ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാസം നേടിയത് ₹1 കോടി വരെ; 'പർപ്പിൾ ഹാൽസിയോൻ' അശ്വനിയുടെ പുത്തൻ വണ്ടി കണ്ടോ?
ഇന്‍സ്റ്റാഗ്രാം സബ്സ്‌ക്രിപ്ഷനിലൂടെ ഇന്ത്യയിലുടനീളം തരംഗം സൃഷ്ടിച്ച മലയാളി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അശ്വനി എ. (പര്‍പ്പിള്‍ ഹാല്‍സിയോന്‍ - Purplehalcyon) പുത്തന്‍ സ്‌കൂട്ടര്‍ സ്വന്തമാക്കി. തന്റെ പ്രിയപ്പെട്ട പര്‍പ്പിള്‍ നിറത്തോട് സാമ്യമുള്ള വെസ്പ 125 സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ ലൈലാക് എഡിഷനാണ് (Lilac Euforico) അശ്വനി വാങ്ങിയത്. സോഷ്യല്‍ മീഡിയ സെന്‍സേഷനായ അശ്വനി പുതിയ ടൂവീലര്‍ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ വെസ്പ അപ്രീലിയ ട്രിവാന്‍ഡ്രം (vespa_aprilia_trivandrum) എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ ഇന്‍സ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ കോടികളുടെ വരുമാനം നേടി പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കൊല്ലം സ്വദേശിയായ അശ്വനി.
പകര്‍പ്പവകാശ പ്രശ്‌നങ്ങള്‍ കാരണം ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്ന പ്രധാന അക്കൗണ്ട് താല്‍ക്കാലികമായി നഷ്ടപ്പെട്ടെങ്കിലും, ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടയിലാണ് താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈലിന് ഏറ്റവും അനുയോജ്യമായ വാഹനമാണ് അശ്വനി തെരഞ്ഞെടുത്തിരിക്കുന്നത്. ഇറ്റാലിയന്‍ പ്രീമിയം സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ പിയാജിയോ തങ്ങളുടെ വെസ്പ നിരയില്‍ അടുത്തിടെ അവതരിപ്പിച്ച ഏറ്റവും മനോഹരമായ കളര്‍ ഓപ്ഷനാണ് ലൈലാക് യൂഫോറിക്കോ.

കണ്ണിന് കുളിര്‍മയേകുന്ന ലൈറ്റ് പര്‍പ്പിള്‍ (Light Purple) ഷെയ്ഡില്‍ വരുന്ന ഈ സ്‌കൂട്ടറിന് പ്രീമിയം ലുക്ക് നല്‍കുന്നത് ഇതിന്റെ ബീജ് (Beige) നിറത്തിലുള്ള സീറ്റ് കവറുകളാണ്. റെട്രോ ഡിസൈനും മോഡേണ്‍ കളര്‍ ടോണും ഇതിനെ വേറിട്ടു നിര്‍ത്തുന്നു. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 124.45 സിസി സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ്, SOHC, 3-വാല്‍വ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (FI) എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.
ഈ എഞ്ചിന്‍ 7100 ആര്‍പിഎമ്മില്‍ പരമാവധി 9.51 PS പവറും 5600 ആര്‍പിഎമ്മില്‍ 10.1 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. മികച്ച റൈഡിംഗ് കംഫര്‍ട്ടും സ്മൂത്ത് പെര്‍ഫോമന്‍സുമാണ് ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. യാത്രാ സുഖത്തിന് മുന്‍ഗണന നല്‍കുന്ന വെസ്പ 125 മോഡലില്‍ സുരക്ഷിതമായ ബ്രേക്കിംഗിനായി ഫ്രണ്ടില്‍ ഡിസ്‌കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.
മികച്ച റൈഡിംഗ് സ്റ്റെബിലിറ്റിക്കായി സിംഗിള്‍ സൈഡ് ആം ഫ്രണ്ട് സസ്‌പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്സോര്‍ബറും സജ്ജീകരിച്ചിരിക്കുന്നു. ഏകദേശം 37.5 കിലോമീറ്റര്‍ മൈലേജാണ് ഈ പ്രീമിയം സ്‌കൂട്ടറിന് കമ്പനി അവകാശപ്പെടുന്നത്. മോഡേണ്‍ ഫീച്ചറുകളാല്‍ സമ്പന്നമായ ഈ സ്‌കൂട്ടറില്‍ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സൈഡ് സ്റ്റാന്‍ഡ് വാണിംഗ്, വിശാലമായ അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 115 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് 7.4 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കാണ് നല്‍കിയിട്ടുള്ളത്. നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെ സുഖകരമായി ഓടിക്കാന്‍ 770 mm സീറ്റ് ഹൈറ്റ് ഏറെ സഹായിക്കും. നിലവില്‍ 1.27 ലക്ഷം രൂപ മുതലാണ് ഇന്ത്യന്‍ വിപണിയില്‍ വെസ്പ 125 സീരീസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. വേരിയന്റുകള്‍ക്കും ഫീച്ചറുകള്‍ക്കും അനുസരിച്ച് ഇതിന്റെ ഉയര്‍ന്ന മോഡലുകള്‍ക്ക് 1.89 ലക്ഷം രൂപ വരെ വില വരുന്നുണ്ട്.

