ക്ലോസ് റേഞ്ചിൽ വെടിവെച്ചാലും ഉണ്ട കയറൂല്ല, സഞ്ചാരം വിലകൂടിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി സല്ലു ഭായ്
പുതിയതായി ഉയർന്ന അടുത്ത വധഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ വീണ്ടും കനത്ത സുരക്ഷയിലാണ്. തന്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ദുബായിൽ നിന്ന് അദ്ദേഹം ഒരു പുതിയ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ എസ്‌യുവി കൂടെ ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് അദ്ദേഹത്തിന് ഇന്ത്യയിലുള്ള വാഹന നിരയിലെ രണ്ടാമത്തേതാണ് ഇത്. യുഎഇയിൽ പട്രോൾ വാങ്ങാനും അത് ഉടൻ തന്നെ ഇന്ത്യയിലേക്ക് ഷിപ്പ് ചെയ്യാനും അദ്ദേഹത്തിന് നല്ലൊരു തുക ചിലവായിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.
താരത്തിന്റെ അടുത്ത സുഹൃത്തായിരുന്ന NCP നേതാവ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ സുരക്ഷാ ആശങ്ക ഉയരുന്നത് എന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ 12 -ന് മുംബൈയിലെ നീലംനഗർ ഏരിയയിലുള്ള മകൻ സീഷൻ സിദ്ദിഖിൻ്റെ ഓഫീസിന് പുറത്ത് ആയുധധാരികളായ മൂന്ന് പേർ സിദ്ദിഖിനു നേരെ വെടിയുതിർക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ കൊലപാതകം രാഷ്ട്രീയ വൃത്തങ്ങളെ മാത്രമല്ല, എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയേയും കാര്യമായി ഇളക്കിമറിച്ചിരിക്കുകയും ആശങ്കയിലാക്കുകയും ചെയ്തിരിക്കുകയാണ്. സൽമാൻ ഖാൻ, ഒരു സെലിബ്രിറ്റിയും ബാബയുടെ അടുത്ത സുഹൃത്തും ആയതിനാൽ ആശങ്കയുടെ തോത് അല്പം കൂടുതലാണ്. ബിഷ്‌ണോയി സംഘത്തിന് അദ്ദേഹത്തിനെതിരെ വിരോധമുണ്ട് എന്ന കാര്യം രഹസ്യവുമല്ല.
അതിനാൽ തന്നെ സൂപ്പർ താരത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം അതായത് നിസാൻ പട്രോൾ ഇറക്കുമതി ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ പട്രോൾ എന്ന മോഡൽ നിസാൻ വിൽക്കുന്നില്ല. വാഹനത്തിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ട് കോടിയോളം വില വരും.

വാഹനത്തിലെ അധിക കവചം/ ആർമർ അല്ലെങ്കിൽ സുരക്ഷാ മോഡിഫിക്കേഷനുകളുടെ വിലയും ഇംപോർട്ട് ചാർജുകളും അധികമായിരിക്കും. തൻ്റെ ഓഫീസിലേക്കും ബിഗ് ബോസിൻ്റെ സെറ്റുകളിലേക്കും മറ്റ് സ്വകാര്യ യാത്രകൾക്കും ദൈനംദിനം യാത്ര ചെയ്യാനും സൽമാൻ പുതിയ എസ്‌യുവി ഉപയോഗിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്തുകൊണ്ടാണ് നിസാൻ പട്രോൾ എന്ന് ചോദ്യം ഉയർന്നേക്കാം? സൽമാൻ ഖാൻ നിസാൻ പട്രോൾ തിരഞ്ഞെടുത്തത് വെറും യാദൃശ്ചികമായ ഒന്നല്ല. ലോക നേതാക്കളോ ബിസിനസ് മുതലാളിമാരോ മറ്റ് VIP കളോ എന്നിങ്ങനെ ഉയർന്ന നിലവാരമുള്ള ടോപ്പ് ക്ലാസ് വ്യക്തിത്വങ്ങളുടെ മുൻനിര സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിനാണ് ഈ വാഹനം പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
പൂർണ്ണമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുമായി വരുന്ന ഇതിന് പോയിൻ്റ് -ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെ പോലും ഫലപ്രദമായി നേരിടാൻ കഴിയും. കൂടാതെ, എസ്‌യുവിയിൽ എക്സ്പ്ലോഷൻ അലേർട്ട് ഇൻഡിക്കേറ്ററുകളും ഉണ്ട്. ഇത് കൂടാതെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ഐഡൻ്റിറ്റി മറയ്ക്കാൻ സഹായിക്കുന്ന ക്യാമൊഫ്ലാജ് ബ്ലാക്ക് ഷേഡുകൾ ആണ്.
നിലവിലുള്ള സ്റ്റാൻഡേർഡ് സേഫ്റ്റി & സെക്യൂരിറ്റി ഫീച്ചറുകളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ ആർമറുകളും സുരക്ഷാ പരിഷ്കാരങ്ങളും വാഹനത്തിൽ വരുത്തിയിരിക്കാനാണ് സാധ്യത. ഇതേ സംഘത്തിൽ നിന്നുള്ള മറ്റൊരു വധഭീഷണി ഉയർന്ന സമയത്ത് നടൻ മുമ്പ് യുഎഇയിൽ നിന്ന് മറ്റൊരു ബുള്ളറ്റ് പ്രൂഫ് പട്രോൾ മോഡൽ ഇറക്കുമതി ചെയ്തിരുന്നു. പിന്നെ പുത്തൻ റേഞ്ച് റോവർ, ലാൻഡ് ക്രൂയിസർ തുടങ്ങി നിരവധി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








