'നോ പാര്‍ക്കിംഗില്‍' കാര്‍ നിര്‍ത്തല്ലേ... പ്രായമായവരെ പോലും വെറുതെ വിടാതെ ക്രൂരത
ഇന്ന് ഒട്ടുമിക്ക ഇന്ത്യന്‍ നഗരങ്ങളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. നഗരങ്ങളിലെ വാഹനങ്ങളുടെ ഒഴുക്ക് സുഖമമാക്കാനായി നോ പാര്‍ക്കിംഗില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ അധികാരികള്‍ കെട്ടിവലിച്ച് കൊണ്ടുപോകുകയോ പിഴ ചുമത്തുകയോ ചെയ്യാറുണ്ട്. നോ പാര്‍ക്കിംഗില്‍ വണ്ടി പാര്‍ക്ക് ചെയ്തവര്‍ തിരിച്ചെത്തുമ്പോള്‍ വാഹനം കാണാത്ത അവസ്ഥയുണ്ടാകാറുണ്ട്. പൊലീസ് സ്റ്റേഷനില്‍ ചെന്ന് ശിക്ഷ നടപടികള്‍ സ്വീകരിച്ച ശേഷമാകും വാഹനം തിരിച്ച് കിട്ടുക.
എന്നാല്‍ ഓരോ നഗരങ്ങള്‍ക്ക് അനുസരിച്ച് അവിടത്തെ ഭരണകൂടം അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാറുണ്ട്. നോ പാര്‍ക്കിംഗില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്ന ചില നഗരങ്ങളുമുണ്ട്്. എന്നാല്‍ ഇത്തരം ഏജന്‍സികള്‍ അധികാരികള്‍ക്ക് ഇപ്പോള്‍ വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അത്തരത്തില്‍ ഒരു വീഡിയോ ആണിപ്പോള്‍ നവ മാധ്യമങ്ങളില്‍ വൈറല്‍.

ഒരു ചുവന്ന സ്‌കോഡ ഫാബിയ കാര്‍ വലിച്ചുകൊണ്ടുപോകുന്നതാണ് വൈറല്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ എന്തിത്ര പുതുമ എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ വലിച്ച് കൊണ്ടുപോകുന്ന കാറില്‍ രണ്ട് പ്രായമായവരെ കാണാം. യാത്രക്കാര്‍ ഇരിക്കേ കാര്‍ വലിച്ച് കൊണ്ടുപോയ സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസണ്‍സ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ നോയിഡയിലെ ട്രാഫിക് സുഗമമാക്കുന്നതിനായി നോ പാര്‍ക്കിംഗ് സോണില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്ന ജോലി സ്വകാര്യ ഏജന്‍സികളെ ഏല്‍പിച്ചിരിക്കുകയാണ്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്ന യാത്രക്കാരെ പിഴ ചുമത്തുകയും ചെയ്യുന്നു. ഇവിടെ വിശ്വജിത് മജുംദാര്‍ എന്നയാളുടേതാണ് സ്‌കോഡ ഫാബിയ കാര്‍. ആശുപത്രിയില്‍ പോകുന്നതിനായി നോയിഡ സെക്ടര്‍ 50-യില്‍ എത്തിയ വിശ്വജിത് കാര്‍ നോ പാര്‍ക്കിംഗ് സോണില്‍ നിര്‍ത്തിയിട്ടു.

നോ പാര്‍ക്കിംഗ് ബോര്‍ഡ് ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാര്‍ നിര്‍ത്തി ഇറങ്ങിയത്. അഞ്ചുമിനിറ്റ് കൊണ്ട് തിരിച്ചെത്തിയെങ്കിലും ടൗയിംഗ് കമ്പനി തനിക്ക് പറയാനുള്ളതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് കാറുടമ ആരോപിക്കുന്നത്. ഏറെ അഭ്യര്‍ത്ഥിച്ചിട്ടും അകത്ത് ആളുകളുമായി കാര്‍ വലിച്ച് കൊണ്ടുപോകുകയായിരുന്ന ഏജന്‍സി ജീവനക്കാര്‍. പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ മാത്രമേ കാര്‍ കിട്ടൂ എന്നായിരുന്നു ഉടമയോട് പറഞ്ഞത്.
വഴിയാത്രക്കാരില്‍ ഒരാളാണ് പാസഞ്ചേഴ്സ് ഉള്ള കാര്‍ വലിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എംജി ഇന്‍ഫ്ര സൊലൂഷന്‍സ് എന്ന ഏജന്‍സിക്കാണ് നോയിഡ സെക്ടര്‍ 50 പ്രദേശത്തെ പാര്‍ക്കിംഗ് മാനേജ്മെന്റ് ചുമതല. പൊതുജനങ്ങളോട് മോശമായി പെരുമാറുകയും പണം തട്ടുകയും ചെയ്തതിന് ഈ ഏജന്‍സി മുമ്പും ശാസിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഏതായാലും മാര്‍ച്ച് 20-ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ക്രെയിന്‍ ഓപറേറ്റര്‍ക്കും സഹായിക്കുമെതിരെ സെക്ടര്‍ 49 പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല എംജി ഇന്‍ഫ്ര സൊലൂഷന്‍സിന് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കുന്നതിനായി സ്വകാര്യ കമ്പനിക്ക് നോട്ടീസ് അയച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നോ പാര്‍ക്കിംഗ് സോണുകളില്‍ വാഹനം നിര്‍ത്തിയിടുന്നത് നിയമലംഘനമാണ് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഇതിനെതിരെ നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ സാഹചര്യം മുതലെടുത്ത് ജനങ്ങളുടെ മേല്‍ കുതിരകയറുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. പൊതുജന നന്മക്കായാണ് പാര്‍ക്കിംഗ് മാനേജ്മെന്റ് പോലുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നത്. എന്നാല്‍ ഇത് അവരുടെ തന്നെ സുരക്ഷയെ ബാധിക്കുന്ന തരത്തിലേക്ക് മാറുന്ന അവസ്ഥ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനായി നോ പാര്‍ക്കിംഗ് സോണുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. വാഹനം നിര്‍ത്തി ഇറങ്ങിയ ശേഷം നോ പാര്‍ക്കിംഗ് ആണോ എന്ന് ഉറപ്പ് വരുത്തണം. പലപ്പോഴും ട്രാഫിക് ബോര്‍ഡുകള്‍ മരങ്ങളുടെ ഇലകളും ചില്ലകളും വന്ന് മറഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. ചില ഇടങ്ങളില്‍ ട്രാഫിക് ബോര്‍ഡുകളുടെ മുകളില്‍ വരെ പോസ്റ്ററുകള്‍ പതിച്ചതായി കാണാം. അതുകൊണ്ട് നഗരങ്ങളിലും മറ്റും കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ അനുവദിച്ച ഇടങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.


Click it and Unblock the Notifications








