27 വര്‍ഷം കൊണ്ട് മോഷ്ടിച്ചത് 5000 വാഹനങ്ങള്‍; കുപ്രസിദ്ധ വാഹന മോഷ്ടാവ് വലയില്‍
രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ വാഹന മോഷ്ടാവിനെ ഡല്‍ഹി പൊലീസ് പിടികൂടി. കഴിഞ്ഞ 24 വര്‍ഷത്തിനിടെ 5000ത്തിലധികം കാറുകള്‍ മോഷ്ടിച്ച അനില്‍ ചൗഹാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കായി ഒരുവര്‍ഷം വലവിരിച്ച് കാത്തിരുന്ന ശേഷമാണ് ഡല്‍ഹി പൊലീസ് അകത്താക്കിയത്. രാജ്യത്താകമാനം വേരുകളുള്ള 30 അംഗ വാഹന മോഷണ സംഘത്തിന്‍െ തലവനാണ് 52കാരനായ ചൗഹാന്‍. പ്രധാനമായും രാജ്യ തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.

വാഹന മോഷണം കൂടാതെ ലഹരിക്കടത്ത്, ആയുധക്കടത്ത് തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും ഇയാള്‍ക്ക് പങ്കുണ്ട്. ഇയാള്‍ക്കെതിരെ രാജ്യത്താകമാനം 180 കേസുകള്‍ ഉണ്ടെന്നാണ് അറിവ്. ഡിജിബി റോഡ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രതിയുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇയാള്‍ അകത്തായത്.

ആഗസ്റ്റ് 23ന് പ്രത്യേക സംഘമാണ് ചൗഹാനെ പിടികൂടിയതെന്നും അഞ്ച് നാടന്‍ തോക്കുകള്‍, തിര, മോഷ്ടിച്ച കാര്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയതായി ഡിസിപി (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു. 2015ല്‍ ആയുധക്കടത്ത് കേസില്‍ ഒരു സിറ്റിങ് എംഎല്‍എയോടൊപ്പം ചൗഹാനെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുമ്പ് അസം സര്‍ക്കാറിന്റെ ക്ലാസ് 1 കോണ്‍ട്രാക്ടറായിരുന്ന ചൗഹാന്‍ പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുകയായിരുന്നു. അസമിലെ തേസ്പൂര്‍ സ്വദേശിയായ ഇയാള്‍ക്ക് മൂന്ന് ഭാര്യമാരിലായി ഏഴ് മക്കളുണ്ട്. ഡല്‍ഹിയില്‍ വാഹന മോഷണത്തിനായി വരുമ്പോള്‍ ഖാന്‍പൂരിലാണ് താമസിക്കുക.

എസ്യുവികളും ആഡംബര സെഡാനുകളും പോലുള്ള ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളാണ് ഇയാള്‍ സ്ഥിരമായി മോഷ്ടിക്കുകയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ നേപ്പാള്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്ക് കടത്തുകയാണ് ഇയാളുടെ പതിവ്.

കാര്‍ മോഷ്ടിക്കുമ്പോള്‍ ഭാര്യയെ കൂടെ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. പരിസരത്ത് പരിശോധന നടത്തിയ ശേഷം വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.അസമില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഇയാള്‍ മയക്കുമരുന്ന് കടത്തുകയും വലിയ തോതിലുള്ള കള്ളക്കടത്ത് വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ചൗഹാന് ജന്മനാട്ടില്‍ 10 കോടി രൂപയുടെ വീടും മറ്റ് നിരവധി സ്വത്തുക്കളും സ്വന്തമായുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇവിടെ റെയ്ഡ് ചെയ്തതായും ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിയുടെ സ്വത്തുക്കളെല്ലാം പിടിച്ചെടുക്കുകയും ലേലം ചെയ്യുകയും ചെയ്തു.അസം പൊലീസ് നേരത്തെ പലതവണ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ നിസാമുദ്ദീന്‍ പ്രദേശത്ത് നടന്ന ഒരു ക്രിമിനല്‍ കേസില്‍ ചൗഹാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

മാരുതി സുസുക്കി കാറുകള്‍ മോഷ്ടിച്ചാണ് ചൗഹാന്‍ വാഹനം മോഷണം തുടങ്ങിയത്. മോഷണത്തിനിടെ സംശയം തോന്നാതിരിക്കാന്‍ ബ്രാന്‍ഡഡ് വസ്ത്രങ്ങളും വിലകൂടിയ ആക്‌സസറികളും ധരിച്ച് ആഡംബര കാറുകളിലായിരുന്നു യാത്ര ചെയ്തിരുന്നത്. ബ്രാന്‍ഡഡ് വസ്തുക്കള്‍ ധരിച്ച് നന്നായി ഒരുങ്ങി ഇറങ്ങുകയും നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്ത് പൊതുജനങ്ങളുടെ ശ്രദ്ധ തെറ്റിച്ചായിരുന്നു കവര്‍ച്ച രീതി.

