റോക്കി ഭായ് ആവാൻ നോക്കിയതാ... സൈലൻസറിൽ വെച്ച് സിഗരറ്റ് കത്തിച്ച ഇൻഫ്ലുവന്‍സര്‍ക്ക് സംഭവിച്ചത്
ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കാന്‍ വേണ്ടി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ പല പല അടവുകളും പയറ്റാറുണ്ട്. വ്യത്യസ്തമായ വീഡിയോകള്‍ക്ക് കാഴ്ചക്കാരെ കൂടുതല്‍ ലഭിക്കുന്നതിനാല്‍ അപകട സാധ്യതയുള്ള പല പ്രവര്‍ത്തികളും അവര്‍ ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ക്ക് ലഭിക്കുന്ന റീച്ചിനെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ക്ക് വരുമാനം ലഭിക്കുന്നത്. ഫോളോവേഴ്‌സിനെയും കാഴ്ചക്കാരെയും കൂട്ടാനായി അപകടം പിടിച്ച പ്രവര്‍ത്തികളും ചെയ്യാന്‍ ആളുകള്‍ മുതിരുന്നത് ഈ കാരണങ്ങള്‍ ഒക്കെ കൊണ്ടാണ്. അടുത്തിടെ പോര്‍ഷ 718 കേമാന്‍ കാറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് പുറത്തുവരുന്ന തീപ്പൊരിയില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ച ഇൻഫ്ലുവന്‍സറുടെ ഉദ്ദേശവും മറിച്ചായിരുന്നില്ല.
ഹൈദരാബാദ് സ്വദേശിയായ അസദ് ഖാനാണ് ഈ കഥയിലെ നായകന്‍. എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍ നിന്ന് സിഗരറ്റ് കത്തിക്കുന്ന വീഡിയോ അസദ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മഞ്ഞ നിറത്തിലുള്ള പോര്‍ഷ 718 കേമാന്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എക്സ്ഹോസ്റ്റ് ടിപ്പിന് സമീപം സിഗരറ്റ് കുറ്റി പിടിച്ചിരിക്കുകയാണ് ഇൻഫ്ലുവന്‍സര്‍. ഈ സമയം ഡ്രൈവര്‍ കാറിനകത്തുണ്ടായിരുന്നു.

ഡ്രൈവര്‍ കാര്‍ റെവ് ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇന്‍ഫ്‌ലുവന്‍സര്‍. ഡ്രൈവര്‍ കാര്‍ റെവ് ചെയ്തതോടെ തീജ്വാലകള്‍ എക്‌സ്‌ഹോസ്റ്റിലൂടെ വെളിയിലേക്ക് വന്നു. എന്നാല്‍ കക്ഷി ഉദ്ദേശിച്ചതിലും കൂടുതലായിരുന്നു തീജ്വാല. സിഗരറ്റ് പിടിച്ച കൈ പൊള്ളിയതോടെ അദ്ദേഹം ചാടിയെണീറ്റ് തുള്ളി. വീഡിയോ കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ കൈക്ക് പൊള്ളലേറ്റതായി നമുക്ക് മനസ്സിലാക്കാം.
കൈ പൊള്ളിയെങ്കിലെന്താ, പോസ്റ്റ് മുതലാളി വിചാരിച്ച പോലെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മാത്രമല്ല ഈ ഒരു വീഡിയോയുടെ കമന്റ് ബോക്‌സില്‍ ധാരാളം കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഇത്തരം പ്രവര്‍ത്തികള്‍ ഒരു കാരണവശാലും അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് പറയുന്നവരാണ് അധികവും. അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്ന തരത്തിലാണ് കമന്റുകള്‍.

താന്‍ ഒരു പുകവലിക്കാരനല്ലെന്നും പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും വീഡിയോയുടെ കൂടെ അടിക്കുറിപ്പായി നല്‍കിയ അസദ് ഖാന്‍ വീട്ടിലോ സ്‌കൂളിലോ മറ്റെവിടെയെങ്കിലും വെച്ചോ ഇത് അനുകരിക്കരുതെന്നും പറയുന്നുണ്ട്. വീഡിയോ ഇതിനോടകം 13 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. സാധാരണ കാറുകളുടെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് ഇത്തരം തീപ്പൊരികള്‍ വന്നാല്‍ അത് വല്ല തകരാറിന്റെയും സൂചനകള്‍ ആയിരിക്കും. എന്നാല്‍ ഇത് ഒരു ഫെ്‌ലയിം കിറ്റ് ഘടിപ്പിച്ച പോര്‍ഷയാണെന്ന് അസദ് തന്നെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
അസദ് ഖാന്‍ 'അഭ്യാസം' കാണിച്ച പോര്‍ഷെ 718 കേമാന്‍ ഒരു മിഡ് എഞ്ചിന്‍ ഫാസ്റ്റ്ബാക്ക് കൂപ്പെയാണ്. 4 വേരിയന്റുകളിലായാണ് ഈ കാര്‍ വില്‍പ്പനക്കെത്തുന്നത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. ആദ്യത്തെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 300 bhp പവറും 380 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്.
345 bhp പവറും 420 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. അവസാനത്തെ 4.0 ലിറ്റര്‍ 6 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 394 bhp പവറും 430 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 2005-ലാണ് പോര്‍ഷ കേമാന്‍ ആദ്യമായി പുറത്തിറക്കിയത്. രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ബോക്‌സ് റോഡ്സ്റ്ററില്‍ നിന്നാണ് കാര്‍ വികസിപ്പിച്ചെടുത്തത്.
2016-ല്‍ പോര്‍ഷ കാറില്‍ നാച്ചുറലി ആസ്പിരേറ്റഡ് ഫ്‌ലാറ്റ് 6 എഞ്ചിന്‍ അവതരിപ്പിച്ചതോടെ ഈ കാര്‍ ജനപ്രിയമായി. ഏകദേശം 1.88 കോടി രൂപയാണ് ഈ കാര്‍ നിരത്തിലെത്തിക്കാന്‍ മുടക്കേണ്ടത്. ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്ത് അപകടം പിടിച്ച പണിയും ചെയ്യാന്‍ മുതിരുന്നവര്‍ക്കുള്ള ഒരു പാഠമാണ് ഈ വീഡിയോ.


Click it and Unblock the Notifications








