പാട്ട് ബമ്പർ ഹിറ്റായി, 5 കോടിയുടെ കാര്‍ ആരാധകര്‍ക്ക് വെറുതെ നല്‍കുമെന്ന് ഷക്കീറ! ചെയ്യേണ്ടത് ഇത്രമാത്രം
കൊളംബിയന്‍ ഗായികയായ ഷക്കീറയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. 2010 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ' ആടിത്തിമിര്‍ത്ത് പാടി അഭിനയിച്ച ഷക്കീറ എല്ലാ വന്‍കരകളിലും പ്രശസ്തയായിരുന്നു. ലാറ്റിന്‍ സംഗീത്തിന്റെ രാജ്ഞി എന്നാണ് ഷക്കീറ അറിയപ്പെടുന്നത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ ഷക്കീറ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒരു കാര്യമാണ് ഇനി പറയാന്‍ പോകുന്ന. ഷക്കീറ ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ പര്‍പ്പിള്‍ കളര്‍ ലംബോര്‍ഗിനി ഉറൂസ് കാര്‍ സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. 'ഗിവ് എവേ' ആയി നല്‍കുന്ന കാര്‍ സ്വന്തമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് ഇനി പറയാന്‍ പോകുന്നത്.
ലോകകപ്പ് ജേതാവായ സ്പാനിഷ് ഫുട്ബാളര്‍ ജെറാഡ് പീക്വേയുമായുള്ള ബന്ധം 2022-ലാണ് ഷക്കീറ (Shakira) വേര്‍പെടുത്തിയത്. പങ്കാളിയില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷമാണ് പ്രശസ്ത ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ലംബോര്‍ഗിനിയുടെ എസ്‌യുവി മോഡലായ ഉറൂസ് S (Lamborghini Urus S) സ്വന്തമാക്കിയത്. ഇന്ത്യയിലടക്കം വളരെ ആരാധകരുള്ള ഒരു കാറാണിത്. നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള ലംബോര്‍ഗിനി മോഡല്‍ കൂടിയാണ് ഉറൂസ്.

പര്‍പ്പിള്‍ നിറത്തിലുള്ള ലംബോര്‍ഗിനി കാര്‍ സിംഗിള്‍ ലൈഫ് തുടങ്ങിയപ്പോള്‍ താന്‍ സ്വയം സമ്മാനിച്ചതാണെന്നും, എന്നാല്‍ മനുഷ്യബന്ധമാണ് ഏറ്റവും പ്രധാനമെന്ന് താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നതായി ഷക്കീറ ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഷക്കീറയുടെ ഏറ്റവും പുതിയ ഗാനമായ സോള്‍ട്ടെറയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി വാഗ്ദാനം ചെയ്തത് പോലെ ആരാധകരില്‍ ഒരാള്‍ക്ക് സമ്മാനിക്കാന്‍ പോകുകയാണ് 48-കാരി.
തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കുമുള്ള നന്ദിയാണ് ഇതെന്നാണ് ഗായിക പറയുന്നത്. ഒക്ടോബറില്‍ ബില്‍ബോര്‍ഡിന്റെ ലാറ്റിന്‍ പോപ്പ് എയര്‍പ്ലേയില്‍ 'സോള്‍ട്ടെറ' ഒന്നാം സ്ഥാനത്തായിരുന്നു. സ്പാനിഷ് ടിവി ചാനലായ യൂനിവിഷനുമായി സഹകരിച്ചാണ് ഗിവ് എവേ നടത്തുന്നത്. ഷക്കീറയുടെ ഉറൂസ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ആദ്യം elcarrodeshakira.com വെബ്സൈറ്റ് സന്ദര്‍ശിച്ച് സൈന്‍-അപ്പ് ഫോം പൂരിപ്പിക്കണം.

ശേഷം 'സോള്‍ട്ടെറ' ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ റെക്കോഡ് ചെയ്ത് #lCarroDeShakira എന്ന ഹാഷ്ടാഗ് സഹിതം ഇന്‍സ്റ്റഗ്രാമിലോ ടിക്‌ടോക്കിലോ പങ്കുവെക്കണം. ഷക്കീറയും സംഘവും അഞ്ച് ഫൈനലിസ്റ്റുകളുടെ ചുരുക്കപ്പട്ടിക തയാറാക്കും. ഇതില്‍ നിന്ന് പൊതുവോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിയെ ഡിസംബര്‍ ആറിന് 'ഡെസ്പിയേര്‍ട്ട അമേരിക്ക' ഷോയില്‍ പ്രഖ്യാപിക്കും. ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന ദിവസം നാളെയാണ്.
സങ്കടകരമായ വസ്തുത എന്തെന്നാല്‍ അമേരിക്കയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ള ഷക്കീറയുടെ ഫോളോവേഴ്‌സിന് മാത്രമേ കോണ്ടസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കൂ. നിങ്ങള്‍ ഇന്ത്യയിലുള്ള വ്യക്തിയാണെങ്കില്‍ ഇക്കാര്യം മറന്നേക്കുക. 2024 ഡിസംബറില്‍ മിയാമിയില്‍ വെച്ച് ലംബോര്‍ഗിനി ഉറൂസ് വിജയിക്ക് സമ്മാനിക്കും. ഷക്കീറ ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്മസ് സമ്മാനം കൂടിയായാണ് ഈ മത്സരം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഹാഷ്ടാഗ് സഹിതം ആയിരക്കണക്കിന് വീഡിയോകളാണ് ഇന്‍സ്റ്റയിലും ടിക്‌ടോക്കിലും കുമിഞ്ഞ്കൂടുന്നത്.

650 bhp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന 4.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് V8 എഞ്ചിനാണ് ഷക്കീറയുടെ ലംബോര്‍ഗിനി ഉറൂസ് S പതിപ്പിന്റെ ഹദേയം. വെറും 3.6 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 190 മൈലാണ് പരമാവധി വേഗത. പെര്‍ഫോമന്‍സില്‍ മാത്രമല്ല സൗന്ദര്യത്തിലും മികച്ചു നില്‍ക്കുന്ന കാറാണ് ഷക്കീറയുടെ ലംബോര്‍ഗിനി ഉറൂസ് S.
മാറ്റ് പര്‍പ്പിള്‍ നിറത്തില്‍ പൊതിഞ്ഞ ഈ കാറിന്റെ ഇന്റീരിയര്‍ വൈറ്റ് നിയോണ്‍ ഗ്രീന്‍ നിറത്തിലാണ് വരുന്നത്. മത്സര വിജയിക്ക് കാര്‍ ഫ്രീയായി ലഭിക്കുമെങ്കിലും വിജയി രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ്, ടൈറ്റില്‍ ഫീസ്, ഡെലിവറി, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് പണം നല്‍കേണ്ടി വരും. ലംബോര്‍ഗിനി ഉറൂസിന്റെ ഇന്ത്യയിലെ വില 4.57 കോടി രൂപയാണ്. നിരത്തിലെത്തുമ്പോള്‍ വില ഏകദേശം 5 കോടി കടക്കും.


Click it and Unblock the Notifications