2005ല്‍ ചൗഹാനെ ആദ്യം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പ്രതിയുടെ പക്കല്‍ നിന്ന് 34 കാറുകളാണ് കണ്ടെടുത്തത്. മികച്ച ലാഭം ലഭിക്കുന്നതിനാല്‍ മോഷ്ടിച്ച കാറുകളില്‍ ഭൂരിഭാഗവും മീററ്റിലാണ് വിറ്റിരുന്നത്. ഇയാളുടെ പിതാവ് സൈന്യത്തില്‍ ലെഫ്‌നെന്റായിരുന്നുവെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.

ഇംഗ്ലണ്ടിലെ ലണ്ടനില്‍ നിന്ന് മോഷണം പോയ ആഡംബര കാറായ ബെന്റ്ലി മുല്‍സാന്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാഹനം മോഷ്ടിച്ച് വന്‍കര കടന്ന് പാകിസ്താനിലെത്തിച്ച തസ്‌കരന്‍മാര്‍ക്ക് ഒരിടത്താണ് പിഴവ് സംഭവിച്ചത്. വാഹനത്തിന്റെ ട്രാക്കിങ് ഉപകരണം കണ്ടെത്തി ഓഫ് ചെയ്യാന്‍ അവര്‍ മറന്നു.

മോഷണം പോയ കാറിനെക്കുറിച്ച് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി കലക്ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കറാച്ചിയിലെ കളക്ട്രേറ്റ് ഓഫ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (സിസിഇ) കറാച്ചി നഗരത്തില്‍ ശക്തമായ റെയ്ഡ് നടത്തി. പിന്നാലെ യുകെ നാഷണല്‍ ക്രൈം ഏജന്‍സി നഗരത്തിലെ ഡിഎച്ച്എ പ്രദേശത്തെ വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത നിലയിലാണ് ബെന്റ്‌ലി മുല്‍സാന്‍ കണ്ടെത്തിയത്.

വി.ഐ.എന്‍ നമ്പര്‍ എസ്.സി.ബി.ബി.എ 63വൈ 7എഫ്.സി 001375, എഞ്ചിന്‍ നമ്പര്‍ സി.കെ.ബി 304693 ചാരനിറത്തിലുള്ള ബെന്റ്ലി മുല്‍സാന്‍ - വി 8 ഓട്ടോമാറ്റിക് കാറാണ് കറാച്ചിയിലെ ഡി.എച്ച്.എയില്‍ നിന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ കൃത്യമായ സ്ഥാനം പരിശോധിച്ച ശേഷം യുകെ അധികൃതര്‍ വാഹനം നിരീക്ഷിച്ച് പാക് സര്‍ക്കാരിന് വിശദാംശങ്ങള്‍ നല്‍കി.

റെയ്ഡിനിടെ പാകിസ്ഥാന്‍ രജിസ്ട്രേഷനും നമ്പര്‍ പ്ലേറ്റും ഉള്ള ബെന്റ്ലി പാക് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ബെന്റ്ലിയുടെ ഷാസി നമ്പര്‍ യുകെയില്‍ നിന്ന് മോഷ്ടിച്ച ബെന്റ്ലിയുടെ നമ്പറുമായി പൊരുത്തപ്പെടുന്നതായി അവര്‍ പരിശോധനയില്‍ കണ്ടെത്തി. കൈവശം വെച്ചിരുന്നയാളുടെ പക്കല്‍ അനുബന്ധ രേഖകള്‍ കൂടി ഇല്ലാതെ വന്നതോടെ പാകിസ്ഥാന്‍ അധികൃതര്‍ വാഹനം പിടിച്ചെടുക്കുകയായിരുന്നു.

കാര്‍ കൈവശം വെച്ചിരുന്നയാളും ഇയാള്‍ക്ക് വാഹനം വിറ്റ ബ്രോക്കറും അറസ്റ്റിലായി. വാഹനത്തിന്റെ രജിസ്ട്രേഷന്‍ വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. ആഷ് ഗ്രേ നിറത്തിലുള്ള ബെന്റ്‌ലി കാര്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ലോറിയിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായി.

കിഴക്കന്‍ യൂറോപ്പില്‍ നിന്ന് കാറുകള്‍ കടത്തുന്ന വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് റെയ്ഡിന് പിന്നാലെ ചുരുളഴിഞ്ഞത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത നയതന്ത്രജ്ഞന്റെ രേഖകളാണ് റാക്കറ്റ് കള്ളക്കടത്തിനായി ഉപയോഗിച്ചത്. മോഷ്ടിച്ച വാഹനം കടത്തിയതുവഴി 300 ദശലക്ഷത്തിലധികം പാക് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് അധികൃതര്‍ നല്‍കുന്ന സൂചന.


Click it and Unblock the Notifications








