എസ്കേപ്പ് ഫ്രം എഐ ക്യാമറ! ഇങ്ങനെ ചെയ്യുന്ന ലോറിക്കാരും റൈഡർമാരും സൂക്ഷിച്ചോ, പിടിക്കാൻ എംവിഡിയുടെ സൂത്രപ്പണി
നമ്മുടെ നാട്ടിൽ നിയമം തെറ്റിക്കുന്നത് കണ്ടുപിടിക്കാനുളള സംവിധാനം കൊണ്ടു വന്നാൽ എങ്ങനെ കണ്ണുവെട്ടിക്കാമെന്ന് പരീക്ഷണം നടത്തുന്നവരാണ് പല ഡ്രൈവർമാരും. അത്തരത്തിൽ പുതിയ ഉഡായിപ്പ് കാണിക്കുന്നവരെ പിടിക്കാൻ എംവിഡി മാമൻമാർ തയ്യാറായി നിൽക്കുകയാണ്. പറഞ്ഞു വന്നത് നമ്പർ പ്ലേറ്റിൽ ചെളി വാരി തേച്ചും, ക്രാഷ് ഗാർഡ് കൊണ്ട് മറച്ച് ക്യാമറയുടെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെയാണ് എംവിഡി തിരയാൻ പോകുന്നത്.
കൂടുതലും നമ്പർ പ്ലേറ്റുകളിൽ ചെളി വാരി പുരട്ടുന്നത് ടിപ്പർ, ടോറസ് ലോറികളുടെ ഡ്രൈവർമാരാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. പിന്നിൽ മാത്രമല്ല വശങ്ങളിൽ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട് എങ്കിലും നെറ്റ് വലിച്ചു കെട്ടി മൂടുന്നതിനൊപ്പം നമ്പറും മൂടുകയാണ് ചെയ്യുന്നത്. ഇതോടെ മോട്ടോര്‍ വാഹനവകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍വഴിയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കൈവശമുള്ള ക്യാമറകള്‍ വഴിയും നിയമലംഘനങ്ങള്‍ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്.

നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്ക് കൈമാറുന്നതാണ് രീതി. പിന്നീട് കോടതിവിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനോടൊപ്പം തന്നെ നമ്പര്‍പ്ലേറ്റ് വായിക്കാൻ കഴിയാത്ത രീതിയിലാക്കുന്നവർക്ക് 5000 രൂപ വരെയാണ് പിഴ ചുമത്തുക. നമ്പർ പ്ലേറ്റുകൾ ഇല്ലാത്ത ഭാരവാഹനങ്ങൾ നിർത്തി പരിശോധിക്കുന്നത് അപകടകരമായത് കൊണ്ട് തന്നെ മഫ്തിയിൽ പരിശോധിക്കാനാണ് വകുപ്പിൻ്റെ തീരുമാനം.
എംവിഡിയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനൊപ്പം നിർബന്ധമായും അപ്ഡേറ്റ് ചെയ്തിട്ടുണ്ടായിരിക്കണം എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹന സംബന്ധമായ ഏതൊരു സേവനവും ലഭ്യമാവൂ. ടാക്‌സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും ഇക്കാര്യം നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതിനായി https://vahan.parivahan.gov.in/vahanservice/vahan/ui/statevalidation/homepage.xhtml?statecd=Mzc2MzM2MzAzNjY0MzIzODM3NjIzNjY0MzY2MjM3NGI0Yw== എന്ന ലിങ്കിൽ കയറി നിങ്ങളുടെ വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും. അതിൽ താഴെ ഭാഗത്ത് മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ വിശദാംശങ്ങൾ എന്റർ ചെയ്താൽ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.
ഈ വിൻഡോയിൽ ആധാർ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റർ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഒരുപക്ഷേ ഇതുവഴി അപ്ഡേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത സ്ക്രീൻഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്ഡേറ്റ് മൊബൈൽ നമ്പർ എന്ന ഐക്കൺ ഓപ്പൺ ചെയ്തു ആവശ്യപെടുന്ന ഡീറ്റൈൽസ് എന്റർ ചെയ്താൽ ഒരു അപ്ലിക്കേഷൻ നമ്പർ ക്രിയേറ്റ് ആവുകയും ആയതിൻ്റെ പ്രിൻറ് എടുക്കുകയും ചെയ്യുക .
തുടർന്ന് അതിൽ ചോദിക്കുന്ന മൂന്നു ഡോക്യുമെൻസ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്ക്രീൻഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും അപ്ഡേറ്റ് ചെയ്ത് തരണം എന്നുള്ള അപേക്ഷയും മൂന്നാമത്തേത് ഫോൺ നമ്പർ ഉള്ള ആധാർ അല്ലെങ്കിൽ ഈ ആധാറിന്റെ പകർപ്പ്. ഈ നാല് ഡോക്യുമെന്റും കൂടി പ്രിന്റ് എടുത്ത് ഫൈനൽ സബ്മിഷൻ ചെയ്ത് അതാത് ആർടി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
വാഹന ഉടമയുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ആവുകയും പേരിൽ മാത്രം തിരുത്തൽ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആധാറിൻ്റെ കോപ്പിയും ആർസി ബുക്കിന്റെ കോപ്പിയും അപേക്ഷയും എഴുതി അതാത് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കാവുന്നതാണ്.


Click it and Unblock the Notifications








