സാധാരണക്കാര്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്ത് 'രാജകുമാരി'! ചുള്ളനൊപ്പം വന്നത് ഇതിനായിരുന്നല്ലേ...
സാധാരണയായി ഇന്ത്യയിലെ സമ്പന്നരായ ആളുകളുടെ പക്കല്‍ നിരവധി വാഹനങ്ങള്‍ കാണും. ദീര്‍ഘദൂര യാത്രകള്‍ക്ക് വിമാനങ്ങളും പ്രൈവറ്റ് ജെറ്റുകളും ഉപയോഗിക്കുന്ന അവര്‍ ഹ്രസ്വദൂര യാത്രകള്‍ക്ക് പൊതുവേ കാറുകളാണ് ഉപയോഗിക്കുക. സമ്പന്നരായ സെലിബ്രിറ്റികള്‍ക്ക് പ്രത്യേകിച്ചും സ്വകാര്യത വേണ്ടതിനാല്‍ കാറുകളിലാണ് അധികവും യാത്ര ചെയ്യാറുള്ളത്. അതിനാല്‍ തന്നെ ബസുകള്‍, മെട്രോ ട്രെയിനുകള്‍ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെ അവര്‍ ഉപയോഗപ്പെടുത്തുന്നത് വളരെ വിരളമായി മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ. എന്നാല്‍ ഇപ്പോള്‍ രാജകീയ പാരമ്പര്യമുള്ള ഒരു സിനിമാ നടി സാധാരണക്കാരോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
താരത്തെ അപ്രതീക്ഷിതമായി കണ്ട യാത്രക്കാര്‍ അത്ഭുതപ്പെടുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. വളരെ സിമ്പിളായി യാത്രക്കാര്‍ക്കൊപ്പം നടി ഇടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചു. അത് ആരാണപ്പാ മെട്രോ ട്രെയിനിലൊക്കെ യാത്ര ചെയ്യുന്ന രാജകുമാരി എന്ന് അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട. വീഡിയോയില്‍ കാണുന്നത് ബോളിവുഡ് നടി സാറ അലി ഖാനെയാണ് (Sara Ali Khan). ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയായ സാറാ അലി ഖാന്റെ സര്‍നെയിമില്‍ നിന്ന് തന്നെ കാര്യം പലര്‍ക്കും മനസ്സിലായിക്കാണും.

നടന്‍ സെയ്ഫ് അലി ഖാന്റെ മകളാണ് സാറ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും പട്ടൗഡി രാജകുടുംബത്തിലെ നവാബുമായിരുന്ന മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും ശര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ്. ബോളിവുഡ് നടന് ആദ്യ ഭാര്യയായ അമൃത സിങ്ങില്‍ പിറന്ന കുട്ടിയാണ് സാറ. മുത്തശ്ശിയുടെയും മാതാപിതാക്കളുടെയും പാരമ്പര്യം പിന്തുടര്‍ന്നാണ് സാറ സിനിമയിലെത്തുന്നത്.
വൈറല്‍ വീഡിയോയില്‍ സാറ അലി ഖാനൊപ്പം നടന്‍ ആദിത്യ റോയ് കപൂറിനെയും (Aditya Roy Kapur) കാണാം. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മെട്രോ... ഇന്‍ ദിനോ' എന്ന സിനിമ നാളെ അതായത് ജൂലൈ നാലിന് റിലീസ് ചെയ്യാന്‍ പോകുകയാണ്. ഇരുവരും സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് മെട്രോയില്‍ യാത്ര ചെയ്തതെന്നാണ് തോന്നുന്നത്. സാറ അലി ഖാന്‍ മെട്രോയില്‍ യാത്രക്കാരിയായി കയറിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കാരണം സാറ അലി ഖാന്‍ വളരെ ലളിതമായ ജീവിതശൈലി പിന്തുടരുന്ന ഒരാളാണെന്ന് പറയപ്പെടുന്നു. മെര്‍സിഡീസ് ബെന്‍സ് G350 പോലുള്ള ആഡംബര കാറുകള്‍ക്കൊപ്പം വളരെ വില കുറഞ്ഞ മാരുതി സുസുക്കി ആള്‍ട്ടോയും സാറയുടെ ശേഖരത്തിലുണ്ട്. മാരുതിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കില്‍ മുംബൈ നഗരത്തിലൂടെ സാറ ചുറ്റിക്കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ മുമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മറുവശത്ത് 'ആഷിഖി2' എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യന്‍ പെണ്‍കൊടികളുടെ മനംകവര്‍ന്ന ആദിത്യ റോയ് കപൂറിന് തരക്കേടില്ലാത്ത ആഡംബര കാര്‍ ശേഖരമുണ്ട്. ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി LWB, ബിഎംഡബ്ല്യൂ 530d, മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ് തുടങ്ങിയവയാണ് ആദിത്യ റോയ് കപൂറിന്റെ ഗരാജിലുള്ള ചില കിടിലന്‍ മോഡലുകള്‍. ഏതായാലും ഇരുവരും ചുമ്മാ ഷോഓഫിന് വേണ്ടിയല്ല മെട്രോ ട്രെയിനില്‍ യാത്ര ചെയ്തതെന്ന് വ്യക്തമാണ്.
മുമ്പ് ചില സെലിബ്രിറ്റികള്‍ റോഡില്‍ വമ്പന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടപ്പോള്‍ ഇറങ്ങി നേരെ മെട്രോയില്‍ കയറിയ സംഭവം വൈറലായിരുന്നു. ഇവിടെ സാറാ അലി ഖാനും ആദിത്യ റോയ് കപൂറും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണെങ്കിലും മെട്രോയില്‍ യാത്ര ചെയ്തത് പൊതുഗതാഗത മാര്‍ഗങ്ങളെക്കുറിച്ച് അവബോധം നല്‍കാന്‍ സഹായിക്കുമെന്നാണ് തോന്നുന്നത്. പ്രമുഖ താരങ്ങള്‍ പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് നല്ല കാര്യമാണെന്നും ഇത് കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








