യാത്രകള്‍ MG M9 ഇവിയിലേക്ക് മാറ്റി സുന്ദരി! വെള്ളക്കാരെ തോല്‍പ്പിച്ച് റിയാലിറ്റി ഷോ വിന്നറായ ഇന്ത്യന്‍ നടി
ഇന്ത്യയിലെ ഇലക്ട്രിക് എംപിവി വിപണിയില്‍ വലിയ ചലനമുണ്ടാക്കിയ മോഡലാണ് എംജി M9 (MG M9 EV). ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രീമിയം ബ്രാന്‍ഡായ 'എംജി സെലക്ട്' വഴിയാണ് ഈ ആഡംബര വാഹനം വിപണിയിലെത്തുന്നത്. ടൊയോട്ട വെല്‍ഫയര്‍ പോലുള്ള ലക്ഷ്വറി എംപിവികളോട് മത്സരിക്കാന്‍ ശേഷിയുള്ള സവിശേഷതകളുമായാണ് ഇത് ഇന്ത്യയിലെത്തിയത്. എന്നിരുന്നാലും വെല്‍ഫയറിനേക്കാള്‍ താങ്ങാവുന്ന വിലയില്‍ ഏകദേശം 70.90 ലക്ഷം രൂപയ്ക്ക് (എക്‌സ്-ഷോറൂം) ഇത് വിപണിയില്‍ ലഭ്യമാണ്. പരിസ്ഥിതി സൗഹൃദമായ ആഡംബര യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍.
90kWh ശേഷിയുള്ള വലിയ എന്‍എംസി (NMC) ബാറ്ററി പായ്ക്കാണ് എംജി M9-ന് കരുത്ത് പകരുന്നത്. ഫുള്‍ ചാര്‍ജില്‍ ഏകദേശം 548 കിലോമീറ്റര്‍ വരെയാണ് (MIDC) ആഡംബര ഇവിയുടെ സര്‍ട്ടിഫൈഡ് റേഞ്ച് പറയുന്നത്. ദീര്‍ഘഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് അതിവേഗം ചാര്‍ജ് ചെയ്യാനുമാകും.

വാഹനത്തിന്റെ പ്രകടനം പരിശോധിച്ചാല്‍, 245 PS പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഭീമന്‍ എംപിവിക്ക് വെറും 9.9 സെക്കന്‍ഡ് മതി. ഫ്രണ്ട് വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇതിലുള്ളത്. സുഗമമായ യാത്ര ഉറപ്പാക്കാന്‍ അത്യാധുനിക സസ്‌പെന്‍ഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്.
നിരവധി ആഡംബര ഫീച്ചറുകളാണ് എംജി M9 എംപിവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ നിരയിലെ 'പ്രസിഡന്‍ഷ്യല്‍ സീറ്റുകള്‍' 16 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാനും 8 മസാജ് മോഡുകള്‍ ഉപയോഗിക്കാനും സാധിക്കും. ഹീറ്റിംഗ്, വെന്റിലേഷന്‍ സൗകര്യങ്ങളുള്ള ഈ സീറ്റുകള്‍ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നു. കൂടാതെ ഡ്യുവല്‍ പനോരമിക് സണ്‍റൂഫ് ക്യാബിന് കൂടുതല്‍ പ്രൗഢിയേകുന്നുണ്ട്.

വിനോദത്തിനായി വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 13 സ്പീക്കറുകളുള്ള ജെബിഎല്‍ (JBL) സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. വയര്‍ലെസ് ചാര്‍ജിംഗ്, എയര്‍ പ്യൂരിഫയര്‍, 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ് എന്നിവ യാത്ര കൂടുതല്‍ സുഖകരമാക്കുന്നു. പിഎം 2.5 ഫില്‍ട്ടറേഷന്‍ സിസ്റ്റം ക്യാബിനുള്ളിലെ വായു ശുദ്ധമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകളാണ് മറ്റൊരു പ്രത്യേകത.
സുരക്ഷയുടെ കാര്യത്തിലും എംജി എംപിവി മുന്‍പന്തിയിലുണ്ട്. 7 എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS , 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയടക്കം നിരവധി സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന വാഹനം യൂറോ NCAP, ANCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. മലിനീകരണം കുറഞ്ഞ, എന്നാല്‍ ആഡംബരം ഒട്ടും കുറയാത്തതുമായ ഈ എംജി ഇവി ഹേമ മാലിനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ അക്കൂട്ടത്തില്‍ ചേര്‍ന്നിരിക്കുകയാണ് ബോളിവുഡിന്റെ ഫിറ്റ്നസ് ഐക്കണ്‍ ശില്‍പ്പ ഷെട്ടി. താരം പുതിയ ആഡംബര ഇവിയില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കാര്‍സ്‌ഫോര്‍യൂ എന്ന യൂട്യൂബ് ചാനലാണ് ശില്‍പ്പ ഷെട്ടി എംജി ആഡംബര എംപിവിയില്‍ വന്നിറങ്ങുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറല്‍ വീഡിയോയില്‍ കാണുന്ന ഇവിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഈ കാര്‍ ശില്‍പ്പ ഷെട്ടിയുടേതാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
റെഡി ക്യാഷ് കൊടുത്ത് ഈ വര്‍ഷം ജനുവരിയിലാണ് നടി എംജി M9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ സ്വന്തമാക്കിയതെന്ന് ആര്‍ടിഒ രേഖകളില്‍ കാണാം. !993-ല്‍ പുറത്തിറങ്ങിയ 'ബാസിഗര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ശില്‍പ്പ ഷെട്ടി മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമാണ്. 'മേം ഖിലാഡി തൂ അനരി', 'ധട്കന്‍', 'ലൈഫ് ഇന്‍ എ മെട്രോ' തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.
2007-ല്‍ ബ്രിട്ടീഷ് റിയാലിറ്റി ഷോയായ 'സെലിബ്രിറ്റി ബിഗ് ബ്രദര്‍' വിജയിച്ചതോടെയാണ് ശില്‍പ്പ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ വിജയം താരത്തിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറുകയും ചെയ്തു. പുതിയ എംജി M9 വാങ്ങിയതിലൂടെ പരിസ്ഥിതി ബോധമുള്ള സെലിബ്രിറ്റികളുടെ പട്ടികയിലും താരം ഇടംപിടിച്ചു. എംജി മോട്ടോര്‍സിന്റെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് ശില്‍പ്പ ഷെട്ടിയെ പോലുള്ള പ്രമുഖരുടെ പിന്തുണ വലിയ കരുത്താകും.


Click it and Unblock the Notifications








