ഷര്‍ട്ടിടാതെ ബൈക്ക് ഓടിക്കുന്നത് ഇത്ര വലിയ കുറ്റമാണോ? കോവിഡ് കാലത്ത് ഹീറോയായ 'വില്ലന്' പണികൊടുത്ത് പഴയ വീഡിയോ
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സോനു സൂദ്. ക്യാമറക്ക് മുന്നില്‍ വില്ലന്‍ ആണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഹീറോ ആണെന്ന് സോനു കോവിഡ് മഹാമാരിക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് കാണിച്ച് തന്നിരുന്നു. നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് സോനു അക്കാലത്ത് സഹായം എത്തിച്ചിരുന്നു. സോഷ്യല്‍ മീഡിയ അന്ന് സോനുവിനെ വാഴളത്തിയതിന് കണക്കില്ല. എന്നാല്‍ ഇന്ന് അതേ സോഷ്യല്‍ മീഡിയ തന്നെ നടനെതിരെ തിരിഞ്ഞിരിക്കുകയാണ്. റോഡിലൂടെ ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ച സംഭവമാണ് ഇപ്പോള്‍ സോനുവിന്റെ വ്യക്തിപ്രഭാവത്തിന് ചെറുതായി മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. സംഭവം വിശദമായി ചുവടെ വായിക്കാം.
സോനു സൂദ് ഒരു നടന്‍ മാത്രമല്ല, ബോളിവുഡിലെ ഒരു നിര്‍മ്മാതാവ് കൂടിയാണ്. കൊറോണ കാലത്തിനു ശേഷവും സഹായം അഭ്യര്‍ത്ഥിക്കുന്ന പാവപ്പെട്ടവരെ സോനു കൈവിട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സോനു തന്റെ ആരാധകവൃന്തം വിപുലീകരിച്ച് കൊണ്ടിരുന്നു. ഇതുപോലെ തന്നെ ഒരുവശത്ത് സോനുവിന് ഹേറ്റേഴ്‌സും ഉണ്ടായിരുന്നു. ഇത്തരം സഹായങ്ങള്‍ ചെയ്യാനുള്ള പണം നടന് എവിടെ നിന്നാണെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ 2023-ല്‍ എടുത്ത ഒരു വീഡിയോയുടെ പേരില്‍ നടന്‍ സോനു സൂദ് അന്വേഷണം നേരിടുകയാണ്. 2023-ല്‍ ഹിമാചല്‍ പ്രദേശിലെ മനോഹരമായ സ്പിറ്റി താഴ്വരയില്‍ നടന്‍ സോനു സൂദ് ഷര്‍ട്ടിടാതെ നീല യമഹ FZX ബൈക്ക് ഓടിക്കുന്ന വീഡിയോ ആണ് കേസിന് കാരണം. പഴയ വീഡിയോ രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
യമഹ ബൈക്ക് ഓടിക്കുന്ന സമയത്ത് സോനുവിന്റെ കൂടെ വേറെയും റൈഡര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം ശരിയായ റൈഡിംഗ് ഗിയറുകള്‍ ധരിച്ചിരുന്നു. എന്നാല്‍ സോനു യമഹ ബൈക്ക് ഓടിക്കുമ്പോള്‍ റൈഡിംഗ് ഗിയര്‍ പോട്ടെ മേല്‍വസ്ത്രം പോലും ധരിച്ചിരുന്നില്ല. പകരം ഷോര്‍ട്ട്‌സും കൂളിംഗ് ഗ്ലാസുകളും മാത്രമാണ് ധരിച്ചിരുന്നത്. സിനിമാ താരം ആയിരുന്നതിനാല്‍ മറ്റ് റൈഡര്‍മാരില്‍ നിന്ന് വേറിട്ടു നില്‍ക്കാനായിരിക്കാം അദ്ദേഹം ഇങ്ങനെ ചെയ്തത്.
വീഡിയോ കുത്തിപ്പൊങ്ങിയതോടെ സോനു സൂദിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം മുറവിളി കൂട്ടിയിരിക്കുകയാണ്. സോനുവിനെ പോലെ ഒരു സെലിബ്രിറ്റിയുടെ ഈ പ്രവര്‍ത്തി സമൂഹത്തിന് മോശം മാതൃകയാണ് കാണിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ടത് നിബന്ധമാണ്.
സ്പിറ്റി വാലി പോലെ ദുര്‍ഘടമായ പാതകളിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ ടൂവീലര്‍ ഓടിക്കുന്നത് അത്യന്തം അപകടകരമാണ്. പക്ഷേ, ഷര്‍ട്ട് പോലും ധരിക്കാത്ത ഒരാളില്‍ നിന്ന് ഹെല്‍മെറ്റ് പ്രതീക്ഷിക്കാമോ എന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നത്. സ്പിറ്റി വാലി പോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ റൈഡര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് സോനുവിനെതിരെ നടപടിയെടുക്കുന്നത്.

മറ്റ് റോഡ് ഉപയോക്താക്കളുടെ ശ്രദ്ധതെറ്റിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതു നിരത്തുകളില്‍ ടൂ വീലര്‍ ഓടിക്കുമ്പോള്‍ ഷര്‍ട്ടോ അതുപോലുള്ള വസ്ത്രങ്ങളോ ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ നിയമലംഘനങ്ങളെല്ലാം പരിഗണിച്ചാണ് സോനുവിനെതിരെ സ്പിറ്റി വാലി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഡിഎസ്പി കൈലാങ്ങിനാണ് അന്വേഷണ ചുമതല. കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങ വരുംദിവസങ്ങളില്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.
എത്ര വലിയ സാമൂഹിക സേവകനാണെങ്കിലും ശരി പൊതുസമൂഹത്തിന് മോശം മാതൃക കാണിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്താല്‍ മാതൃകാപരമായി ശിക്ഷിക്കണം. ഇതുപോലെ സമൂഹത്തിലെ ഉന്നതരായ വ്യക്തികള്‍ തെറ്റ് ചെയ്താല്‍ എളുപ്പത്തില്‍ ഊരിപ്പോരുന്ന രീതിക്ക് മാറ്റം കൊണ്ടുവന്നാല്‍ മാത്രമേ ജനങ്ങളും നിയമം അനുസരിക്കൂ. എന്നിരുന്നാലും സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം ആക്ഷന്‍ എടുക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നവരുമുണ്ട്. സംഭവത്തില്‍ സോനു ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








