ആകാശത്തെ ഒളിത്താവളങ്ങൾ! മണിക്കൂറുകൾ നീളുന്ന യാത്രയിൽ വിമാന ജീവനക്കാർ ഉറങ്ങുന്നത് എവിടെയെന്ന് അറിയാമോ?
മണിക്കൂറുകള്‍ നീളുന്ന ദീര്‍ഘദൂര വിമാനയാത്രകളില്‍ യാത്രക്കാര്‍ തങ്ങളുടെ സീറ്റിലിരുന്ന് വിശ്രമിക്കുമ്പോള്‍, നാം സാധാരണയായ എയര്‍ഹോസ്റ്റസുമാര്‍ എന്ന് വിളിക്കുന്ന ഫ്ലൈറ്റ് അറ്റന്‍ഡന്‍ഡ്‌സ് എപ്പോഴും ഊര്‍ജ്ജസ്വലരായി ഇരിക്കുന്നത് എങ്ങിനെയെന്ന സംശയം പലര്‍ക്കും തോന്നിയിട്ടുണ്ടാകും. ദീര്‍ഘദൂര വിമാനയാത്രയില്‍ പ്രസന്ന വദനത്തോടെ ആദ്യാവസാനം വരെ തുടരാന്‍ ജീവനക്കാര്‍ക്ക് സാധിക്കുന്നതിന് പിന്നില്‍ യാത്രക്കാരുടെ കണ്ണില്‍പ്പെടാത്ത കൃത്യമായ ഒരു സംവിധാനമുണ്ട്. വിമാനത്തിനുള്ളില്‍ തന്നെ ജീവനക്കാര്‍ക്കായി പ്രത്യേകം തയാറാക്കിയ വിശ്രമമുറികളാണിവ. 'സീക്രട്ട് ബെഡ്‌റൂം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഭാഗം വിമാന സര്‍വീസിന്റെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മിക്ക വലിയ വിമാനങ്ങളിലും 'ക്രൂ ബങ്ക്' (Crew Bunk) എന്നറിയപ്പെടുന്ന പ്രത്യേക വിശ്രമ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന ക്യാബിന് മുകളിലായോ അല്ലെങ്കില്‍ താഴ് ഭാഗത്തോ ആയാണ് ഇവ സാധാരണയായി സ്ഥാപിക്കുന്നത്. പലപ്പോഴും വിമാനത്തിന്റെ സീലിംഗിനുള്ളിലെ ഉപയോഗശൂന്യമായ സ്ഥലമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

പുറമെനിന്ന് നോക്കിയാല്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം മറച്ചുവെച്ച നിലയിലായിരിക്കും ഈ മുറികള്‍. യാത്രക്കാര്‍ക്ക് ഈ ഭാഗത്തേക്ക് പ്രവേശനം അനുവദിക്കാറില്ല. ബോയിംഗ് 777, എയര്‍ബസ് A350 തുടങ്ങിയ വലിയ വിമാനങ്ങളില്‍ ഇത്തരം വിശ്രമമുറികള്‍ വളരെ തന്ത്രപരമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചില വിമാനങ്ങളില്‍ ചെറിയ ഗോവണികള്‍ വഴിയോ ലാഡറുകള്‍ വഴിയോ ആണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
മറ്റ് ചിലതില്‍ അണ്‍മാര്‍ക്ക്ഡ് ഡോറുകള്‍ക്ക് പിന്നിലായാണ് ഈ വിശ്രമകേന്ദ്രങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ ഉള്‍ഭാഗത്തെ സ്ഥലപരിമിതി കണക്കിലെടുത്ത് അതീവ വൈദഗ്ധ്യത്തോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ പല യാത്രക്കാര്‍ക്കും വിമാനത്തില്‍ ഇങ്ങനെയൊരു ഭാഗമുള്ളതായി അറിയാറില്ല.ക്യാപ്സ്യൂള്‍ ബെഡുകള്‍ക്ക് സമാനമായ ചെറിയ അറകളാണ് ഈ ബങ്കുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.
കിടക്കാന്‍ മാത്രമുള്ള സ്ഥലമാണ് ഓരോ ബങ്കിലും ഉണ്ടാകുക. എങ്കിലും മെത്ത, പുതപ്പ്, തലയിണ, റീഡിംഗ് ലൈറ്റ് എന്നിവ ഓരോ ജീവനക്കാര്‍ക്കും ലഭിക്കും. വിശ്രമസ്ഥാനത്ത് ഓരോരുത്തരുടെയും സ്വകാര്യതയ്ക്കായി ചെറിയ കര്‍ട്ടനുകളും ക്രമീകരിച്ചിട്ടുണ്ട്. ഫ്ലൈറ്റ് അറ്റന്‍ഡന്റ്മാരുടെ വിശ്രമമുറികളിലല്ല പക്ഷേ, പൈലറ്റുമാര്‍ വിശ്രമിക്കുന്നത്. അവര്‍ക്ക് കുറച്ച് കൂടി വിശാലമായ കംപാര്‍ട്‌മെന്റുകളാണ് ഒരുക്കുന്നത്.
