നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ... ഇങ്ങനെ ചെയ്താല്‍ ഏത് കൊമ്പനും ഹെല്‍മെറ്റ് വെക്കും
ഇന്ത്യയിലെ ഏറ്റവും സാധാരണമായ ട്രാഫിക് നിയമ ലംഘനമാണ് ഹെല്‍മെറ്റ് (Helmet) ധരിക്കാതെ വാഹനമോടിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുടെ വരവോട് കൂടി ഇതില്‍ ചെറിയ മാറ്റം വന്നിട്ടുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളിലും ചെറിയ പട്ടണങ്ങളിലും ഇപ്പോഴും ഹെല്‍മെറ്റ് വെക്കാതെ വാഹനമോടിക്കുന്നവര്‍ നിരവധിയാണ്. നിയമ ലംഘനത്തിന് പിഴ കിട്ടുമ്പോള്‍ അത് അങ്ങ് അടച്ചാല്‍ പരിപാടി അവസാനിച്ചല്ലോ എന്ന നിലപാടാണ് ചിലര്‍ക്ക്. എന്നാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്ക് 'വരമ്പത്ത് കൂലി' കണക്കെ നടപടി നേരിട്ടാല്‍ എങ്ങിനെയുണ്ടാകും. അത്തരത്തിലുള്ള ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഇന്ത്യയില്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ഓടിക്കുന്നവര്‍ മാത്രമല്ല ടൂവീലറുകളുടെ പിറകില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ചിലര്‍ ഇത് പാലിക്കുന്നുണ്ടെങ്കിലും പലരും അത് പാലിക്കുന്നില്ല. ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതടക്കമുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി വിവിധ ഇടങ്ങളില്‍ അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എങ്കില്‍ കൂടി പലരും നിയമം കാറ്റില്‍പറത്തി ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നു.

ഈ സാഹചര്യത്തിലാണ് നിയമം ലംഘകരെ പാഠം പഠിപ്പിക്കാനായി കര്‍ണാടകയിലെ ശിവമൊഗ്ഗ (ഷിമോഗ) ജില്ലയിലെ ട്രാഫിക് പൊലീസ് ഒരു വ്യത്യസ്തമായ രീതി അവലംബിച്ചിരിക്കുന്നത്. അതിനായി പൊലീസ് ഒരു പ്രത്യേക ട്രാഫിക് സിഗ്‌നലില്‍ സ്പീക്കറുകള്‍ സ്ഥാപിക്കുകയും കണ്‍ട്രോള്‍ റൂമിലെ ഫോണുമായി നേരിട്ട് ബന്ധിപ്പിക്കുകയും ചെയ്തു. ഈ ഫോണില്‍ സംസാരിച്ചാല്‍ ട്രാഫിക് സിഗ്‌നലിലെ സ്പീക്കറില്‍ കേള്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരണം.
അടുത്തിടെ ഹെല്‍മെറ്റ് ധരിക്കാതെ ഈ സിഗ്‌നലില്‍ എത്തിയ ഏഥര്‍ റിസ്ത സ്‌കൂട്ടറുകാരനാണ് ഇതിന്റെ ഫലം അനുഭവിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ ഏഥര്‍ റിസ്ത ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവാവിന്റെ പിറകില്‍ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു. ഒരുപക്ഷേ ഇയാളുടെ ഭാര്യയും കുഞ്ഞുമായിരിക്കും. മൂവരും ഹെല്‍മെറ്റ് ധരിക്കാതെ ട്രാഫിക് സിഗ്‌നലില്‍ നില്‍ക്കുന്നത് കണ്‍ട്രോള്‍ റൂമിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടനടി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഫോണ്‍ റിസീവര്‍ എടുത്ത് ബൈക്ക് യാത്രികന് മുന്നറിയിപ്പ് നല്‍കി.

വാഹനത്തിന്റെ നമ്പറും സ്‌കൂട്ടറുകാരന്‍ ധരിച്ച വസ്ത്രത്തിന്റെ നിറം അടക്കം എടുത്ത് പറഞ്ഞാണ് പൊലീസുകാരന്‍ നിയമലംഘനത്തെ കുറിച്ച് ഓര്‍മിപ്പിച്ചത്. ഈ ശബ്ദം എവിടുന്ന് വരുന്നുവെന്ന തരത്തില്‍ സ്‌കൂട്ടറുകാരന്‍ മിഴിച്ചിരുന്ന് പോകുന്നു. ഹെല്‍മെറ്റ് ധരിക്കണമെന്ന് മാത്രമല്ല പിഴയെ കുറിച്ച് മുന്നറിയിപ്പും നല്‍കുന്നുണ്ട് പൊലീസ്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ശിവമൊഗ്ഗ പൊലീസ് സൂപ്രണ്ടിന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ വീഡിയോ വൈറലാകുകയാണ്. ഒരു പ്രത്യേക വ്യക്തിക്ക് പിഴ ചുമത്തിയതുകൊണ്ട് അയാള്‍ വീണ്ടും അതേ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പറയാനാകില്ലെന്നും ഇതുപോലെ പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് 'അപമാനിക്കപ്പെട്ടാല്‍' പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഹെല്‍മെറ്റ് ധരിക്കുമെന്നാണ് ന്റെ്റിസണ്‍സ് പറയുന്നത്.പൊലീസിന്റെ ഈ നടപടി മാറ്റം കൊണ്ടുവരുമെന്ന് നിരവധിയാളുകള്‍ പറയുന്നു. ഇന്ത്യയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന ധാരാളം പേരെ ഇന്നും കാണാം.

എത്ര ബോധവല്‍ക്കരണം ചെയ്താല്‍ നടപടികള്‍ സ്വീകരിച്ചാലും ഉത്തരവാദിത്ത ബോധമുള്ള ഡ്രൈവിംഗ് ശീലമാക്കാന്‍ വലിയൊരു വിഭാഗത്തിന് ഇന്നും മടിയാണ്. ആ സാഹചര്യത്തില്‍ കര്‍ണാടക പൊലീസിന്റെ ഈ നടപടി ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കും. കര്‍ണാടക പൊലീസ് സ്വീകരിച്ച ഈ ഒരു മാര്‍ഗത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. കേരള പൊലീസ് ഇതേ രീതി നമ്മുടെ നാട്ടില്‍ നടപ്പാക്കേണ്ടത് ഉണ്ടോ?. നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








