സെക്യൂരിറ്റി കാറുകള്‍ 'ഷോഓഫല്ല'! 12 കോടി രൂപ വിലയുള്ള സൂപ്പര്‍ കാറുടമയുടെ അനുഭവം പറയും
ഇന്നത്തെ കാലത്ത് സൂപ്പര്‍ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളിലെ അപൂര്‍വ കാഴ്ചയല്ല. സൂപ്പര്‍ കാറുകള്‍ വാങ്ങുന്നവരും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇത്തരം വിലപിടിപ്പുള്ള കാറുകള്‍ നിരത്തുകളിലൂടെ പായുമ്പോള്‍ ചുറ്റുമുള്ളവര്‍ നോക്കിനില്‍ക്കുന്നത് സ്വാഭാവികമാണ്. അതേസമയം തന്നെ മറ്റ് വാഹനങ്ങളില്‍ പോകുന്നവരുടെ ശ്രദ്ധകവരുകയും ചെയ്യുന്നു.
പ്രത്യേകിച്ച് ഇന്ന് ദുബായ്‌യില്‍ നിന്നും മറ്റും കാര്‍നെറ്റ് വഴി ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകള്‍ കേരളത്തിലെ റോഡുകളില്‍ കാണാറുണ്ട്. നമ്പര്‍പ്ലേറ്റ് കാണുമ്പോള്‍ തന്നെ ഇതെന്ത് സംഭവമെന്ന് ചിന്തിച്ച് പോകും. ഇത്രയും വില കൂടിയ കാറുകള്‍ ഇറക്കുമതി ചെയ്ത് കൊണ്ടുവരുന്ന കാറുകള്‍ അടുത്ത് കാണാനായി വണ്ടിയോട് ചേര്‍ന്ന് പോകുകയും വീഡിയോ പകര്‍ത്തുകയും ചെയ്യുന്നത് കാണാം. ലോകത്തിലെ ഏറ്റവും ചെലവേറിയ കാര്‍ മോഡലുകളിലൊന്നാണ് മക്‌ലാരന്‍ 765 LT.

ഇന്ത്യന്‍ നിരത്തിലിറങ്ങിയ ഇത്തരമൊരു കാറിന്റെ ഉടമ അപ്രീക്ഷിതമായി അപകടത്തില്‍ പെട്ട കഥയാണ് നിങ്ങളോട് പറയാന്‍ പോകുന്നത്.12 കോടി രൂപ വില വരുന്ന കാറിന്റെ പിറകില്‍ ഒരു ഇരുചക്ര വാഹന യാത്രികനാണ് ഇടിച്ചത്. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ഈ അപകടമുണ്ടായത്. മിഡില്‍ ഈസ്റ്റ് രാജ്യമായ യുഎഇയിലെ ദുബായില്‍ നിന്ന് കൊണ്ടുവന്ന ഈ സൂപ്പര്‍കാറിന് പിന്നിലിടിച്ച സ്‌കൂട്ടര്‍ യാത്രികനല്ല യഥാര്‍ത്ഥത്തില്‍ അപകടമുണ്ടാക്കിയത്.
ഹോണ്ട ആക്ടിവ സ്‌കൂട്ടറിന് പിന്നാലെ വന്ന കെടിഎം ഡ്യൂക്ക് ബൈക്ക് യാത്രികനാണ് ആദ്യം കൂട്ടിയിടിക്കുന്നത്. ഇതിന്റെ ആഘാതത്തില്‍ മക്ലാരന്‍ സൂപ്പര്‍കാറിന്റെ പിന്‍ഭാഗത്ത് ആക്ടിവ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് വാഹനങ്ങള്‍ക്കും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. സൂപ്പര്‍ കാര്‍ അടുത്ത് കാണാനുള്ള ആവേശത്തില്‍ ഡ്യൂക്ക് റൈഡര്‍ വണ്ടിയുടെ വേഗത കൂട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. ചിലപ്പോള്‍ സ്‌കൂട്ടര്‍ യാത്രികനും ഇതേ ആവേശം കാണിച്ചതാകാനും സാധ്യതയുണ്ട്.

