99 വീട് സ്വന്തമായുള്ള ഗായകന്‍, ചേട്ടനെ എല്ലാവരും അറിയും! കസ്റ്റം ഹമ്മര്‍ H2 സ്വന്തമാക്കി ഇന്‍ഡി പോപ്പ് കിംഗ്
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പഞ്ചാബി ഗായകരില്‍ ഒരാളാണ് മിക സിംഗ് (Mika Singh). മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഗായകന്‍ ദലേര്‍ മെഹന്ദിയുടെ ഇളയ സഹോദരനാണ് മിക സിംഗ്. പഞ്ചാബി ആല്‍ബങ്ങളിലൂടെ കരിയര്‍ തുടങ്ങിയ മിക പിന്നീട് ബോളിവുഡിന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ചു. 'സിംഗ് ഈസ് കിംഗ്', 'സബ്കി ബാജതേ റഹോ', 'തൂനെ മാരി എന്‍ട്രിയാന്‍' തുടങ്ങിയ ഗാനങ്ങളാണ് മികയുടെ കരിയറിലെ നാഴികക്കല്ലുകളായി മാറിയത്. ഊര്‍ജ്ജസ്വലമായ ശബ്ദശൈലിയും സ്‌റ്റേജിലെ പെര്‍ഫോമന്‍സും മികക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ 15 ദശലക്ഷം പേരും യൂട്യൂബില്‍ 6 ലക്ഷത്തില്‍ കൂടുതല്‍ ആളുകളുമാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മിക സിംഗ് ഒരു ഷോക്ക് 20 മുതല്‍ 30 ലക്ഷം രൂപ വരെ ഈടാക്കുന്നു. ഇത് കൂടാതെ പ്രൈവറ്റ് മ്യൂസിക്, റോയല്‍റ്റി എന്നിവ വഴിയും പണം ലഭിക്കുന്നു. വിവിധ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും പ്രത്യക്ഷപ്പെടുന്ന മിക സിംഗിന് 100 കോടി രൂപയിലധികം ആസ്തിയുള്ളതായാണ് ചില ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് 99 വീടുകള്‍ ഉള്ളതായി ഗായകന്‍ തുറന്നു പറഞ്ഞിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് അല്ലാതെ പഞ്ചാബി ഗായകന്‍ ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് കാറുകള്‍ക്കാണ്. പ്രിയപ്പെട്ടവര്‍ക്ക് വില കൂടിയ കാറുകള്‍ സമ്മാനിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ച ഗായകന്‍ സ്വന്തം ഉപയോഗത്തിനും ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടുന്നു. ഇപ്പോള്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോ, പോര്‍ഷ പനമേര, ഹമ്മര്‍ H3, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് GLS തുടങ്ങി ആഡംബര കാറുകള്‍ അണിനിരക്കുന്ന ഗരാജ് കസ്റ്റം ഹമ്മര്‍ H2 എസ്‌യുവി ചേര്‍ത്ത് വിപുലീകരിച്ചിരിക്കുകയാണ് ഗായകന്‍.
ദലേര്‍ മെഹന്ദിയുടെ മകനും ഗായകനുമായ ഗുര്‍ദീപ് മെഹന്ദി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വഴിയാണ് മിക പുതിയ വാഹനം വാങ്ങിയ വിവരം പുറംുലോകമറിഞ്ഞത്. ഈ എസ്യുവി മികയുടേതാണെന്ന് ഗുര്‍ദീപ് പോസ്റ്റിന്റെ അടിക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഗുര്‍ദീപ് മികക്കും ദലേര്‍ മെഹന്ദിയുടെ മരുമകനായ ഗായകന്‍ നവ്രാജ് ഹാന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ കുടുംബം മതിമറക്കുന്നതാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

