വിമാനച്ചിറകില്‍ ടേപ്പ് ഒട്ടിച്ച് ജീവനക്കാരന്റെ അറ്റകുറ്റപ്പണി; വൈറല്‍ വീഡിയോയുടെ യാഥര്‍ഥ്യം ഇതാണ്
വിമാനയാത്രകള്‍ ഓരോരുത്തര്‍ക്കും ഓരോ ഫീലായിരിക്കും നല്‍കുക. അതിവേഗം ബഹുദൂരം എന്ന വാക്യം പോലെ ഏറെ അകലെയുള്ള സ്ഥലത്ത് അതിവേഗം എത്താന്‍ ആളുകള്‍ വിമാനത്തെ ആശ്രയിക്കുന്നു. എന്നാല്‍ വിമാനത്തില്‍ കയറാന്‍ ടെന്‍ഷനുള്ള ഒത്തിരി പേരുണ്ട്. വിമാനയാത്ര സുരക്ഷിതമാണെങ്കിലും ഏതെങ്കിലും വിധത്തില്‍ അപകടങ്ങള്‍ സംഭവിച്ചാലോ എന്ന പേടിയാണ് ചിലരെ പിന്നോട്ട് വലിക്കുന്നത്.
അത്തരക്കാരുടെ പേടി കുറച്ച് കൂടി കൂട്ടുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ട്വിറ്റര്‍, ടിക്‌ടോക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വെറലായി. വിമാനം പോലുള്ള വാഹനത്തിന് എന്തെങ്കിലും അറ്റകുറ്റപ്പണികള്‍ ഉണ്ടെങ്കില്‍ വിദഗ്ധമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം അവ തീര്‍പ്പാക്കിയാണല്ലോ യാത്രക്കാരുമായി പറന്നുയരേണ്ടത്. എന്നാല്‍ അമേരിക്കയിലെ ബജറ്റ് എയര്‍ലൈനായ സ്പിരിറ്റ് ജീവനക്കാരന്‍ പറന്നുയരുന്നതിന് മുമ്പ് വിമാനത്തിന്റെ എഞ്ചിന്‍ നേസിലില്‍ ടേപ്പ് ഒട്ടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വിമാനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇയാള്‍ സാധാരണ ടേപ്പ് ഒട്ടിച്ചുവെന്ന തരത്തില്‍ ടിക്‌ടോക്കിലാണ് വീഡിയോ ആദ്യം പങ്കുവെക്കപ്പെട്ടത്. വീഡിയോ വൈറലായതോടെ നിരവധി നെറ്റിസണ്‍സാണ് ഞെട്ടിയത്. യുഎസിലെ ടെന്നിസി സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിലെ നാഷ്വില്ലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് സംഭവം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സ്പിരിറ്റ് എയര്‍ലൈന്‍ ജീവനക്കാരന്‍ എയര്‍ക്രാഫ്റ്റിന്റെ ഇടതു ചിറകില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്.
ഒരുതവണ ടേപ്പ് ഒട്ടിച്ച ഇയാള്‍ അതിന്റെ മുളില്‍ ഒരു ലെയര്‍ കൂടി ഒട്ടിച്ചു. ജീവനക്കാരന്‍ തകരാര്‍ പരിഹരിക്കാന്‍ ടേപ്പ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിമാനത്തിന് അകത്തുള്ള യാത്രക്കാരാണ് പകര്‍ത്തിയതെന്ന് തോന്നുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കപ്പെട്ട വീഡിയോയ്ക്ക് 1.6 ദശലക്ഷത്തിലധികം വ്യൂസ് സമ്പാദിച്ചു. നമ്മുടെ വീടുകളിലെല്ലാം ഉപയോഗിക്കുന്ന ടേപ്പ് ആണ് എയര്‍ലൈന്‍ ജീവനക്കാരന്‍ ഉപയോഗിക്കുന്നതെന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ച ടിക്‌ടോക്കര്‍ പ്രതികരിച്ചത്.

ഒട്ടനവധി നെറ്റിസണ്‍സ് ഇത് ഏറ്റുപിടിക്കുകയും ചെയ്തു. സംഭവം കണ്ട ശേഷം ഇതുകൊണ്ടാണ് താന്‍ സ്പരിറ്റ് എയര്‍ലൈനിനൊപ്പം പറക്കാത്തതെന്നാണ് ടിക്‌ടോക്കര്‍ പറയുന്നത്. വീഡിയോ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഇതേ രീതിയില്‍ പ്രതികരിച്ചു. അപ്പോള്‍ തന്നെ ആക്രോഷിച്ച് താന്‍ വിമാനത്തില്‍ നിന്ന് ഇറങ്ങി ഓടുമായിരുന്നുവെന്നും ഇത്തരത്തില്‍ ഒരു കാഴ്ച കണ്ട് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന തരത്തിലും വീഡിയോക്ക് കീഴെ കമന്റുകള്‍ വന്നു.