വിഹാന്‍ രാമചന്ദ്രയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബെംഗളൂരു നഗരത്തിലെ സിംഗിള്‍ ലെയ്ന്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ മക്‌ലാരന്‍ കാറിന്റെ പിന്നില്‍ ഇടിച്ചത്. എന്നാല്‍ സ്‌കൂട്ടര്‍ പിന്നില്‍ ഇടിച്ചത് കാര്‍ ഡ്രൈവര്‍ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് വീഡിയോ കാണുമ്പോള്‍ തോന്നുന്നത്. കാരണം വണ്ടി ഇടിച്ചിട്ടും ഡ്രൈവര്‍ വണ്ടി നിര്‍ത്തി നോക്കുക പോലും ചെയ്യാതെ ഓടിച്ച് പോകുകയായിരുന്നു.
ഇന്ത്യയില്‍ ഇത്തരം കോടികള്‍ വിലമതിക്കുന്ന കാറുകള്‍ കാണപ്പെട്ടാല്‍ ഫോട്ടോയെടുക്കാനും റീല്‍സ് ചിത്രീകരിക്കാനും ശ്രമിക്കുന്ന പ്രവണത കൂടുതലാണ്. 12 കോടി രൂപ വിലയുള്ള ഈ സൂപ്പര്‍കാറിന്റെ ഉടമ ബെംഗളൂരു സ്വദേശിയായ രഞ്ജിത്ത് സുന്ദരമൂര്‍ത്തിയാണെന്നാണ് പറയപ്പെടുന്നത്. അടുത്ത കാലത്തായി ദുബായ്‌യിലേക്ക് താമസം മാറിയ രഞ്ജിത് സുന്ദരമൂര്‍ത്തി ഇടക്കിടെ ബെംഗളൂരു സന്ദര്‍ശിക്കാറുണ്ട്. പലപ്പോഴും വിലകൂടിയ സൂപ്പര്‍ കാറുകളിലായിരിക്കും കറക്കം.

കാര്‍നെറ്റ് വഴി ദുബായ്‌യില്‍ നിന്ന് കൊണ്ടുവന്ന മക്‌ലാരന്‍ 765 LT സൂപ്പര്‍കാറിലായിരുന്നു പലപ്പോഴും സഞ്ചാരം. ഈ കാര്‍ പലപ്പോഴും ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടാറുണ്ടെങ്കിലും പലപ്പോഴും ടൊയോട്ട ഇന്നോവ എംപിവിയില്‍ ഗാര്‍ഡുകള്‍ അനുഗമിക്കാറുണ്ടായിരുന്നു. സെക്യൂരിറ്റി കാറുകള്‍ പുറത്തിറങ്ങുമ്പോള്‍ കൊണ്ടുനടക്കുന്നത് ഉടമ പണത്തിന്റെ ഹുങ്ക് കാണിക്കാനാണെന്നായിരുന്നു പലപ്പോഴും വിമര്‍ശനം വന്നിരുന്നത്.
എന്നാല്‍ അപകടം നടന്ന ദിവസം സെക്യൂരിറ്റി കാര്‍ സൂപ്പര്‍ കാറിന്റെ പിറകില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്രയും വില കൂടിയ കാറിനൊപ്പം സെക്യൂരിറ്റി ഗാര്‍ഡിനെ കൊണ്ടുനടക്കുന്നത് എന്തിനാണെന്ന് തങ്ങള്‍ക്ക് മനസ്സിലായെന്നാണ് ഇപ്പോള്‍ നെറ്റിസണ്‍സ് പറയുന്നത്. ബെംഗളൂരു പോലെ തിരക്കേറിയ നഗരത്തില്‍ ഇത് ആവശ്യമാണെന്ന് ചിലര്‍ വീഡിയോയുടെ കമന്റ് സെക്ഷനില്‍ എഴുതി. എന്നാല്‍ ഇവിടെ അപകടം നടക്കുമ്പോള്‍ രഞ്ജിത് ആയിരുന്നോ കാര്‍ ഓടിച്ചതെന്ന കാര്യം വ്യക്തമല്ല.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍കാറുകളില്‍ ഒന്നാണ് മക്ലാരന്‍ 765 LT കൂപ്പെ. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 765 PS കരുത്തും 800 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 7 സ്പീഡ് സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു. ഇത് ഒരു റിയര്‍ വീല്‍ ഡ്രൈവ് സൂപ്പര്‍കാറാണ്.
720 S സൂപ്പര്‍ കാറിന്റെ ട്രാക്ക് ാേഫാക്കസ്‌സ്ഡ് പതിപ്പായ ഇത് ഒരു ലിമിറ്റഡ് പ്രൊഡക്ഷന്‍ പതിപ്പ് കൂടിയാണ്. മക്‌ലാരന്‍ 765 LT-യുടെ നിര്‍മാണം 765 യൂണിറ്റുകള്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഏതായാലും ഇത്രയും വിലകൂടിയ സൂപ്പര്‍ കാറിനാണ് ഇന്ത്യന്‍ നിരത്തില്‍ ഇത്തരമൊരു ദുര്‍ഗതിയുണ്ടായിരിക്കുന്നത്. വാഹനങ്ങള്‍ പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. തങ്ങളുടെ കാറുകളുടെ സംരക്ഷണത്തിനാണ് സൂപ്പര്‍ കാര്‍ ഉടമകള്‍ സെക്യൂരിറ്റി വാഹനങ്ങള്‍ കൊണ്ടുനടക്കുന്നതെന്ന് മനസിലായെന്നാണ് നെറ്റിസണ്‍സ് ഇപ്പോള്‍ പറയുന്നത്.


Click it and Unblock the Notifications








