PLAYSTATION മുതൽ അഡാസ് വരെ! ലോകത്തെ ഞെട്ടിക്കാനൊരുങ്ങി AFE
സിഇഎസ് 2026-ൽ സോണി ഹോണ്ട മൊബിലിറ്റി അവതരിപ്പിച്ച അഫീല ഇലക്ട്രിക് എസ്‌യുവി പ്രോട്ടോടൈപ്പ് മൊബിലിറ്റി രംഗത്തിന്റെ ഭാവി സൂചിപ്പിക്കുന്നതാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. സോണിയുടെയും ഹോണ്ടയുടെയും സാങ്കേതിക-ഓട്ടോമോട്ടീവ് വൈദഗ്ധ്യം ഒരുമിക്കുന്ന ഈ മോഡൽ, 2028-ൽ പ്രൊഡക്ഷൻ പതിപ്പായി എത്തുമെന്നാണ് പ്രതീക്ഷ. മുൻപ് അവതരിപ്പിച്ച Vision-S 02 കൺസെപ്റ്റിന്റെ മറ്റൊരു അപ്ഡേറ്റ് ചെയ്ത മോഡലാണ് ഈ എസ്‌യുവി. കൂപ്പേ ശൈലിയിലുള്ള ഡിസൈൻ, കണക്റ്റഡ് ലൈറ്റുകൾ, പനോരമിക് ട്രിപ്പിൾ-സ്ക്രീൻ ഇന്റീരിയർ, ADAS സെൻസറുകൾ എന്നിവ അഫീല എസ്‌യുവിയെ ടെക്നോളജിയുടെ പുതിയ തലത്തിലേക്ക് ഉയർത്തുന്നുണ്ട്.
ഗെയിമിംഗ്, കണക്റ്റിവിറ്റി, സെൽഫ്-ഡ്രൈവിംഗ് ഫീച്ചറുകൾ എന്നിവയിലൂടെ, ഇത് വെറും ഒരു കാർ മാത്രമായിട്ടല്ല, ഭാവിയിലെ ഡിജിറ്റൽ മൊബിലിറ്റി പ്ലാറ്റ്‌ഫോമായിട്ട് വേണം കരുതാൻ. കാറിന്റെ ഉൾവശം സംബന്ധിച്ച വിവരങ്ങളോ ഫീച്ചറുകളോ ബ്രാൻഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഡാഷ്‌ബോർഡിൽ ട്രിപ്പിൾ-സ്‌ക്രീൻ ഡിസ്‌പ്ലേയും പിൻസീറ്റ് യാത്രക്കാർക്കുള്ള ഡിസ്‌പ്ലേകളും ശ്രദ്ധേയമാണ്.

സോണിയുടെ എന്റർടെയിൻമെന്റ് വൈദഗ്ധ്യം അഫീല എസ്‌യുവിയിൽ പൂർണ്ണമായി പ്രതിഫലിക്കുമെന്നാണ് സൂചന. മ്യൂസിക്, സിനിമ, ഗെയിമിംഗ്, ക്ലൗഡ് സേവനങ്ങൾ എന്നിവയെല്ലാം ഒരുമിക്കുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റമായി കാറിനെ മാറ്റുകയാണ് ലക്ഷ്യം. യാത്രയ്ക്കിടെ കാറിനുള്ളിലെ സമയം "ഡ്രൈവിംഗ്" മാത്രമല്ല, ഉപയോഗപ്രദവും വിനോദപരവുമായ അനുഭവമാക്കുകയാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ക്വാൽകോം പങ്കാളിത്തമുള്ളതിനാൽ, ഈ പനോരമിക് ഡിസ്പ്ലേയ്ക്ക് അവരുടെ പുത്തൻ സാങ്കേതികവിദ്യ ലഭിക്കുമെന്ന് കരുതപ്പെടുന്നു. സോണിയുടെ സാന്നിധ്യം ഗെയിമിംഗിനായി മൂന്നാമത്തെ യാത്രക്കാരുടെ സ്ക്രീനിൽ ഒരു പ്ലേസ്റ്റേഷൻ കൺസോളും തടസ്സമില്ലാത്ത വിനോദത്തിനായി ഇന്റർനെറ്റ് കണക്റ്റിവിറ്റിയും നൽകാൻ സാധ്യതയുണ്ട്.

വിൻഡ്‌സ്‌ക്രീനിലെയും റൂഫിലെയും സെൻസറുകൾ ലെവൽ 2 ADAS സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായിരിക്കാം. 2028-ൽ ലോഞ്ച് ചെയ്യുമ്പോൾ ഈ ഇലക്ട്രിക് എസ്‌യുവിയിൽ സെൽഫ്-ഡ്രൈവിംഗ് ഫീച്ചറും പ്രതീക്ഷിക്കുന്നു. ഏകദേശം 4.9 മീറ്റർ നീളവും നീണ്ട വീൽബേസുമുള്ള ഈ വാഹനത്തിൽ അഞ്ച് യാത്രക്കാർക്ക് സുഖകരമായി സഞ്ചരിക്കാൻ സാധിക്കും. മൊബിലിറ്റിയുടെ ഭാവിയെക്കുറിച്ചുള്ള സോണി ഹോണ്ട മൊബിലിറ്റിയുടെ അഗാധമായ കാഴ്ചപ്പാടാണ് ഈ അവതരണം വ്യക്തമാക്കുന്നത്.
യു.എസ് വിപണിയിൽ എത്തിയ ശേഷം വാഹനം ജപ്പാനിലേക്കും യൂറോപ്പിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അഫീല 1 സെഡാനും സിഇഎസ് 2026-ൽ പ്രദർശിപ്പിച്ചിരുന്നു. ഇത് ഈ വർഷം തന്നെ യു.എസ് വിപണിയിൽ പുറത്തിറങ്ങും, തുടർന്ന് 2027-ൽ ജപ്പാനിലും എത്തുമെന്നാണ് റിപ്പോർട്ട്. അതിന് ശേഷമായിരിക്കും ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.

വാഹന വിപണിയിൽ പുത്തൻ ടെക്നോളജികൾ കടന്നു വരുമ്പോൾ ഡ്രൈവിങ്ങ് കൂടുതൽ എളുപ്പമുളളതാക്കുകയും അതിനൊപ്പം തന്നെ സുരക്ഷാ ഫീച്ചറുകൾ വർധിപ്പിക്കുന്നത് ഡ്രൈവിങ്ങിലുണ്ടാകുന്ന പിഴവുകൾ ഒഴിവാക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് പ്രായമായവർക്ക് ഏറെ ഉപകാരപ്രദമായി ഒരു ഫീച്ചറാണല്ലോ അഡാസ്. ഭാവിയിൽ ഇനി പറക്കും കാറുകളും, ഓട്ടോണോമസ് ഡ്രൈവിങ്ങ് കാറുകൾ വർധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