ഭംഗിയുള്ള ഡിസൈനില്‍ വരുന്ന ക്യൂട്ട് ടൂവീലര്‍ തേടുന്ന യൂത്തിനെയാണ് ലൈലാക് യൂഫോറിക്കോ ഷെയ്ഡിലൂടെ പിയാജിയോ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. തന്റെ വ്യക്തിത്വത്തോടും സോഷ്യല്‍ മീഡിയ ഐഡന്റിറ്റിയോടും നൂറു ശതമാനം നീതി പുലര്‍ത്തുന്ന സ്‌കൂട്ടര്‍ വാങ്ങിയ അശ്വിനിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. പണം നല്‍കുന്ന ഫോളോവേഴ്‌സിന് പ്രത്യേക കണ്ടന്റ് നല്‍കുന്ന ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചറിലൂടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഇന്‍ഫ്‌ലുവന്‍സറായി അശ്വനി മാറിയിരുന്നു.
എക്‌സ്‌ക്ലൂസീവ് സ്‌റ്റോറികള്‍, റീലുകള്‍, പോസ്റ്റുകള്‍ എന്നിവ കാണാനായി മോഡലും ട്രാവല്‍-ലൈഫ്‌സ്‌റ്റൈല്‍-ഫാഷന്‍ വേ്‌ലാഗര്‍ പ്രതിമാസം 350 രൂപയാണ് ഒരു സബ്‌സ്‌ക്രൈബറില്‍ നിന്ന് ഈടാക്കുന്നത്. 1 കോടി രൂപയോളമായിരുന്നു മാസ വരുമാനം. ഒറിജിനല്‍ അക്കൗണ്ട് പൂട്ടിയിട്ടും തളരാതെ ഇന്ന് 7 പ്ലാറ്റ്‌ഫോമുകളില്‍ സജീവമായി വമ്പന്‍ തിരിച്ചുവരവാണ് പര്‍പ്പിള്‍ ഹാല്‍സിയോന്‍ നടത്തിയത്.

ഇന്‍സ്റ്റഗ്രാമിന് പുറമെ വാട്‌സ്ആപ്പ് ചാനല്‍, സൈക്കി, ബിന്‍ജ് മി, യൂട്യൂബ്, എക്‌സ്, ഫേസ്ബുക്ക്, ത്രെഡ്സ് പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ടുകളില്‍ മുമ്പത്തേക്കാള്‍ ഗ്ലാമറസായ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെട്ട അവര്‍ സബ്‌സ്‌ക്രിപ്ഷന് പുറമെ, എക്‌സ്‌ക്ലൂസീവ് കണ്ടന്റിന് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കുന്നുണ്ട്. ഏതായാലും പര്‍പ്പിള്‍ ഹാല്‍സിയോന്‍ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പര്‍പ്പിള്‍ ടോണിലുള്ള ഈ പ്രീമിയം സ്‌കൂട്ടര്‍ വരും ദിവസങ്ങളില്‍ അശ്വിനിയുടെ റീലുകളിലും സജീവ സാന്നിധ്യമാകും എന്ന് ഉറപ്പാണ്.


Click it and Unblock the Notifications