മോഷണം പോയ കാറും ഗൂഗിൾ കാണിച്ച് തരും; കൈവിട്ടു പോയ കാറിനെ ഗൂഗിൾ എർത്ത് ഉപയോഗിച്ച് കണ്ടെത്തി യുവാക്കൾ
കാർ മോഷണവും, കട്ടുകൊണ്ടു പോയ കാർ വളരെ രസകരം അല്ലങ്കിൽ സാഹസികമായും തിരികെ ഉടമയ്ക്ക് ലഭിച്ച പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് തന്നെ വാഹനത്തിന്റെ ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ട വാഹനം മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തിയ ചരിത്രവുമുണ്ട്. എന്നിരുന്നാലും ഗൂഗിളിന്റെ സഹായത്തോടെ ഒരു മോഷ്ടിക്കപ്പെട്ട കാർ കണ്ടെത്തിയാലോ?
നിങ്ങൾക്ക് എന്ത് തോന്നുന്നു? നട്ടപ്രാന്ത് എന്ന് പറഞ്ഞ് പുച്ഛിച്ച് സ്ക്രോൾ ചെയ്ത് പോകാൻ വരട്ടെ, ദയവായി എനിക്ക് ഒരു 30 സെക്കൻഡ് താ. യുകെയിലാണ് സംഭവം, ജെയ് റോബിൻസൺ എന്ന വ്യക്തിയുടെ രണ്ട് കാറുകളാണ് ബർമിംഗ്ഹാമിലെ വീട്ടിൽ നിന്ന് മോഷണം പോയത്.
മെട്രോയുടെ റിപ്പോർട്ട് അനുസരിച്ച്, ജെയ് റോബിൻസൺ ജോലിക്ക് പോകാനായി, താഴേക്ക് ഇറങ്ങിയപ്പോഴാണ് തന്റെ രണ്ട് കാറുകളും മോഷണം പോയതായി തിരിച്ചറിഞ്ഞത്. ഒരു സ്‌പോർട്ടി സെയത്ത് (SEAT), ഫോക്‌സ്‌വാഗൺ ഗോൾഫ് എന്നിവയാണ് മോഷണം പോയ മോഡലുകൾ. ജെയുടെ വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ ഇയാളുടെ രണ്ട് കാറുകളുടെയും താക്കോൽ അപഹരിച്ചതായി റിപ്പോർട്ടുണ്ട്.
പോലീസിന്റെ നടപടികളിൽ മതിപ്പില്ലാതിരുന്ന 23 കാരൻ സോഷ്യൽ മീഡിയയിൽ വാഹന മോഷണത്തെക്കുറിച്ച് പോസ്റ്റ് ചെയ്തു. ചിത്രങ്ങൾ പങ്കിടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്‌നാപ്ചാറ്റിൽ, മോഷ്ടിച്ച സീറ്റിന്റെ മങ്ങിയ വീഡിയോ ഷെയർ ചെയ്യുകയും റോബിൻസന്റെ സുഹൃത്ത് ജാമി ഇത് കാണുകയും ചെയ്തു, എന്നാൽ കാർ തിരികെ നൽകാൻ കള്ളൻ 2,000 പൗണ്ട് ആവശ്യപ്പെട്ടു!

ഒരു സാങ്കേതിക വിദഗ്‌ദ്ധനായിരുന്ന ജാമി, കാർ പാർക്ക് ചെയ്‌ത കെട്ടിടത്തിന്റെ റിവേഴ്‌സ് ഇമേജ് സെർച്ചിംഗ് നടത്തി റോബിൻസനെ സഹായിക്കാൻ കഴിഞ്ഞു, വെയിസ്റ്റും മറ്റും ഇടാൻ ഉപയോഗിക്കുന്ന ഒരു വീലി ബിന്നിൽ ഹൗസിംഗ് എസ്റ്റേറ്റിന്റെ പേര് കണ്ടെത്തിയതിന് ശേഷം ഇരുവർക്കും ലൊക്കേഷൻ ട്രയാംഗുലേറ്റ് ചെയ്യാൻ കഴിഞ്ഞു.
ഗൂഗിൾ എർത്ത് ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ട്രീറ്റ് കൃത്യമായി തിരിച്ചറിയാൻ ഇവർക്ക് സാധിച്ചു, അതിനു ശേഷം ഇവർ പെട്ടെന്ന് പൊലീസിനെ വിവരം അറിയിച്ചു. ബർമിംഗ്ഹാമിലെ ജയിന്റെ വീട്ടിൽ നിന്ന് ആറ് മൈൽ അകലെ നിന്ന് സെയത്ത് കാർ വീണ്ടെടുക്കാൻ അധികൃതർക്ക് കഴിഞ്ഞു.
വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിൽ ജയ് ഒട്ടു തൃപ്തനല്ല. ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് ഒരു അപ്‌ഡേറ്റിനായി താൻ അധികൃതരെ വിളിച്ചു, എന്നാൽ അവർ തന്നോട് കേസ് ഇതുവരെ ആർക്കും അസൈൻ ചെയ്തിട്ടില്ല എന്ന മറുപടിയാണ് നൽകിയത്. ഞായറാഴ്ചയും കാര്യം തിരക്കാൻ വിളിച്ച് ഉടമയ്ക്ക് ലഭിച്ചത് ഇതേ പല്ലവി തന്നെ.
സ്വന്തമായി തീരുമാനങ്ങൾ എടുക്കാതെ പൊലീസ് നടപടിയ്ക്കായി കാത്തിരുന്നെങ്കിൽ തനിക്ക് തന്റെ സ്പോർട്ടി സെയത്ത് കാർ തിരികെ ലഭിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 23,000 പൗണ്ട് അതായത് 23.31 ലക്ഷം രൂപയോളമാണ് ഈ സെയത്തിന് വില വരുന്നത്. ഏകദേശം 16,000 പൗണ്ട്, അതായത് 16.23 ലക്ഷം രൂപയോളം വിലമതിക്കുന്ന അദ്ദേഹത്തിന്റെ ഫോക്‌സ്‌വാഗൺ ഗോൾഫ് ഇനിയും കണ്ടെത്താനായിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കാർ ഉടമയുടെ പരിശ്രമത്തിൽ ഇത്ര വേഗം ഒരു കാർ കണ്ടെത്താനായി എങ്കിൽ, പൊലീസ് സേനയുടെ കൃത്യസമയത്തുള്ള അന്വേഷണം എത്രമാത്രം ഫലം ചെയ്യുമായിരുന്നു എന്ന് ഒന്നു ചിന്തിച്ചു പോവുകയാണ്. എന്നിരുന്നാലും ഗൂഗിൾ എർത്ത് വഴി വീടിന്റെ മേൽക്കൂരയും, ചുറ്റുവട്ടവും മാത്രമല്ല ഇവയുടെ ടെക്കിനെക്കുറിച്ച നല്ല ബോധ്യമുണ്ടെങ്കിൽ ഇങ്ങനേയും ചില ഗുണങ്ങൾ ഉണ്ട് എന്ന് മനസിലായി.


Click it and Unblock the Notifications








