കാര്‍ വാങ്ങണമെങ്കില്‍ ആദ്യം 60 ലക്ഷം കെട്ടണം; പണക്കാരന്‍ മാത്രം വണ്ടി വാങ്ങിയാല്‍ മതിയെന്ന് സര്‍ക്കാര്‍!
ഇന്ത്യയില്‍ ഒരു കാര്‍ വാങ്ങാന്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് കൈയ്യില്‍ പണമുണ്ടെങ്കില്‍ നേരെ ഷോറൂമിലെത്തി ഇഷ്ടപ്പെട്ട കാര്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. സിംഗപ്പൂര്‍ എന്ന കുഞ്ഞന്‍ രാജ്യത്തെ കുറിച്ച് പലരും കേട്ടുകാണും. വികസിത രാജ്യങ്ങളുടെ പട്ടികയിലുള്‍പ്പെടുന്ന സിംഗപ്പൂരിലേക്ക് ജോലി തേടി നിരവധി ഇന്ത്യക്കാര്‍ കുടിയേറിയിട്ടുണ്ട്.
എന്നാല്‍ സിംഗപ്പൂരിലെ വാഹന പ്രേമികളെ നിരാശയിലായ്ത്തുന്ന ഒരു തീരുമാനമാണ് അധികൃതര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്. സിംഗപ്പൂരില്‍ ഇന്ത്യയിലെ പോലെ നേരെ ഷോറൂമിലേക്ക് കയറിച്ചെന്ന് മോഡല്‍ തെരഞ്ഞെടുത്ത് പണമടച്ച് വണ്ടിയുമെടുത്ത് വരാന്‍ സാധിക്കില്ല. കുഞ്ഞന്‍ രാജ്യമായ സിംഗപ്പൂരില്‍ വാഹന ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ചില്ലറ ബുദ്ധിമുട്ടുകളുണ്ട്. ഒരു കാര്‍ വാങ്ങുന്നതിനുള്ള ലൈസന്‍സിംഗ് ഫീസ് പലമടങ്ങ് വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ വിഷയം.

രാജ്യത്ത് ഒരാള്‍ക്ക് കാര്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷത്തേക്ക് ലൈസന്‍സ് ലഭിക്കാന്‍ 60 ലക്ഷം രൂപ ഫീസ് നല്‍കണമെന്നതാണ് പുതിയ ചട്ടം. സര്‍ട്ടിഫിക്കറ്റ് ഓഫ് എന്‍ടൈറ്റില്‍മെന്റ് (COE) എന്ന് പറയപ്പെടുന്ന ഈ സംവിധാനം 1990 മുതല്‍ നിലവിലുണ്ട്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്ള വ്യക്തികള്‍ക്ക് മാത്രമേ സിംഗപ്പൂരില്‍ കാര്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഭൂവിസ്തൃതിയുടെ കാര്യത്തില്‍ ചെറുതാണ് സിംഗപ്പൂര്‍ എന്ന് തുടക്കത്തിലേ സൂചിപ്പിച്ചല്ലോ.
ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്ന്. അതുകൊണ്ട് തന്നെ സിംഗപ്പൂര്‍ കാലങ്ങള്‍ക്ക് മുമ്പേ പൊതു ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിച്ച് വരുന്നു. ഒപ്പം സിംഗപ്പൂരിലെ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി COE പോലുള്ളവ ഉപയോഗിച്ച് നിയന്ത്രണവും കൊണ്ടുവന്നു. ഇത് അനുസരിച്ച് സിംഗപ്പൂര്‍ സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് കാര്‍ വാങ്ങാനും അവ നിരത്തിലിറക്കി ഓടിക്കാനും സാധിക്കുകയുള്ളൂ.

