ധീരന് മരണം ഒന്നേയുള്ളൂ...!!! മാരുതി 800 -ന് എതിരെ പടവെട്ടി മൺമറഞ്ഞ സിപാനി ഡോൾഫിൻ - ഒരു ഫ്ലാഷ്ബാക്ക്
ഇന്ത്യയിലെ ആദ്യത്തെ കോംപാക്ട് ഹാച്ച്‌ബാക്ക്, പല കുടുംബങ്ങളിലേയും ആദ്യ കാർ എന്നീ നലകളിൽ മാരുതി 800 -നെ കുറിച്ച് നിരവധി ഓർമ്മകൾ നമ്മളിൽ പലരുടേയും മനസിലുണ്ടാവും. എന്നിരുന്നാലും, ഇന്ത്യയിൽ ചെറിയ എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ എന്ന ആശയത്തിന് തുടക്കമിട്ട കാർ മാരുതി 800 ആയിരുന്നില്ല എന്നതാണ് വാസ്തവം. സിപാനി ഡോൾഫിൻ ആയിരുന്നു ഈ ആശയം നിറവേറ്റിയ ആദ്യ മോഡൽ, മാരുതി 800 വിപണിയിൽ എത്തുന്നതിനും മുമ്പുള്ളതാണിത്.
പക്ഷേ 800 -ന്റെ വൻ തോതിലുള്ള വിജയത്താൽ അധികം ആരും അറിയാതെ പോയ ഒരു മോഡലാണ് ഡോൾഫിൻ. നന്നായി മെയിന്റെയിൻ ചെയ്യപ്പെടുന്ന ഒരു സിപാനി ഡോൾഫിൻ മോഡൽ ഇന്ന് കണ്ടെത്തുന്നത് വൈക്കോൽ കൂനയിൽ സൂചി കണ്ടെത്തുന്നതിലും പ്രയാസകരമാണ്. എന്നിരുന്നാലും, ഈയിടെ നമ്മുടെ കേരളത്തിൽ നിന്ന് മനോഹരമായി റീസ്റ്റോർ ചെയ്ത ഒരു ഡോൾഫിൻ നമുക്ക് കാണാൻ സാധിച്ചു, ഇന്ത്യയിലെ ഈ ഐക്കണിക് ചെറുകാറിന്റെ വിശേഷങ്ങൾ നമുക്ക് ഒന്നു നോക്കാം.

ഇപ്പോഴും സുഗമമായി പ്രവർത്തിക്കുന്ന ഒരു മോഡലാണിത്, വാഹനത്തിന്റെ നിലവിലെ ഉടമ വളരെ ഉത്സാഹത്തോടെ തന്നെ പരിപാലിക്കുകയും ചെയ്യുന്നു. വാഹനത്തെക്കുറിച്ച് പറയുന്നതിന് മുന്നോടിയായി കമ്പനിയെക്കുറിച്ച് പറയാം, സിപാനി ഓട്ടോമൊബൈൽസ് എന്നത് 1973 -ൽ പ്രവർത്തനം ആരംഭിച്ച ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ കാർ നിർമ്മാതാക്കളായിരുന്നു. കമ്പനിയുടെ ആദ്യത്തെ ചെറുകാർ മോഡൽ മൂന്ന് വീലുകളുള്ള ബാദലായിരുന്നു എന്നാൽ ഡോൾഫിൻ പൊതുജനങ്ങൾക്കുള്ള കൂടുതൽ സമഗ്രമായ ഓഫറായിട്ടാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചത്.
സിപാനി 1982 -ൽ ഡോൾഫിൻ പുറത്തിറക്കി, പ്രാഥമികമായി തങ്ങളുടെ നിർമ്മാണ കേന്ദ്രത്തിന് സമീപമുള്ള ദക്ഷിണേന്ത്യൻ വിപണികളെ ലക്ഷ്യം വച്ചാണ് ബ്രാൻഡ് ഈ മോഡൽ വിൽപ്പനയ്ക്ക് എത്തിച്ചത്. അടിസ്ഥാനപരമായി യുകെ ആസ്ഥാനമായുള്ള റിലയന്റ് കമ്പനിയുടെ കിറ്റ് എന്ന മോഡലിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് ഡോൾഫിൻ. ഫൈബർഗ്ലാസ് ബോഡി വർക്കുമായിട്ടാണ് വാഹനം അവതരിപ്പിച്ചത്, അക്കാലത്തെ തികച്ചും സവിശേഷമായ ഘടകങ്ങളിൽ ഒന്നായിരുന്നു ഇത്.

