കാര്‍ വാങ്ങുമ്പോള്‍ സൂക്ഷിച്ചോളൂ! 'കട്ട' വണ്ടി വിദഗ്ധമായി ഓണ്‍ലൈന്‍ പോര്‍ട്ടലിന് വിറ്റ സംഘം പിടിയില്‍
ഇന്ന് നമ്മള്‍ ഒരു യൂസ്ഡ് കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണെങ്കില്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ട്. കാര്‍ ബ്രാന്‍ഡുകള്‍ നടത്തുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ മുതല്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരും ഈ രംഗത്ത് സജീവമാണ്. ഓണ്‍ലൈനായി കാറുകള്‍ വില്‍പ്പന നടത്തുന്ന ഒത്തിരി പ്ലാറ്റ്‌ഫോമുകളും ഉണ്ട്. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ പൊതുവേ വിശ്വാസ്യതയുള്ളതാണെങ്കില്‍ ശ്രദ്ധിച്ചല്ലെങ്കില്‍ അതിലൂടെയും പണികിട്ടുമെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡല്‍ഹിയില്‍ മോഷ്ടിച്ച കാറുകളും എസ്‌യുവികളും ഓണ്‍ലൈന്‍ പോര്‍ട്ടലിന് വിറ്റ വന്‍ മോഷണ സംഘം ഇപ്പോള്‍ പൊലീസ് വലയിലായി. അതിനെ കുറിച്ച് വിശദമായി വായിക്കാം.
കാര്‍ മോഷണം എന്നത് നമ്മുടെ രാജ്യത്തള മാത്രമല്ല ലോകത്ത് മൊത്തം വലിയ ഭീഷണിയാണ്. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല സ്വന്തം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടാല്‍ വരെ അവ വിദഗ്ധമായി കവരുന്ന തസ്‌കരന്‍മാര്‍ ഉണ്ട്. ഇത്തരം കാറുകള്‍ പുറംരാജ്യത്ത് കൊണ്ടുപോയി വില്‍ക്കുകയോ അല്ലെങ്കില്‍ പൊളിച്ച് പാര്‍ട്‌സുകള്‍ ആക്കി മാറ്റുകയോ ആണ് ചെയ്യാറുള്ളത്. വാഹനമോഷണം തടയാന്‍ അത്യാധുനിക ടെക്‌നോളജികള്‍ വാഹന നിര്‍മാതാക്കള്‍ കൊണ്ടുവന്നാലും അതിനെയും വെല്ലുന്ന ടെക്‌നിക്കുകള്‍ കള്ളന്‍മാരുടെ പക്കലുണ്ടാകും.

ഇത്തരത്തില്‍ വളരെ വിദഗ്ധമായി കാറുകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന 13 പേരടങ്ങിയ സംഘമാണ് ഡല്‍ഹിയില്‍ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അറിഞ്ഞ് പലരും ഞെട്ടിയിക്കുകയാണ്. കാരണം അത്ര വിദഗ്ധമായ പ്ലാനിംഗ് നടത്തിയാണ് ഇവര്‍ മോഷ്ടിച്ച വാഹനങ്ങള്‍ മറിച്ച് വിറ്റത്. ഈ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട 13 പേര്‍ക്ക് വ്യത്യസ്തമായ റോളുകള്‍ ആയിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്.
പിടിയിലായ 13 പേരും വ്യത്യസ്ത ജോലികള്‍ ചെയ്യുന്നവരാണ്. ചിലര്‍ കാര്‍ മോഷ്ടിക്കുമ്പോള്‍ മറ്റ് ചിലര്‍ വ്യാജ രേഖയുണ്ടാക്കാനും ചിലര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി വില്‍ക്കാനും തങ്ങളുടെ ജോലി ദുരുപയോഗപ്പെടുത്തി. മോഷ്ടിച്ച കാര്‍ യഥാര്‍ത്ഥ ഉടമയില്‍ നിന്ന് വാങ്ങുകയാണെന്ന് വരുത്തിത്തീര്‍ത്തായിരുന്നു ഇവരുടെ തട്ടിപ്പ്. മോഷ്ടിച്ച കാറാണെന്ന് അറിയാതെ പാവപ്പെട്ടവര്‍ കെണിയില്‍ അകപ്പെടും.

ഒരു കാറോ അല്ലെങ്കില്‍ എസ്‌യുവിയോ മോഷ്ടിച്ച ശേഷം അതേ നിറത്തിലും മോഡലിലുമുള്ള കാര്‍ തപ്പിയെടുക്കും. ഈ വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയുടെ പേരില്‍ വ്യാജ രേഖകള്‍ തയാറാക്കുന്നു. സംഘാംഗങ്ങളില്‍ ഒരാളുടെ ഫോട്ടോ വെച്ച് കാറിന്റെ ഉടമയുടെ പേരില്‍ ബാങ്ക് അക്കൗണ്ടും ഇവര്‍ തുടങ്ങും. സംഘത്തിലെ ചിലര്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന വെബ്സൈറ്റിലുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘം മോഷ്ടിച്ച കാര്‍ അവര്‍ ജോലി ചെയ്യുന്ന കമ്പനിയെ ഉപയോഗിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് വില്‍ക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇത്തരത്തില്‍ വിവിധ വാഹനങ്ങള്‍ വിജയകരമായി വിറ്റഴിച്ച് അവര്‍ പണം വീതിച്ചെടുത്തു. വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഒറിജിനലുമായി പൊരുത്തപ്പെടുന്നതിനാല്‍ കാര്‍ മോഷ്ടിച്ചതാണെന്ന് പെട്ടെന്ന് പിടികിട്ടിയില്ല. ഈ മാതൃകയില്‍ സംഘം 40-ലധികം കാറുകള്‍ മോഷ്ടിച്ച് വിറ്റതായാണ് പൊലീസ് പറയുന്നത്.

മഹീന്ദ്ര ഥാര്‍, ടൊയോട്ട ഇന്നേവ, എംജി ഹെക്ടര്‍ എന്നിവ മോഷ്ടിക്കപ്പെട്ട കാറുകളില്‍ ഉള്‍പ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വാഹനം മോഷണം പോകാതിരിക്കാന്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കുക. പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ കൃത്യമായി ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാറില്‍ ഒരു ജിപിഎസ് ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വാഹനം മോഷ്ടിക്കപ്പെട്ടാലും കണ്ടെത്താന്‍ സഹായിക്കും. പ്രത്യേകിച്ച് അല്‍പ്പം പഴക്കമുള്ള കാറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍.
ഇത്തരത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വരെ മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിനാല്‍ വാഹനം വാങ്ങുന്നവരും ശ്രദ്ധിക്കണം. യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ രേഖകള്‍ കൃത്യമായി പരിശോധിക്കുകയും പറ്റിയാല്‍ സര്‍ക്കാറിന്റെ വാഹന്‍ പോര്‍ട്ടലില്‍ കയറി ഒത്തുനോക്കുകയും ചെയ്യുക. അധികം തലവേദന ആവശ്യമില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ വണ്ടിക്കമ്പനികള്‍ നടത്തുന്ന ഔദ്യോഗിക പ്രീ-ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നോ വാങ്ങാന്‍ ശ്രമിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








