ഒഴിവുനേരത്ത് ലഡാക്കിലൂടെ ബുള്ളറ്റ് ഓടിച്ച് സല്‍മാന്‍ ഖാന്‍ — വീഡിയോ വൈറല്‍
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ജയില്‍ മോചിതനായിട്ട് നാളേറെയായില്ല. എന്തായാലും തിരികെ സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലേക്ക് താരം മടങ്ങി കഴിഞ്ഞു.

ഒഴിവുവേളയില്‍ ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസുമായി സല്‍മാന്‍ ഖാന്‍ നടത്തിയ ബുള്ളറ്റ് യാത്ര ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ലഡാക്കില്‍ നിന്നാണ് ദൃശ്യങ്ങള്‍.

വെള്ള നിറത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 -യിലായിരുന്നു സല്‍മാന്‍ ഖാന്റെയും ജാക്വലിന്റെയും യാത്ര. ബുള്ളറ്റിന് പിറകിലിരുന്ന ജാക്വലിനില്‍ നിന്നാണ് സെല്‍ഫി വീഡിയോയുടെ തുടക്കം.

ബൈക്കിന് പിന്നാലെ സന്നാഹവാഹനങ്ങളെയും വീഡിയോയില്‍ കാണാം. ലഡാക്ക് മേഖലകളിലൂടെയുള്ള ബൈക്ക് യാത്രകള്‍ ഏറെ സുപ്രസിദ്ധമാണ്. അതുകൊണ്ടാണ് 'റേസ് 3' സിനിമയുടെ ചിത്രീകരണത്തിനിടെ കിട്ടിയ അവസരത്തില്‍ ഇരുതാരങ്ങളും കാര്‍ഗിലിലേക്ക് ബുള്ളറ്റില്‍ യാത്രപുറപ്പെട്ടത്.

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം. സോനാമാര്‍ഗില്‍ നിന്നും കാര്‍ഗില്‍ വരെ ഇരുവരും ബുള്ളറ്റില്‍ യാത്ര ചെയ്‌തോ എന്ന കാര്യം വ്യക്തമല്ല. അപകടം പതിയിരിക്കുന്ന മേഖലയാണിത്.

ഇതേ കാരണം മുന്‍നിര്‍ത്തിയാണ് താരങ്ങള്‍ക്ക് പിന്നാലെ സന്നാഹവാഹനങ്ങളും കാര്‍ഗിലിലേക്ക് വെച്ചുപിടിച്ചത്. സോനാമാര്‍ഗില്‍ നിന്നും കാര്‍ലിഗിലേക്ക് 130 കിലോമീറ്റര്‍ ദൂരമുണ്ട്. സാധാരണയായി നാലു മണിക്കൂര്‍ വേണം ഈ പാത പിന്നിടാന്‍.
എന്നാല്‍ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജാക്വലിന്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന കാര്യം ബൈക്ക് പ്രേമികള്‍ ചൂണ്ടിക്കാട്ടി. തുറന്ന മുഖമുള്ള ഹെല്‍മറ്റ് ധരിച്ചായിരുന്നു സല്‍മാന്‍ ഖാന്‍ ബുള്ളറ്റോടിച്ചത്.

ദീര്‍ഘദൂര ബൈക്ക് യാത്രകളില്‍ ഹെല്‍മറ്റ് ഉള്‍പ്പെടെ സുരക്ഷാഗിയറുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ഇവര്‍ അറിയിച്ചു. കശ്മീര്‍ യാത്രകളില്‍ ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര വിഢിത്തമാണ്.

ചെങ്കുത്തായ വളവുകളും, തകര്‍ന്നു പൊളിഞ്ഞ റോഡുകളും കശ്മീര്‍ യാത്രകളുടെ ഭാഗമാണ്. അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഈ അവസരത്തില്‍ ഹെല്‍മറ്റ് ധരിച്ചു വേണം ബൈക്കില്‍ യാത്ര ചെയ്യാനെന്ന് ജാക്വലിനോട് ബൈക്ക് പ്രേമികള്‍ വ്യക്തമാക്കി.

ഇതാദ്യമായല്ല സല്‍മാന്‍ ഖാന്റെ ബുള്ളറ്റ് യാത്ര ശ്രദ്ധിക്കപ്പെടുന്നത്. മുമ്പ് 'ട്യൂബ്‌ലൈറ്റ്' എന്ന സിനിമയ്ക്ക് വേണ്ടിയും സല്‍മാന്‍ ബുള്ളറ്റോടിച്ചിരുന്നു. അതിനുമുമ്പ് 'സുല്‍ത്താന്‍' സിനിമയുടെ സെറ്റിലേക്കും ബുള്ളറ്റിലാണ് സല്‍മാന്‍ ഖാന്‍ ഒരിക്കല്‍ കടന്നുവന്നത്.

നിലവില്‍ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ സുസൂക്കിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാഡിസറാണ് സല്‍മാന്‍ ഖാന്‍. ഇന്‍ട്രൂഡര്‍ M1800, സുസൂക്കി ഹയബൂസ, സുസൂക്കി GSX-R1000 പോലുള്ള കരുത്തന്‍ ബൈക്കുകള്‍ സല്‍മാന്‍ ഖാന്റെ ഗരാജിലുണ്ട്.


Click it and Unblock the Notifications








