ഹിന്ദിക്കാരെ 'പാടി' കൈയ്യിലെടുത്ത മലയാളി പയ്യന്‍, അംബാനി കല്ല്യാണത്തിലെ താരം! വാങ്ങിയത് കോടികളുടെ ഉറൂസ്
ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഹൈ-പെര്‍ഫോമന്‍സ് എസ്‌യുവിയാണ് ലംബോര്‍ഗിനി ഉറൂസ്. കോടികള്‍ വില മതിക്കുന്ന ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഉറൂസ് ഇന്ത്യയിലടക്കം സെലിബ്രിറ്റികള്‍ ക്യൂ നിന്നാണ് വാങ്ങുന്നത്. ബോളിവുഡ് നടന്‍മാരായ രണ്‍വീര്‍ സിംഗ്, കാര്‍ത്തിക് ആര്യന്‍, സംവിധായകന്‍ രോഹിത് ഷെട്ടി, ക്രിക്കറ്റര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, ബിസിനസുകാരനായ അദാര്‍ പൂനാവല്ല എന്നിവരാണ് ഇന്ത്യയിലെ ഉറൂസ് ഉടമകളായ പ്രമുഖര്‍. റാപ്പറായ ബാദ്ഷയും ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ മറ്റൊരു ഗായകന്‍ കൂടി ലംബോര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പാകിസ്ഥാനി ഗായകനാണ് ആതിഫ് അസ്‌ലം. ഒരു കാലത്ത് ആതിഫ് പാടിയ ബോളിവുഡ് ഗാനങ്ങള്‍ എല്ലാം തന്നെ യൂത്തിനിടയില്‍ തരംഗമായിരുന്നു. അടുത്ത കാലത്തായി ലുക്ക് കൊണ്ടും ശബ്ദം കൊണ്ടും ആതിഫുമായി സാമ്യമുള്ള ഒരു ഇന്ത്യന്‍ ഗായകന്‍ താരമായി മാറിയിരുന്നു. നമ്മള്‍ പറഞ്ഞ് വരുന്നത് സ്‌റ്റെബിന്‍ ബെനിനെ കുറിച്ചാണ്. മലയാളി വേരുകളുള്ള സ്‌റ്റെബിന്റെ കുടുംബം മധ്യപ്രദേശിലെ ഭോപ്പാലിലാണ് സ്ഥിരതാമസം.

ജനപ്രിയ ഗാനങ്ങളുടെ കസ്റ്റമൈസ്ഡ് ട്രാക്കുകള്‍ പാടിയാണ് സ്‌റ്റെബിന്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. 2017-ല്‍ 'കൈസി യേ യാരിയാന്‍' എന്ന വെബ്‌സീരീസിലൂടെയാണ് സ്‌റ്റെബിന് ആദ്യം അംഗീകാരം ലഭിക്കുന്നത്. എഞ്ചിനീയറോ പൈലറ്റോ അല്ലെങ്കില്‍ ക്രിക്കറ്ററോ ആകാന്‍ കൊതിച്ച ഭോപാലുകാരന്‍ അപ്രതീക്ഷിതമായാണ് സംഗീതലോകത്ത് എത്തിയത്. 2021-ല്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര അഭിനയിച്ച തോഡാ തോഡാ പ്യാര്‍ എന്ന ഗാനത്തിലൂടെയാണ് സ്റ്റെബിന്റെ സംഗീത യാത്രയില്‍ വഴിത്തിരിവ് സംഭവിച്ചത്.
പിന്നാലെ വിജയ് ദേവരകൊണ്ട, അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി, ഷാഹിദ് കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കി. സാഹിബ, തോഡാ തോഡാ പ്യാര്‍, റൂല കെ ഗയാ ഇഷ്‌ക് തുടങ്ങിയ ഗാനങ്ങള്‍ സ്റ്റെബിന് ആഗോള പ്രശസ്തി നേടിക്കൊടുത്തു. സ്‌റ്റെബിന്റെ സാഹിബ എന്ന ഗാനം സ്പോട്ടിഫൈ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗാനമായി മാറുകയും ഗ്ലോബല്‍ ടോപ്പ് ചാര്‍ട്ടുകളില്‍ ഇടം നേടുകയും ചെയ്തു.

