7-ാം വയസ്സിൽ ടാക്സ് അടച്ചു തുടങ്ങിയ പാട്ടുകാരൻ ഭാര്യക്ക് സമ്മാനിച്ചത് ബെൻസ്; അച്ഛൻ മലയാളികളുടെ പ്രിയ ഗായകൻ
വെറും 7 വയസ്സുള്ളപ്പോള്‍ സ്വന്തം വരുമാനത്തിന് നികുതി അടച്ചുതുടങ്ങിയ ആ ബാലതാരത്തെ ഓര്‍മ്മയുണ്ടോ? ഇന്ന് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള ടെലിവിഷന്‍ അവതാരകനും ഗായകനുമായ ആ താരം 1996-97 കാലഘട്ടത്തില്‍ ജബ് പ്യാര്‍ കിസിസെ ഹോത്താ ഹേ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച് 3.5 ലക്ഷം രൂപയാണ് പോക്കറ്റിലാക്കിയത്. ആ പണം കൊണ്ട് മാതാപിതാക്കള്‍ ഒരു മഞ്ഞ നിറത്തിലുള്ള സെന്‍ വാങ്ങിയതായി കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞിരുന്നു. ആ ബാലതാരം ഇന്ന് വളര്‍ന്ന് കുടുംബസ്ഥനായപ്പോള്‍ ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് പുത്തന്‍ മെര്‍സിഡീസ് ബെന്‍സ് GLS ആണ്.
മുംബൈയിലെ പ്രമുഖ മെര്‍സിഡീസ് ഡീലര്‍ഷിപ്പായ ഓട്ടോ ഹാങ്ങറില്‍ നിന്നാണ് അദ്ദേഹം ഈ ആഡംബര വാഹനം സ്വന്തമാക്കിയത്. കുടുംബത്തോടൊപ്പം പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.ഇനിയും ആളെ പിടികിട്ടിയിട്ടില്ലാത്തവര്‍ക്കായി പറയട്ടെ, മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വിഖ്യാത ഹിന്ദി ഗായകന്‍ ഉദിത് നാരായണന്റെ മകന്‍ ആദിത്യ നാരായണാണ് ആ താരം.

മലയാള സിനിമയില്‍ ഉദിത് നാരായണന്‍ പാടിയ പാട്ടുകളെല്ലാം ഇന്നും ഹിറ്റാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീത ലോകത്തെത്തിയ ആദിത്യ, 'ഇന്ത്യന്‍ ഐഡല്‍', 'സരിഗമപ' തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളുടെ അവതാരകനായും വലിയ ശ്രദ്ധ നേടി. വാഹനങ്ങളോടുള്ള തന്റെ പ്രിയം പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുണ്ട്.
മെര്‍സിഡീസ് ബെന്‍സിന്റെ എസ്‌യുവി നിരയിലെ ഏറ്റവും ആഡംബരമേറിയ മോഡലുകളില്‍ ഒന്നാണ് GLS. 'എസ്‌യുവികളിലെ S-ക്ലാസ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ആദിത്യ നാരായണ്‍ വാങ്ങിയ ഈ പുതിയ മോഡല്‍ സെലീനൈറ്റ് ഗ്രേ (Selenite Grey) ഷേഡിലുള്ളതാണെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പ്രീമിയം ലുക്കും കരുത്തുറ്റ പ്രകടനവുമാണ് ഈ വാഹനത്തെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലാക്കി മാറ്റുന്നത്. എക്സ്റ്റീരിയറിന് ഗാംഭീര്യം നല്‍കുന്ന മള്‍ട്ടി-ബീം എല്‍ഇഡി ഹെഡ്ലാമ്പുകളും 21 ഇഞ്ച് അലോയ് വീലുകളുമാണ് എസ്‌യുവിക്ക് ലഭിക്കുന്നത്.

സാങ്കേതിക വശങ്ങള്‍ നോക്കിയാല്‍, 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് ബെന്‍സ് GLS 450 4MATIC മോഡലിന്റെ ഹൃദയം. 381 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടാതെ, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ ഭാഗമായി 20 bhp അധിക പവറും 200 Nm ടോര്‍ക്കും എഞ്ചിന് പിന്തുണ നല്‍കുന്നു.
9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും ഒരേപോലെ പവര്‍ നല്‍കുന്ന 4MATIC സിസ്റ്റവും ഈ ഫുള്‍സൈസ് പ്രീമിയം എസ്‌യുവിയില്‍ വരുന്നു. ഭീമന്‍ എസ്‌യുവിയാണെങ്കിലും മെര്‍സിഡീസ് GLS വെറും 6.1 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായുള്ള എയര്‍മാറ്റിക് സസ്പെന്‍ഷന്‍ സംവിധാനമാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രധാന മെക്കാനിക്കല്‍ ഹൈലൈറ്റ്.

ആഡംബരം തുളുമ്പുന്ന ഇന്റീരിയറാണ് മെര്‍സിഡീസ് GLS എസ്‌യുവിയുടെ മറ്റൊരു ആകര്‍ഷണം. ക്യാബിനുള്ളില്‍ ഇന്‍ഫോടെയിന്‍മെന്റിനും ഇന്‍സ്ട്രുമെന്‍േറഷനുമായി 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ലഭിക്കുന്നു. ഏറ്റവും പുതിയ MBUX സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, 5 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ യാത്രക്കാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നു.
പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും വിനോദത്തിനായി പ്രത്യേകം സ്‌ക്രീനുകളും ആഡംബര സൗകര്യങ്ങളും ജര്‍മന്‍ ബ്രാന്‍ഡ് ഒരുക്കിയിട്ടുണ്ട്. ഇലക്‌ട്രോണിക്കലി ക്രമീകരിക്കാവുന്ന സീറ്റുകളും വെന്റിലേഷന്‍ സൗകര്യവും ദീര്‍ഘദൂര യാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നു. GLS എസ്‌യുവി യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും പ്രദാനം ചെയ്യുന്നു. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ വാഹനത്തിലുണ്ട്.
ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഈ എസ്‌യുവി പ്രീമിയം ഫാമിലി കാര്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട മോഡലാണ്. ഇന്ത്യയില്‍ ഏകദേശം 1.32 കോടി രൂപ മുതലാണ് മെര്‍സിഡീസ് ബെന്‍സ് GLS എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. ആദിത്യ നാരായണിനെ പോലുള്ള സെലിബ്രിറ്റികള്‍ക്കിടയില്‍ ഈ വാഹനം തരംഗമാണ്. നേരത്തെയും മികച്ച വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആദിത്യയുടെ ശേഖരത്തിലെ ഏറ്റവും മികച്ച മോഡലായി പുതിയ മെര്‍സിഡീസ് ബെന്‍സ് GLS മാറിക്കഴിഞ്ഞു.


Click it and Unblock the Notifications








