600 കോടിയുടെ സമ്പത്ത്, ഗരാജില്‍ നിറയെ കാറുകള്‍! യുവ സംരംഭകര്‍ക്ക് പ്രചോദനമായ ബിസിനസ് ലേഡിയെ മനസ്സിലായോ?
എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ നമിത ഥാപ്പറെ വളര്‍ന്ന് വരുന്ന സംരംഭകര്‍ എല്ലാവരും അറിയും. അതിവേഗം വളര്‍ന്ന് വരുന്ന സംരഭകരില്‍ ഒരാളായ നമിത ഇന്‍ക്രെഡിബിള്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ സ്ഥാപകയും സിഇഒയും കൂടിയാണ്. പ്രമുഖ ടിവി റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ വിധികര്‍ത്താവ് കൂടിയാണ് നമിത. സംരംഭകത്വ ആശയങ്ങള്‍ക്ക് കരുത്ത് പകരുന്ന ഈ റിയാലിറ്റി ഷോക്ക് ആരാധകര്‍ ഏറെയാണ്. ഐപിഒ വഴി എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ തന്റെ 1.28 ദശലക്ഷം ഓഹരികള്‍ വിറ്റ് തന്റെ പ്രാരംഭ മൂല്യത്തിന്റെ 290 മടങ്ങ് പണം നേടാന്‍ പോകുകയാണ് നമിത.
ഏകദേശം 128 കോടി രൂപയാണ് നമിത സ്വന്തമാക്കാന്‍ പോകുന്നതെന്നാണ് വിവരം.ഇതിനകം തന്നെ ഒരു സെലിബ്രിറ്റിയായി മാറിയ നമിത ഇക്കഴിഞ്ഞ കാന്‍ ചലച്ചിത്ര മേളയിലും ചുവടുവെച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നമിതയുടെ ആസ്തി ഏകദേശം 600 കോടി രൂപയായിരുന്നു. ഐപിഒ കൂടി ആയതോടെ ഇത് ഇനിയും കൂടും.

ഇന്ത്യയിലെ മറ്റ് സമ്പന്നരെപ്പോലെ തന്നെ കാറുകളോട് കമ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് നമിത ഥാപ്പര്‍. പ്രായോഗികതയും വിശ്വാസ്യതയും അത്യാധുനിക സാങ്കേതികവിദ്യയുമാണ് കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ നമിത ശ്രദ്ധിക്കുന്ന കാര്യങ്ങള്‍. നമിത ഥാപ്പറിന്റെ ഗരാജ് പരിശോധിക്കുമ്പോള്‍ അവര്‍ക്ക് ജര്‍മന്‍ കാറുകളോടാണ് പ്രിയമെന്ന് മനസ്സിലാകും. നമിത ഥാപ്പറിന്റെ ഗരാജിലുള്ള ആഡംബര കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
ബിഎംഡബ്ല്യു X7: പെര്‍ഫോമന്‍സിനും സുഖസൗകര്യങ്ങള്‍ക്കും പേരുകേട്ട ബിഎംഡബ്ല്യുവിന്റെ മുന്‍നിര എസ്‌യുവിയാണ് X7. ഇന്ത്യയില്‍ XDrive40i M സ്പോര്‍ട്, xDrive40d M സ്പോര്‍ട് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ബിഎംഡബ്ല്യു X7 വാങ്ങാം. ലക്ഷ്വറി എസ്‌യുവിയുടെ ഡീസല്‍ പതിപ്പാണ് നമിത ഥാപ്പര്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 335 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3-ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഇന്‍ലൈന്‍-സിക്സ് എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്.