പിന്നണി ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല വിവിധ വിവാഹ പരിപാടികളിലും കോര്‍പ്പറേറ്റ് ഷോകളിലും സ്റ്റെബിന്‍ ലൈവ് പെര്‍ഫോമന്‍സുകള്‍ നടത്തുന്നു. അംബാനി കുടുംബത്തില്‍ നടന്ന വിവാഹത്തില്‍ സ്‌റ്റെബിന്‍ പാടിയിരുന്നു. ക്രിക്കറ്റര്‍ എംഎസ് ധോണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗായകന്‍ കൂടിയാണ് സ്‌റ്റെബിന്‍. സംഗീതജ്ഞന്‍ എന്നതിലുപരി ഇന്ത്യയിലെ ജെന്‍ Z, മില്ലേനിയല്‍ കിഡ്‌സിനിടയില്‍ ഒരു ലൈഫ്‌സ്‌റ്റൈല്‍ ഐക്കണ്‍ കൂടിയാണ് സ്‌റ്റെബിന്‍.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ സെലിബ്രിറ്റികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബാന്ദ്രയില്‍ 6.67 കോടിയുടെ അപാര്‍ട്‌മെന്റ് വാങ്ങിയ സ്‌റ്റെബിന്‍ ഇപ്പോള്‍ ഒരു ലംബാര്‍ഗിനി ഉറൂസ് സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ പുത്തന്‍ പര്‍ച്ചേസിലൂടെ ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളോടുള്ള തന്റെ ഇഷ്ടം പരസ്യമാക്കുകയാണ് ഗായകന്‍. പുതിയ ഉറുസിനൊപ്പമുള്ള സ്‌റ്റെബിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഏകദേശം 5.5 കോടി രൂപ ഓണ്‍-റോഡ് വിലയുള്ള ഉറൂസ് ആഡംബരവും പെര്‍ഫോമന്‍സും സമന്വയിക്കുന്ന ഒരു എസ്‌യുവിയാണ്. മെര്‍സിഡീസ്-എഎംജി G63, പോര്‍ഷ 718 കണ്‍വെര്‍ട്ടിബിള്‍ എന്നിവയുള്‍പ്പെടെ ഗരാജിലേക്കാണ് പുത്തന്‍ ഉറൂസ് എത്തിയിരിക്കുന്നത്. ഉറൂസിനെ കുറിച്ച് പറയുമ്പോള്‍ സൂപ്പര്‍ കാറുകള്‍ മാത്രം നിര്‍മിച്ചിരുന്ന കമ്പനി കൊണ്ടുവന്ന ആദ്യത്തെ എസ്‌യുവിയാണ് ഉറൂസ്.
ഔഡി RSQ8, ബെന്റ്‌ലി ബെന്റേഗ, പോര്‍ഷ കയീന്‍ തുടങ്ങിയ മോഡലുകള്‍ പണികഴിപ്പിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിലാണ് ഈ അത്യാഡംബര എസ്‌യുവിയും നിര്‍മിച്ചിരിക്കുന്നത്. 657 bhp പവറും 850 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിനാണ് ഉറൂസിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ ഉറൂസിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.3 സെക്കന്‍ഡ് സമയം മാത്രം മതി. അതേസമയം എസ്‌യുവിയുടെ പരമാവധി വേഗം മണിക്കൂറില്‍ 300 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഫുള്ളി എയര്‍ സസ്പെന്‍ഷനുമായി വരുന്ന എസ്‌യുവി ഹാന്‍ഡ്ലിങ്ങും സ്റ്റെബിലിറ്റിയും തമ്മില്‍ മികച്ച ബാലന്‍സ് നല്‍കുന്നു.
സബ്ബിയ (സാന്റ്), നീവ് (സ്നോ), സ്ട്രാഡ (സ്ട്രീറ്റ്), സ്പോര്‍ട്സ്, കോര്‍സ (ട്രാക്ക്), ടെറ (മഡ്) തുടങ്ങിയ ഡ്രൈവിംഗ് മോഡുകളും ഉറൂസില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഔഡി RSQ8, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX 707, പോര്‍ഷ കയീന്‍ ടര്‍ബോ ജിടി, ഫെറാറി പുറോസാങ്‌ഗ്വേ, മസെരാട്ടി ലെവന്റെ എന്നിവയാണ് ഉറൂസിന്റെ പ്രധാന എതിരാളികള്‍. വരും ദിവസങ്ങളിലും ഇനിയും ഒരുപാട് സെലിബ്രിറ്റികള്‍ ഈ കാര്‍ വാങ്ങാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