തികച്ചും വ്യത്യസ്തവും ആഡംബരപൂര്‍ണവുമായ കസ്റ്റമൈസേഷനുകള്‍ക്ക് വിധേയമായിട്ടുണ്ട് മികയുടെ പുതിയ ഹമ്മര്‍ H2. ബ്ലാക്ക് ഫിനിഷില്‍ വരുന്ന എസ്‌യുവിയുടെ ബോണറ്റ്, ഫ്രണ്ട് ബമ്പര്‍, വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഫ്യുവല്‍ ടാങ്ക്, വീല്‍ ആര്‍ച്ച് ക്ലാഡിംഗുകള്‍, സൈഡ് വ്യൂ മിറര്‍ മൗണ്ടുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗോള്‍ഡ് കളറിലുള്ള ഡീറ്റെയിലിംഗ് നല്‍കിയിട്ടുണ്ട്. ഇത് പെയിന്റിംഗ് ആണോ അതോ യഥാര്‍ത്ഥ ഗോള്‍ഡ് പ്ലേറ്റിംഗുകളാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
മിക സിംഗ് സ്വന്തമാക്കുന്ന ആദ്യ ഹമ്മര്‍ അല്ല ഇത്. 2006-ല്‍ അദ്ദേഹം ഓറഞ്ച് നിറത്തിലുള്ള ഹമ്മര്‍ H2 സ്വന്തമാക്കിയിരുന്നു. ജനറല്‍ മോട്ടോര്‍സ് ഒരിക്കലും ഹമ്മര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. എന്നാല്‍ നിരവധിയാളുകള്‍ ഇവ സ്വകാര്യമായി ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നു. പരുക്കന്‍ ലുക്കും ലക്ഷ്വറിയും സമന്വയിക്കുന്ന ഹമ്മര്‍ H2 സമ്പന്നരുടെ പ്രിയപ്പെട്ട വാഹനങ്ങളില്‍ ഒന്നാണ്.
ഏത് പാതാളത്തിലേക്ക് വേണമെങ്കിലും കൊണ്ടുപോകാനുള്ള കഴിവും പരുക്കന്‍ ലുക്കുമുള്ള ഈ വാഹനം 2002 മുതല്‍ 2009 വരെയാണ് ജനറല്‍ മോട്ടോര്‍സ് വിപണനം ചെയ്തത്. എസ്‌യുവി, എസ്യുടികെ (നാല് ഡോറുകളുള്ള സ്‌പോര്‍ട്ട് യൂട്ടിലിറ്റി ട്രക്ക്) എന്നിങ്ങനെ രണ്ട് ബോഡി സ്‌റ്റൈലുകളില്‍ ഈ മോഡല്‍ ലഭ്യമായിരുന്നു. രൂപകല്‍പ്പനയുടെ കാര്യത്തില്‍ H1-നോട് സാമ്യമുണ്ടായിരുന്നുവെങ്കിലും H2 കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തു.
ആദ്യം വിപണിയിലെത്തിയ ഹമ്മര്‍ H2-ന് 325 bhp പവറും 495 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 6.0 ലിറ്റര്‍ V8 എഞ്ചിന്‍ ഉണ്ടായിരുന്നു. 2005-ല്‍ ലഭിച്ച അപ്‌ഡേറ്റിന്റെ ഫലമായി പവറും ടോര്‍ക്കും യഥാക്രമം 325 bhp, 495 Nm ആയി വര്‍ധിച്ചു. 2008-ല്‍ 6.0 ലിറ്റര്‍ V8 എഞ്ചിന് പകരം 6.2 ലിറ്റര്‍ V8 എഞ്ചിന്‍ കാറില്‍ സ്ഥാനം പിടിച്ചു.

409hp പവറും 563 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടായിരുന്ന എഞ്ചിന്‍ 6 സ്പീഡ് ട്രാന്‍സ്മിഷനുമായാണ് ഇണചേര്‍ത്തിരുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ഈ രണ്ട് എഞ്ചിനുകളും പഴികേട്ടു. പെട്രോള്‍ വില കൂടിയതിനൊപ്പം ആഗോള സാമ്പത്തിക മാന്ദ്യവും പാപ്പരത്തവും കാരണം ജിഎം 'ഹമ്മര്‍' ബ്രാന്‍ഡിന് ഷട്ടറിട്ടു. എന്നാല്‍ 2020-ല്‍ ഇലക്ട്രിക് അവതാരത്തില്‍ ഹമ്മര്‍ പുനര്‍ജനിച്ചിട്ടുണ്ട്.
ഹമ്മറിനെ പോലെ ഹമ്മര്‍ ഇവിയും ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നവര്‍ ഉണ്ട്. ഇന്നും യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് ഒരു ഹമ്മര്‍ വാങ്ങാന്‍ സാധിക്കും. നല്ല കണ്ടീഷനിലുള്ള ഹമ്മര്‍ H2 ഏകദേശം 50 മുതല്‍ 60 ലക്ഷം രൂപ പ്രൈസ് റേഞ്ചില്‍ ലഭിക്കാറുണ്ട്. എന്നാല്‍, വാഹനത്തിലെ കിറ്റുകളും കസ്റ്റമൈസേഷനുകളും അനുസരിച്ച് ഈ വിലയില്‍ മാറ്റങ്ങള്‍ വരാം. ഏതായാലും മിക സിംഗിന്റെ പുത്തര്‍ ഹമ്മറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും.


Click it and Unblock the Notifications