എന്നിരുന്നാലും, കൂടുതൽ വിശ്വസനീയമായ ജാപ്പനീസ് എഞ്ചിനീയറിംഗും മെറ്റൽ ബോഡി വർക്കുമായി 1983 -ൽ മാരുതി 800 വിപണിയിൽ എത്തിയതിനെ തുടർന്ന്, വാങ്ങാൻ സാധ്യതയുള്ളവരിൽ പലരും ഡോൾഫിന്റെ ഫൈബർഗ്ലാസ് ബോഡിയുടെ ഗുണനിലവാരം, ഈട് എന്നിവയെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഈ ഒരു ഘടത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എണ്ണത്തിൽ പരിമിതമായ ഉപഭോക്താക്കളെ കണ്ടെത്തി സിപാനി ഡോൾഫിൻ അടുത്ത അഞ്ച് വർഷം കൂടി വിൽപ്പനയിൽ തുടർന്നു.
മാരുതി 800 അഥവാ SS80 -ക്ക് മുന്നിൽ സിപാനി ഡോൾഫിന് അനുകൂലമായി പ്രവർത്തിച്ചത്, വാഹനത്തിന്റെ ശക്തവും ആശ്രയിക്കാവുന്നതുമായ എഞ്ചിനായിരുന്നു. മൂന്ന് സിലിണ്ടർ 796 സിസി എഞ്ചിൻ അവതരിപ്പിച്ച മാരുതി 800 -നെ അപേക്ഷിച്ച്, ഡോൾഫിൻ നാല് സിലിണ്ടർ 848 സിസി പെട്രോൾ എഞ്ചിനുമായിട്ടാണ് എത്തിയിരുന്നത്.

ഒരു എക്സ്ട്ര സിലിണ്ടർ കൂടുതൽ റിഫൈൻമെന്റും വലിയ കപ്പാസിറ്റി കൂടുതൽ കരുത്തും ഉറപ്പാക്കുന്നു, ഡോൾഫിന്റെ 848 സിസി എഞ്ചിൻ പരമാവധി 38 bhp പവർ ഔട്ട്പുട്ട് പുറപ്പെടുവിക്കുന്നു. ഫൈബർഗ്ലാസ് ബോഡി കാരണം, സിപാനി ഡോൾഫിൻ 505 കിലോഗ്രാം ഭാരമുള്ള ഒരു ലൈറ്റ് വെയിറ്റ് കാറായിരുന്നു. അക്കാലത്ത് ആഡംബരമായി കണക്കാക്കപ്പെട്ടിരുന്ന എയർകണ്ടീഷണർ പോലും ഈ വാഹനത്തിൽ സജ്ജീകരിച്ചിരുന്നു.
ഇന്ത്യൻ കാർ വിപണിയിലെ മങ്ങിത്തുടങ്ങിയ പ്രകടനത്തിന് ശേഷം, സിപാനി ഡോൾഫിൻ 1987 -ൽ കമ്പനി നിർത്തലാക്കി, അതിനു ശേഷം സിപാനി മൊണ്ടാന ഇതിന്റെ പിൻഗാമിയായി എത്തി. എന്നിരുന്നാലും, പുതിയ മോഡൽ അടിസ്ഥാനപരമായി പുനർരൂപകൽപ്പന ചെയ്ത മൊണ്ടാന ആയിരുന്നു, എക്സ്റ്റെൻഡഡ് റിയർ ഓവർഹാംഗും കൂടുതൽ ആംഗുലാർ രൂപവുമുള്ള ഒരു സ്റ്റേഷൻ വാഗൺ ഡിസൈനിലാണ് ഇത് എത്തിയത്. ഒരു പക്ഷെ അല്പം കൂടെ വിൽപ്പനയും ജനപ്രീതിയും കൈക്കലാക്കിയിരുന്നെങ്കിൽ മാരുതി 800 -ന്റെ ചരിത്രത്തിൽ ഒരു ഒത്ത എതിളാരി എന്ന നിലയിലേക്ക് ഉയർന്നേക്കാവുന്ന ഒരു മോഡലായിരുന്നു സിപാനി ഡോൾഫിൻ.


Click it and Unblock the Notifications








