമോ എന്ന കാര്യം ഉറപ്പില്ല.

കഴിഞ്ഞ മാസം പുതിയ മെര്‍സിഡീസ് ബെന്‍സ് EQS ലോഞ്ച് പരിപാടിയില്‍ കരീന പങ്കെടുത്തിരുന്നു. ലോഞ്ചിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ കാര്‍ തിരഞ്ഞെടുപ്പും അഭിപ്രായങ്ങളും അവര്‍ രേഖപ്പെടുത്തിയിരുന്നു.

ഒരു നടിയായി മാറിയ ശേഷം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മെര്‍സിഡീസ് ബെന്‍സാണ് ഉപയോഗിച്ചതെന്നാണ് അവര്‍ വ്യക്തമാക്കിയത്. മെര്‍സിഡീസ് EQS ഒരു ശ്രദ്ധേയ കാറാണെന്നും എന്നെങ്കിലും അത് സ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂരിപക്ഷം ബോളിവുഡ് താരങ്ങളെയും പോലെ കരീന കപൂറിനും വലിയൊരു കാര്‍ ശേഖരം ഉണ്ട്. സമീപകാലത്ത് ബെന്‍സിന്റെ S-ക്ലാസ്, E-ക്ലാസ് സെഡാനുകളുടെ മുന്‍ തലമുറ പതിപ്പുകള്‍ അവര്‍ സ്വന്തമാക്കിയിരുന്നു. ഇവക്ക് പുറമേ കരീനയ്ക്ക് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഔഡി Q7, ലെക്സസ് LX 470, ബിഎംഡബ്ല്യു 7-സീരീസ് എന്നിവയും ഉണ്ട്.


Click it and Unblock the Notifications