വെറും 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത കൈവരിക്കന്‍ എസ്‌യുവിക്ക് സാധിക്കും. ലിറ്ററിന് 14.31 കിലോമീറ്ററാണ് ARAI പറയുന്ന മൈലേജ്. xDrive40i M സ്പോര്‍ട്ടിന് 3-ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് ഇന്‍ലൈന്‍-സിക്സ് പവര്‍ട്രെയിന്‍ ലഭിക്കുന്നു. അത് 375 bhp പവറുാ 520 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
അധിക പവര്‍ നല്‍കുന്ന മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും ഇതിലുണ്ട്. 5.8 സെക്കന്‍ഡില്‍ ബിഎംഡബ്ല്യു xDrive40i M സ്പോര്‍ട് നിശ്ചലാവസ്ഥയില്‍ നിന്ന് 100 kmph വേഗത തൊടുമെന്നാണ് ജര്‍മന്‍ ബ്രാന്‍ഡ് പറയുന്നത്. ലിറ്ററിന് 11.29 കിലോമീറ്ററാണ് മൈലേജ് പറയുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിനുകള്‍ ഇണുചേര്‍ക്കുന്നത്. ഓള്‍-വീല്‍-ഡ്രൈവ് സംവിധാനവും ഇതില്‍ ലഭ്യമാണ്. 1.50 കോടി രൂപ മുതലാണ് ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ വില ആരംഭിക്കുന്നത്.
മെര്‍സിഡീസ് ബെന്‍സ് GLE: ജര്‍മന്‍ ലക്ഷ്വറി ബ്രാന്‍ഡില്‍ നിന്നുള്ള മിഡ്-സൈസ് ലക്ഷ്വറി എസ്‌യുവിയാണ് GLE. പരുക്കന്‍ ലുക്ക്, ആഡംബര സവിശേഷതകള്‍, ശക്തമായ എഞ്ചിനുകള്‍ എന്നിവ കാരണം ഈ കാര്‍ ഇന്ത്യയിലും ജനപിയമാണ്. GLE 300d 4Matic, GLE 450d 4Matic എന്നിങ്ങനെ രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലാണ് മെര്‍സിഡീസ് GLE എസ്‌യുവി വില്‍പ്പനക്കെത്തുന്നത്.
265 bhp പവറും 550 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഇന്‍ലൈന്‍ 4 മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിനാണ് GLE 300d 4Matic പതിപ്പിന്റെ കരുത്ത്. 230 കിലോമീറ്റര്‍ വേഗതയുള്ള ഈ മോഡലിന് 6.9 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. കൂടുതല്‍ ശക്തമായ GLE 450d 3-ലിറ്റര്‍ 6 സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിനുമായാണ് വരുന്നത്.

മെര്‍സിഡീസ്-ബെന്‍സ് ലൈനപ്പിലെ ഏറ്റവും ശക്തമായ എഞ്ചിനാണിത്. ഇത് 362 bhp കരുത്തും 750 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.6 സെക്കന്‍ഡ് സമയം മതി. 9-സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നത്. 96.65 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
ഔഡി Q7: ഇന്ത്യയില്‍ പെട്രോള്‍ വാഹനങ്ങള്‍ മാത്രം വില്‍ക്കുന്ന ഏക ജര്‍മ്മന്‍ ആഡംബര ബ്രാന്‍ഡാണ് ഔഡി. നമിത ഥാപ്പറിന്റെ പക്കലുള്ള ഔഡി Q7 കാറും ഇതില്‍ നിന്ന് വിഭിന്നമല്ല. ബോള്‍ഡ് ലുക്കിന് പുറമെ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവട്രെയിനും കാരണം ഔഡി Q7 പ്രശസ്തമാണ്. പ്രീമിയം പ്ലസ് 55 TFSI, ടെക്നോളജി 55 TFSI എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ ഇത് ലഭ്യമാണ്.
335 bhp പവറും 500 Nm ടോര്‍ക്കും നല്‍കുന്ന 3 ലിറ്റര്‍ V6 മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിനാണ് രണ്ടിനും കരുത്തേകുന്നത്. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. 5.9 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുന്ന കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. ഔഡി Q7-ന്റെ എക്സ്ഷോറൂം വില 88.66 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.


Click it and Unblock the Notifications