പത്ത് വര്‍ഷത്തേക്കാണ് കാര്‍ വാങ്ങുന്നതിനുള്ള ഉടമസ്ഥാവകാശ ലൈസന്‍സ് നല്‍കുന്നത്. രണ്ട് വിഭാഗങ്ങളിലായാണ് COE നല്‍കുക. ഓരോ കാറ്റഗറിക്കും വ്യത്യസ്ത നിരക്കും അനുവദിക്കുന്ന ക്വോട്ടയും വ്യത്യാസപ്പെടും. ഉടമാസ്ഥാവകാശം സ്വന്തമാക്കാനായി ഉയര്‍ന്ന നിരക്ക് നിശ്ചയിച്ചിട്ടും ആളുകളുടെ കൂട്ടയിടിക്ക് കുറവൊന്നും ഉണ്ടായില്ല. ആ സാഹചര്യത്തിലാണ് അധികൃതര്‍ ഫീ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്. 1.6 ലിറ്റര്‍ എഞ്ചിന്‍ ശേഷിയും 130 bhp പവര്‍ ഔട്ട്പുട്ടുമുള്ള വാഹനങ്ങളാണ് ഇതിന്റെ ആദ്യ വിഭാഗത്തില്‍ വരുന്നത്.
ഏറ്റവും ചെലവ് കുറഞ്ഞ കാറ്റഗറിയാണ് ഈ 'A'. ഈ വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്കുള്ള COE-ക്കായി 1,04,000 സിംഗപ്പൂര്‍ ഡോളറാണ് മുടക്കേണ്ടത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 60 ലക്ഷം രൂപ വരും. 1.6 ലിറ്ററിന് മുകളിലുള്ള എഞ്ചിനും 130 bhp-ക്ക് മുകളില്‍ പവര്‍ നല്‍കുകയും ചെയ്യുന്ന വാഹനങ്ങളുടെ ഉടമയാകാന്‍ പണം കുറച്ച് കൂടി പൊടിക്കണം. 1,46,002 സിംഗപ്പൂര്‍ ഡോളറാണ് ഈ വിഭാഗത്തില്‍ COE നിരക്ക്.
ഇത് ഏകദേശം 88 ലക്ഷം ഇന്ത്യന്‍ രൂപ വരും. ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നല്‍കാവൂ എന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍ നിരത്തിലെ കാറുകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്നാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ കരുതുന്നത്. സിംഗപ്പൂരിലെ ശരാശരി ആളോഹരി വരുമാനം 70,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 42 ലക്ഷം രൂപ) ആണ്.
അങ്ങനെ വരുമ്പോള്‍ ഒരു ശരാശരി വ്യക്തിക്ക് തന്റെ വാര്‍ഷിക വരുമാനമായി ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ മുടക്കിയാല്‍ മാത്രമേ 10 വര്‍ഷത്തേക്ക് കാര്‍ ഓടിക്കാനുള്ള അവകാശം ലഭിക്കുകയുള്ളൂവെന്ന് സാരം. അത് മാത്രം പോര ശേഷം കാര്‍ വാങ്ങാനുള്ള ചെലവും അതില്‍ ഇന്ധനം നിറച്ച് പരിപാലിച്ച് കൊണ്ട് നടക്കാനുള്ള ചെലവ് വേറെയും വരുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.
ഇങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ കൂടുതലായി പൊതു ഗതാഗത സംവിധാനത്തിലേക്ക് മാറുമെന്നും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്രയും ഉയര്‍ന്ന് ഫീ നല്‍കിയും കാറുടമകളാകാന്‍ ആളുകള്‍ രാജ്യത്ത് ക്യൂ നില്‍ക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് ശേഷമാണ് ഇത് കൂടാന്‍ സാഹചര്യമുണ്ടായത്. ഇതോടെ COE ഫീ വീണ്ടും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകുകയായിരുന്നു.
സിംഗപ്പൂര്‍ പോലുള്ള ചെറിയ രാജ്യത്ത് സകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടത് അത്യാവശ്യ കാര്യമാണെന്നതില്‍ തര്‍ക്കമില്ല. ആളുകള്‍ പൊതുഗതാഗത സംവിധാനത്തിലേക്ക് വരുന്നതോടെ പണം മാത്രമല്ല മലിനീകരണവും കുറക്കാന്‍ സാധിക്കുന്നു. അതുപേലെ വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്കും കുറക്കാന്‍ ഈ നീക്കം വഴി സാധിക്കും. എന്നാല്‍ ഒരു വാഹനം സ്വന്തമാക്കണം എന്ന സാധാരണക്കാരനായ സിംഗപ്പൂര്‍ നിവാസിയുടെ ആഗ്രഹം പൂവണിയാതെ വരുന്നുവെന്നത് മാത്രമാണ് സങ്കടകരമായ വസ്തുത.


Click it and Unblock the Notifications








