'ദബാംഗ്' ഗേളിന് വിവാഹ സമ്മാനമായി 2 കോടിയുടെ ആഡംബര ഇലക്ട്രിക് കാര്‍! വൈറലായി ഗ്രാന്‍ഡ് എന്‍ട്രി
'ദബാംഗ്' എന്ന ബ്ലോക്ക്ബസ്റ്റര്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് മാസ് എന്‍ട്രി നടത്തിയ നടിയാണ് സൊനാക്ഷി സിന്‍ഹ (Sonakshi Sinha). മുതിര്‍ന്ന ബോളിവുഡ് നടന്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ മകള്‍ എന്ന ലേബലില്ലാതെ മികച്ച അഭിനേത്രിയെന്ന നിലയില്‍ അവര്‍ പേരെടുത്തിരുന്നു. സൊനാക്ഷി സിന്‍ഹയും കാമുകനായിരുന്ന സഹീര്‍ ഇഖ്ബാലുമാണ് (Zaheer Iqbal) കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡിലെ സംസാര വിഷയം. 2022-ല്‍ ഡബിള്‍ എക്‌സല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ദിവസം വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
മിശ്രവിവാഹം കാരണം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനാല്‍ വിവാഹ ഫോട്ടോകള്‍ പങ്കുവെച്ച വേളയില്‍ കമന്റ് ബോക്‌സ് പൂട്ടേണ്ട അവസ്ഥ വന്നു. മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആശീര്‍വാദത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോള്‍ വിവാഹ സമ്മാനമായി സഹീര്‍ ഇഖ്ബാല്‍ തന്റെ ഭാര്യ സൊനാക്ഷി സിന്‍ഹയ്ക്ക് ഒരു പുതിയ ബിഎംഡബ്ല്യു i7 സമ്മാനിച്ചു. ബിഎംഡബ്ല്യുവില്‍ നിന്നുള്ള മുന്‍നിര ഇലക്ട്രിക് സെഡാനാണ് ബിഎംഡബ്ല്യു i7.

കാര്‍സ് ഫോര്‍ യു എന്ന യൂട്യൂൂബ് ചാനലാണ് സഹീര്‍ ഇഖ്ബാല്‍ സൊനാക്ഷിക്ക് കോടികള്‍ വിലമതിക്കുന്ന കാര്‍ വിവാഹ സമ്മാനമായി നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലളിതമായ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വമ്പന്‍ വിവാഹ സല്‍ക്കാരം ഇരുവരും ഒരുക്കിയിരുന്നു. ബിഎംഡബ്ല്യുവിന്റെ സീറോ എമിഷന്‍ വാഹനത്തിലായിരുന്നു താരദമ്പതികളുടെ റിസപ്ഷന്‍ വേദിയിലേക്കുള്ള ഗ്രാന്‍ഡ് എന്‍ട്രി. ബിഎംഡബ്ല്യു കാറിന്റെ പിന്‍സീറ്റില്‍ ഇരുവരും കൈകള്‍ കോര്‍ത്ത് പിടിച്ച് ഇരിക്കുന്നത് കാണാം.
പാപ്പരാസികള്‍ ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്താനായി മത്സരിക്കുന്നത് വീഡിയോയില്‍ കാണാം. ചുറ്റും നിറയെ ക്യാമറാമാന്‍മാരായതിനാല്‍ നവദമ്പതികള്‍ വേദിയിലേക്ക് എത്തുക അത്ര എളുപ്പമായിരിക്കില്ല. ഏതായാലും അവര്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് വീഡിയോയില്‍ കാണിക്കുന്നില്ല. സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ പ്രമുഖര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

സഹീര്‍ സൊനാക്ഷിക്ക് സമ്മാനമായി നല്‍കിയ കാറിനെ കുറിച്ച് പറയുമ്പോള്‍ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെത്തിച്ച ആഡംബര ഇലക്ട്രിക് സെഡാനാണ് ബിഎംഡബ്ല്യു i7. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് i7 ഇലക്ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ, കണക്റ്റിവിറ്റി, സൗകര്യം, സുരക്ഷാ സവിശേഷതകള്‍ എന്നിവയോടെയാണ് ഇത് വരുന്നത്.
അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു മോഡലിന്റെ മറ്റൊരു പ്രത്യേകത. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കര്‍വ്ഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക. റിയര്‍ യാത്രക്കാര്‍ക്കായി ആമസോണ്‍ ഫയര്‍ ടിവി ബില്‍റ്റ്-ഇന്‍ ഉള്ള 31.3 ഇഞ്ച് 8K റെസല്യൂഷന്‍ തിയറ്റര്‍ സ്‌ക്രീനോടുകൂടിയ സിനിമാ അനുഭവമാണ് ഇവിയുടെ പ്രധാന ഹൈലൈറ്റ്.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റുകള്‍ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്സ്‌ക്രീനും പിന്‍ഡോറില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. 101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ബിഎംഡബ്ല്യു i7 പവര്‍ എടുക്കുന്നത്. ഇവിയിലെ ഡ്യുവല്‍-മോട്ടോര്‍ സിസ്റ്റം മൊത്തം 544 hp പവറും 745 Nm പീക്ക് പവറും ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഓള്‍-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനുമായിട്ടാണ് കാര്‍ വരുന്നത്.
ബിഎംഡബ്ല്യു i7 ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ വെറും 4.7 സെക്കന്‍ഡ് സമയം മതി. എന്നാല്‍ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.
ഇലക്ട്രിക് 7 സീരീസ് എസി സിസ്റ്റത്തില്‍ 11 കിലോവാട്ട് വരെയും ഡിസി സിസ്റ്റത്തില്‍ 195 കിലോവാട്ട് വരെയും ചാര്‍ജ് ചെയ്യാം. 34 മിനിറ്റിനുള്ളില്‍ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികള്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഡിസി ചാര്‍ജറിലൂടെ സാധിക്കും. 2.03 കോടി രൂപയാണ് ബിഎംഡബ്ല്യു i7 ഇവിയുടെ എക്സ്‌ഷോറൂം വില.
ബിഎംഡബ്ല്യു i7 കൂടാതെ താരദമ്പതികളുടെ ഗരാജില്‍ മറ്റ് ചില ആഡംബര കാറുകള്‍ കൂടിയുണ്ട്. അത്യാധുനിക വാഹനങ്ങളില്‍ പലപ്പോഴും അവര്‍ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മെര്‍സിഡീസ് ബെന്‍സ് S350, മെര്‍സിഡീസ് ബെന്‍സ് GLS 350d, ബിഎംഡബ്ല്യു 6 സീരീസ് GT, മെര്‍സിഡീസ് ബെന്‍സ് M-ക്ലാസ്, ഡ്യുക്കാട്ടി സ്‌ക്രാംബ്ലര്‍ എന്നിവയാണ് ഇരുവരുടെയും ഗാരേജിലെ മുന്‍നിര വാഹനങ്ങളില്‍ ചിലത്.


Click it and Unblock the Notifications