വിമാനം പറത്തുന്ന പൈലറ്റുമാര്‍ കോക്പിറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ശല്യങ്ങളില്ലാത്ത സുഖകരമായ വിശ്രമം ആത്യാവശ്യമായതിനാലാണ് അല്‍പ്പം കൂടി വിസ്താരമുള്ള മുറികള്‍ അനുവദിക്കുന്നത്. പ്രത്യേക വിശ്രമ സൗകര്യങ്ങൾ ഉണ്ടെന്ന് കരുതി വിമാനത്തിലെ എല്ലാ ജീവനക്കാരും ഒരേസമയമല്ല വിശ്രമിക്കുന്നത്. യാത്രക്കാരുടെ സേവനത്തിനായി എപ്പോഴും മതിയായ ജീവനക്കാര്‍ ക്യാബിനില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഷിഫ്റ്റുകളായാണ് വിശ്രമം ക്രമീകരിക്കുന്നത്.
വളരെ ദൈര്‍ഘ്യമുള്ള യാത്രകളില്‍ ഓരോരുത്തര്‍ക്കും ഏതാനും മണിക്കൂറുകള്‍ വീതം വിശ്രമിക്കാന്‍ അവസരം ലഭിക്കും. വിശ്രമവേളയില്‍ പോലും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജീവനക്കാര്‍ സജ്ജരായിരിക്കണം. ആകാശച്ചുഴിയില്‍ പെട്ട് വിമാനം കുലുങ്ങിയാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ ബങ്കിലും പ്രത്യേക സീറ്റ് ബെല്‍റ്റുകളും ഹാര്‍നെസുകളും ഘടിപ്പിച്ചിട്ടുണ്ട്.വിമാന ജീവനക്കാരുടെ വിശ്രമം സംബന്ധിച്ച് ഏവിയേഷന്‍ അതോറിറ്റികള്‍ കൃത്യമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (FAA), ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) എന്നിവര്‍ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എയര്‍ലൈനുകള്‍ പാലിക്കേണ്ടതുണ്ട്. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും അവര്‍ക്ക് ആവശ്യമായ വിശ്രമം അനുവദിക്കാനും വിമാനക്കമ്പനികള്‍ ബാധ്യസ്ഥരാണ്. ജീവനക്കാര്‍ക്ക് തളര്‍ച്ചയുണ്ടാകുന്നത് വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഇത്തരം കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.
എല്ലാ വലിയ വിമാനങ്ങളിലും ഈ 'ബ്രേക്ക്' സംവിധാനം നിര്‍ബന്ധമാണ്. കൗതുകകരമായി തോന്നുമെങ്കിലും ഈ വിശ്രമമുറികള്‍ യാത്രക്കാര്‍ക്ക് 'നോ എന്‍ട്രി' മേഖലയാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ജീവനക്കാര്‍ക്ക് മാത്രം ഉപയോഗിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ സ്ഥലങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്. യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തിലാണ് ഇതിന്റെ ഡോറുകള്‍ പോലും ക്രമീകരിച്ചിരിക്കുന്നത്.
സുരക്ഷാ കാരണങ്ങളാലാണ് ഇത്തരം ഭാഗങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്. ഓരോ ഇഞ്ചും അതീവ ശ്രദ്ധയോടെയ ഡിസൈന്‍ ചെയ്ത് വിമാനത്തിലെ ഇടുങ്ങിയ സ്ഥലങ്ങള്‍ ഇത്ര പ്രായോഗികമായി ഉപയോഗിച്ചിരിക്കുന്നത് അത്ഭുതകരമാണെന്ന് വേണം പറയാന്‍. 12 മുതല്‍ 18 മണിക്കൂര്‍ വരെ നീളുന്ന യാത്രകളില്‍ ജീവനക്കാര്‍ക്ക് വിശ്രമത്തിനായുള്ള ഇടവേള അത്യന്താപേക്ഷിതമാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ജീവനക്കാരുടെ കാര്യക്ഷമതയെ ബാധിക്കാനിടയുണ്ട്.
ഭക്ഷണ വിതരണം മുതല്‍ അടിയന്തര ഘട്ടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വരെ കൃത്യമായി നടപ്പാക്കാന്‍ ഈ വിശ്രമം ആവശ്യമാണ്. വിമാനത്തിനുള്ളിലെ ഈ 'ഒളിത്താവളങ്ങള്‍' ക്യാബിന്‍ ക്രൂവിനെ എപ്പോഴും ഉന്മേഷഭരിതരായിരിക്കാന്‍ സഹായിക്കുന്നു. യാത്രക്കാരുടെ ക്ഷേമവും ജീവനക്കാരുടെ ആരോഗ്യവും സംരക്ഷിക്കപ്പെടുന്നതിനും വിമാന സര്‍വീസിന്റെ സുരക്ഷിതത്വത്തിനുമായി ഒരുക്കിയ ഈ രഹസ്യ മുറികളെ കുറിച്ച് നിങ്ങള്‍ അറിയാമായിരുന്നോ?. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമല്ലോ.


Click it and Unblock the Notifications