എന്നാല്‍ വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യാവസ്ഥ പിന്നാലെ വെളിപ്പെട്ടു. വിമാനത്തിന്റെ ചിറകില്‍ ഒട്ടിച്ചത് ഡക്ട് ടേപ്പ് അല്ലെന്നും അത് സ്പീഡ് ടേപ്പ് ആണെന്നും സ്പിരിറ്റ് എയര്‍ലൈനിന്റെ വക്താക്കള്‍ വിശദീകരിച്ചു. തങ്ങള്‍ എഞ്ചിനിയറിംഗ് ടീമുമായി ബന്ധപ്പെട്ടുവെന്നും ജീവനക്കാരന്‍ ഉപയോഗിച്ചത് സ്പീഡ് ടേപ്പ് ആണെന്ന് മറുപടി നല്‍കിയതായും സ്പിരിറ്റ് എയര്‍ലൈന്‍ വക്താക്കള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് വെളിപ്പെടുത്തി.
വൈറല്‍ വീഡിയോക്ക് കീഴിലും ഇക്കാര്യം വിശദീകരിക്കുന്ന കമന്റുകള്‍ വന്നു. വിമാനങ്ങളില്‍ ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉപയോഗിക്കുന്ന ഇതിനെ സ്പീഡ് ടേപ്പ് എന്നാണ് വിളിക്കുന്നതെന്നും സൗത്ത് വെസ്റ്റ് ഉള്‍പ്പെടെ എല്ലാ എയര്‍ലൈനുകളും ഇത് ഉപയോഗിക്കുന്നതായും ഒരാള്‍ എഴുതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ പുതിയതോ നാഷ്‌വില്ലെ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതോ അല്ല.
ന്യുജഴ്‌സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് എടുത്തതാണ് വീഡിയോ എന്നാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്. വാസ്തവത്തില്‍, സ്പീഡ് ടേപ്പ് വിമാനങ്ങളിലും റേസ് കാറുകളിലും ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉപയോഗിക്കുന്ന അലുമിനിയം അടിസ്ഥാനമാക്കിയുള്ള പശയുള്ള ടേപ്പാണ്. സ്പിരിറ്റ് ഉള്‍പ്പെടെ നിരവധി എയര്‍ലൈനുകള്‍ ഇത് ഉപയോഗിക്കുന്നു.
അവസാന നിമിഷം ചെറിയ അറ്റകുറ്റപ്പണികള്‍ക്ക് ഇത് ഫലപ്രദമാണ്. സ്പീഡ് ടേപ്പ് വായുവിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വിമാനത്തിന്റെ ചിറകിനെ സഹായിക്കും. അതിനാല്‍ തന്നെ ഇതിന്റെ പേരിലും 'സ്പീഡ്' വന്നത്. സ്പീഡ് ടേപ്പിന് കഠിനമായ താപനിലയെ നേരിടാനും കഴിയും. ഇതില്‍ അലുമിനിയം ഫോയില്‍ കൊണ്ട് പൊതിഞ്ഞ ഒരു ക്ലോത്ത് ലെയറും ശക്തിയേറിയ സിലിക്കണ്‍ പശയും ഉണ്ട്.
ഈ പാളികള്‍ ഡക്ട് ടേപ്പിനെക്കാള്‍ സ്പീഡ് ടേപ്പിനെ കട്ടിയുള്ളതും കൂടുതല്‍ ഫലപ്രദവുമാക്കുന്നു. സമാനമായ രൂപം കാരണമാണ് ഡക്റ്റ് ടേപ്പും സ്പീഡ് ടേപ്പും പരസ്പരം തെറ്റിദ്ധരിക്കപ്പെടുന്നത്. അതോടെയാണ് ബജറ്റ് എയര്‍ലൈനായ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ സ്പീഡ് ടേപ്പ് ഒട്ടിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. നിരവധി ഉപയോക്താക്കളാണ് സംഭവം മുന്‍നിര്‍ത്തി സ്പിരിറ്റിനെ ട്രോളിയത്.


Click it and Unblock the Notifications








