ഷൂ ബോക്‌സില്‍ ഒളിപ്പിച്ച സര്‍പ്രൈസ്! എല്ലാ ആണ്‍കുട്ടികളുടെയും സ്വപ്‌നമായിരിക്കും ഇതുപോലൊരു കാര്‍ ഡെലിവറി
ഒരു കാര്‍ വാങ്ങുകയെന്നത് ഒരു കുംബത്തിലേക്ക് പുതിയ അംഗം വരുന്നത് പോലെയാണ്. ഇന്നത്തെ കാലത്ത് കാര്‍ ഡെലിവറി ആഘോഷമാക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വമ്പന്‍ ക്യാമറ ക്രൂവും എഡിറ്റിംഗും എല്ലാമായി സിനിമാ സ്‌റ്റൈലിലാണ് ഡെലിവറികള്‍. സാധാരണഗതിയില്‍, വാഹനത്തിന്റെ ഡെലിവറി ഡീലര്‍ഷിപ്പില്‍ വെച്ചാണ് നടക്കാറുള്ളത്. എന്നാല്‍, ചിലര്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സര്‍പ്രൈസ് ചെയ്യാനായി വീടുകളിലും ഓഫീസുകളിലും വെച്ച് വരെ ഡെലിവറി നടത്തുന്നു. അടുത്തിടെ ഒരു യുവാവ് തന്റെ പിതാവിനെയും കുടുംബത്തെയും ആദ്യത്തെ കാര്‍ സമ്മാനിച്ച് ഞെട്ടിച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
_they_call_me_hv_ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വളരെ വ്യത്യസ്തവും ഹൃദയഹാരിയുമായ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ കുടുംബത്തിനായി വാങ്ങിയ ആദ്യത്തെ കാറിന്റെ താക്കോല്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് സമ്മാനിക്കുകയായിരുന്നു ഒരു യുവാവ്. യുവാവ് പുതിയ സ്‌കോഡ കുഷാഖിന്റെ (Skoda Kushaq) താക്കോല്‍ കൈമാറുന്നതും പിതാവിന്റെയും കുടുംബത്തിന്റെയും പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

യുവാവ് പിതാവിനൊപ്പം സോഫയില്‍ ഇരിക്കുകയും ഒരു ഷൂബോക്‌സ് നല്‍കുകയും ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുക. അദ്ദേഹം ഷൂ ബോക്‌സ് തുറന്ന് പരിശോധിച്ചു. ശേഷം മകന്‍ ഷൂ ഉയര്‍ത്തി അതിനകത്തുള്ള എന്തോ ഉള്ളതായി പിതാവിന് കാണിച്ചുകൊടുക്കുന്നു. ഷൂവിനുള്ളിലേക്ക് കൈയിട്ട് താക്കോല്‍ പുറത്തെടുക്കുന്ന പിതാവ് ഒരു നിമിഷം താക്കോലിലേക്ക് നോക്കിയ അത്യധികം സന്തോഷവാനായി. ഉടന്‍ തന്നെ അഭിമാനത്തോടെയും സന്തോഷത്തോടെയും 'മേരാ ബേട്ടാ' എന്ന് പറഞ്ഞ് അദ്ദേഹം മകനെ കെട്ടിപ്പിടിച്ചു.
പിന്നീട് പിതാവും മകനും അമ്മയും മകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബവും തങ്ങളുടെ പുതിയ വാഹനം കാണാന്‍ പുറത്തേക്ക് വരുന്നു. കവര്‍ ചെയ്ത നിലയിലായിരുന്നു വാഹനം. കവര്‍ നീക്കം ചെയ്തപ്പോള്‍ മനോഹരമായ വെള്ള നിറത്തിലുള്ള സ്‌കോഡ കുഷാഖ് സബ്-കോംപാക്റ്റ് എസ്‌യുവി അവിടെ കാണപ്പെട്ടു. കുടുംബത്തിന്റെ ആദ്യ വാഹനമായിരുന്നു അത്. ശേഷം ഹൈന്ദവാചാരപ്രകാരമുള്ള പൂജകള്‍ നടത്തിയ ശേഷം പിതാവ് തേങ്ങ ഉടച്ചു. പിതാവിന്റെ പിറന്നാള്‍ ആയതിനാല്‍ കാറിന്റെ മുകളില്‍ വെച്ച് കേക്ക് മുറിച്ചു.

ശേഷം പിതാവ് ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് കാര്‍ പരിശോധിച്ച് ഓടിച്ച് നോക്കും. ശേഷം പിതാവിനെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തി മകന്‍ കുടുംബത്തോടൊന്നിച്ച് നഗരത്തിലൂടെ ആദ്യ യാത്ര പോകുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോയുടെ അടിക്കുറിപ്പില്‍ യുവാവ് സൂചിപ്പിച്ച പോലെ ആണ്‍മക്കളും ജീവിക്കുന്നത് തന്നെ ഇത്തരത്തിലുള്ള ചില നിമിഷങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഏതായാലും കമന്റ് ബോക്‌സില്‍ ഈ യുവാവിനും കുടുംബത്തിനും ആശംസകള്‍ നേരുകയാണ് നെറ്റിസണ്‍സ്.
ഈ കുടുംബം സ്വന്തമാക്കിയ സ്‌കോഡ കുഷാഖ് സബ്-കോംപാക്റ്റ് എസ്‌യുവി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 8.25 ലക്ഷം മുതല്‍ 13.99 ലക്ഷം വരെയാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. ക്ലാസിക്, സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍+, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്.
സ്‌കോഡ കുഷാഖിന്റെ നാല് വേരിയന്റുകളിലും 115 bhp കരുത്തും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ക്ലാസിക് ട്രിമ്മില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്. എന്നാല്‍ മറ്റ് എല്ലാ മോഡലുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാണ്.
സ്‌കോഡ കുഷാഖില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, കീലെസ് എന്‍ട്രി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മുന്‍ സീറ്റ് വെന്റിലേഷന്‍, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച കാര്‍ ആണ് കുഷാഖ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ പരിശോധനകള്‍ക്ക് ഈ റേറ്റിംഗ് ബാധകമാണ്. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ കുഷാഖിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.


Click it and Unblock the Notifications








