ഡാഷ്‌ക്യാമറ വേണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്; ഡാഷ്‌ക്യാമറ കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തിയത് കാണൂ..
ഇന്ത്യ മഹാരാജ്യത്തെ ചില റോഡുകളില്‍ തട്ടിപ്പുകാരെ പേടിച്ച് പട്ടാപ്പകല്‍ പോലും ധൈര്യത്തോടെ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ഉണ്ട്. വ്യാജ അപകടം കെട്ടിച്ചമച്ച് യാത്രികരുടെ പണം തട്ടിയെടുക്കുകയും അവരെ കൊള്ളയടിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ മുംബൈയിലെ ആരെ ഫോറസ്റ്റ് കോളനിയില്‍ നിന്നുള്ള ഒരു പുതിയ തരം തട്ടിപ്പിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സംഭവം മുഴുവന്‍ ഡാഷ്ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞു. ഈ സംഭവം കൂടി ആയതോടെ നമ്മുടെ നാട്ടില്‍ കാര്‍ കൊണ്ടു നടക്കുമ്പോള്‍ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ആത്യാവശ്യമാണെന്ന കാര്യം കൂടി ഓര്‍മിപ്പിക്കുന്നു.
ഒരു ഒറ്റവരി റോഡിലൂടെയാണ് ഇവിടെ കാര്‍ പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ പറ്റുന്നത് . മുന്നിലെ സ്പീഡ് ബ്രേക്കര്‍ കാരണം മറ്റൊരു വാഹനം കാറിനെ മറികടന്ന് പോകുകയും ഡ്രൈവര്‍ വേഗത കുറയ്ക്കുകയും ചെയ്യുന്നു. പിന്നാലെ വാഹനം വേഗത കുറച്ചാണ് പോകുന്നത്.

പെട്ടന്ന് റോഡിന്റെ അരികിലൂടെ നടന്ന് പോയ ഒരാള്‍ വാഹനത്തിന് മുന്നിലേക്ക് നടന്ന് താഴെ കിടന്നു. തൊട്ടുപിന്നാലെ ഇയാളുടെ കൂട്ടാളിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഈ രംഗങ്ങള്‍ കണ്ട് തൊട്ടടുത്ത് നിന്ന് നടന്ന് വന്നു. ഇയാള്‍ വിളിച്ച് കൂവി ആളുകളെ കൂട്ടുന്നുണ്ടായിരുന്നു. കാല്‍നടയാത്രക്കാരന്‍ റോഡില്‍ കിടക്കുന്നതാണ് നാട്ടുകാര്‍ കാണുന്നത്. ആ മനുഷ്യന്‍ തനിയെ കാറിനു മുന്നില്‍ വീണുവെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നും വാഹനത്തിന്റെ ഡ്രൈവര്‍ വിശദീകരിക്കുന്നു.
കാറിന്റെ രജിസ്‌ട്രേഷന്‍ ലോക്കല്‍ അല്ലെന്ന് കണ്ടാണ് തട്ടിപ്പുകാര്‍ ആ വ്യക്തി ലക്ഷ്യം വെക്കാന്‍ കാരണം. വാഹനത്തില്‍ ഡാഷ്ബോര്‍ഡ് ക്യാമറ സ്ഥാപിച്ചിരുന്നതിനാല്‍ ഡ്രൈവര്‍ പണം നഷ്ടപ്പെടാതെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി തോന്നുന്നു. ഒരുപക്ഷേ ആ കാറില്‍ ഡാഷ്ബോര്‍ഡ് ക്യാമറ ഇല്ലായിരുന്നെങ്കില്‍ ഡ്രൈവര്‍ തട്ടിപ്പിനിരയാകുമായിരുന്നു. ഇന്ത്യയില്‍ അടുത്ത കാലത്ത് വരെ ഇത്തരം തട്ടിപ്പുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇന്ന് അതിവേഗ ഇന്റര്‍നെറ്റിന്റെ കാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇത്തരം വീഡിയോകള്‍ കണ്ട് തട്ടിപ്പുകാര്‍ അത് നമ്മുടെ നാട്ടിലും നടപ്പാക്കാന്‍ തുടങ്ങി എന്നുവേണം മനസ്സിലാക്കാന്‍.
ചൈനയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്രാഫിക് സിഗ്‌നലില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ ആളുകള്‍ കാറുകള്‍ക്ക് മുന്നില്‍ കിടക്കുകയായിരുന്നു. ഇവര്‍ വാഹനയാത്രികരില്‍ നിന്നും വന്‍തോതില്‍ പണം തട്ടിയെടുത്തു.എന്നാല്‍ ഇത്തരക്കാരുടെ ശരീരത്തിലൂടെ ഡ്രൈവര്‍മാര്‍ വാഹനം കയറ്റാന്‍ തുടങ്ങിയതോടെ ഈ പ്രവണതയില്‍ മാറ്റം വന്നു. ചൈനീസ് നിയമമനുസരിച്ച്, വാഹനം ഇടിച്ച് ആര്‍ക്കെങ്കിലും ഏന്തെങ്കിലും പരിക്കുകളോ വൈകല്യങ്ങളോ സംഭവിച്ചാല്‍ കാര്‍ ഉടമ പണം നല്‍കാന്‍ ബാധ്യസ്ഥനാണ്.
ജീവിതകാലം മൊത്തം സുഖമായി ജീവിക്കാനുള്ള പണം ലഭിക്കുന്നതിനായി തട്ടിപ്പുസംഘങ്ങള്‍ ഇത്തരം അപകടങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നു. എന്നാല്‍ പിന്നീട് ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരുടെ ശരീരത്തില്‍ ഡ്രൈവര്‍മാര്‍ വണ്ടി കയറ്റാന്‍ തുടങ്ങി. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ വാഹനം കയറി മരിച്ചാല്‍ ആജീവനാന്തം അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് പകരം ഒറ്റത്തവണ പിഴ അടച്ചാല്‍ മതി എന്നതിനാല്‍ ആണിങ്ങനെ ചെയ്യാന്‍ തുടങ്ങിയത്. കാറുമായി പുറത്തിറങ്ങുമ്പോള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഡാഷ്‌ബോര്‍ഡ് വളരെ ഉപയോഗപ്രദമാണ്.
പല ഹൈ-എന്‍ഡ് ക്യാമറകള്‍ക്കും പല ഫീച്ചറുകളുമായിട്ടാണ് വരുന്നത്.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യു N-ലൈന്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഫാക്ടറി ഫിറ്റഡ് ഡാഷ് ക്യാമറ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാര്‍. നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും. വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും. അതിനാല്‍ തന്നെ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.


Click it and Unblock the Notifications








