സ്വന്തമായി റോള്‍സ് റോയ്‌സ്, പ്രൈവറ്റ് ജെറ്റ്... മെറ്റ് ഗാലക്ക് ശേഷം ഏവരും തിരയുന്നത് ഈ ബിസിനസുകാരിയെ
ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. ഫാഷന്‍ലോകം ഉറ്റുനോക്കുന്ന മെറ്റ് ഗാലയില്‍ പതിവുപോലെ അതിശയിപ്പിക്കുന്ന വസ്ത്രങ്ങളുമായാണ് ആഗോള സെലിബ്രിറ്റികള്‍ ചുവടുവെച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന 2024 മെറ്റ് ഗാലയില്‍ ആലിയ ഭട്ട്, ഇഷ അംബാനി, നടാഷ പൂനാവല്ല എന്നിവര്‍ക്കൊപ്പം തിളങ്ങിയ മറ്റൊരു ഇന്ത്യക്കാരിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സെന്‍സേഷന്‍.
ഹൈദരാബാദില്‍ നിന്നുള്ള സംരംഭകയായ സുധ റെഡ്ഡിയാണ് വസ്ത്രധാരണം കൊണ്ടും കോടികള്‍ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞ് മേളയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഏകദേശം 83 കോടി രൂപ ചെലവ് വരുന്ന ഗൗണ്‍ അണിഞ്ഞായിരുന്നു സുധ റെഡ്ഡി റെഡ് കാര്‍പെറ്റിലെത്തിയത്. ഏതായാലും മെറ്റ്ഗാലയില്‍ മിന്നിത്തിളങ്ങിയതിന് പിന്നാലെ ആരാണ് സുധ റെഡ്ഡിയെന്നറിയാന്‍ ഏവരും ഇന്റര്‍നെറ്റിലേക്ക് പാഞ്ഞു.

സുധ റെഡ്ഡിയുടെ ആഡംബര ജീവിതശൈലിയും അവരുടെ വാഹനങ്ങളുമെല്ലാം കാണാണമെങ്കില്‍ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കയറി ഇറങ്ങിയാല്‍ മതി. സ്വകാര്യ ജെറ്റ് മുതല്‍ കസ്റ്റമൈസ്ഡ് റോള്‍സ് റോയ്‌സ് ഗോസ്റ്റ് വരെയാണ് അവരുടെ വാഹന ശേഖരത്തിലുള്ളത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ കൃഷ്ണ റെഡ്ഡിയുടെ ഭാര്യയാണ് സുധ. 19ാം വയസിലായിരുന്നു കൃഷ്ണ റെഡ്ഡിയുടെയും സുധ റെഡ്ഡിയുടെയും വിവാഹം.
സുധയുടെ കൃത്യമായ ആസ്തി വിവരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഭര്‍ത്താവ് കൃഷ്ണ റെഡ്ഡിക്ക് 18,370 കോടി രൂപയുടെ ആസ്തിയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ അവര്‍ സുധ റെഡ്ഡി ഫൗണ്ടേഷന്‍ എന്നൊരു സംഘടനയും നടത്തുന്നുണ്ട്. ആഡംബര ജീവിതം നയിക്കുന്ന ദമ്പതികള്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഗ്രീക്ക്-റോമന്‍ സ്റ്റൈലിലുള്ള ബംഗ്ലാവിലാണ് താമസം. മികച്ച ഗാര്‍ഡനും ആംഡബര ഇന്റീരിയര്‍ ഡിസൈനുകളുമാണ് വീടിന്റെ പ്രത്യേകത.

തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങള്‍ എല്ലാം സുധ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഭര്‍ത്താവ് സമ്മാനിച്ച റോള്‍സ് റോയിസ് ഗോസ്റ്റിലാണ് സുധ കൂടുതലായും യാത്ര ചെയ്യുന്നത്. ദൂര യാത്രകള്‍ക്കാണ് ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പലതവണ സുധ തന്റെ ഇന്‍സ്റ്റ ഹാന്‍ഡ്‌ലില്‍ പങ്കുവെച്ചിട്ടുണ്ട്. സുധയെ കുറിച്ചറിയാന്‍ ഇന്റര്‍നെറ്റില്‍ പരതുന്ന വാഹനപ്രേമികളുടെ കണ്ണില്‍ ആദ്യം ഉടക്കുന്നത് അവരുടെ റോള്‍സ് റോയ്‌സ് ഗോസ്റ്റ് ആയിരിക്കും.
ഭര്‍ത്താവ് കൃഷ്ണ റെഡ്ഡി സുധയ്ക്ക് സമ്മാനിച്ചതാണ് ഈ ആഡംബര കാര്‍. റെഡ്ഡി നല്‍കിയ വിവിധ അഭിമുഖങ്ങള്‍ അനുസരിച്ച് റോള്‍സ് റോയ്സ് അവരുടെ ഭര്‍ത്താവ് പ്രത്യേകം കമ്മീഷന്‍ ചെയ്തതാണ്. ഇത് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് നിറത്തിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റോള്‍സ് റോയ്സ് ടീം നേരിട്ടെത്തിയാണ് ഗോസ്റ്റിന്റെ താക്കോല്‍ സുധ റെഡ്ഡിക്ക് കൈമാറിയത്. ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്സിന്റെ ഈ വിലകൂടിയ കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.

റോള്‍സ്-റോയ്സ് ഗോസ്റ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 4.48 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. റോള്‍സ്-റോയ്സ് തങ്ങളുടെ കാറുകള്‍ക്ക് നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രത്യേകിച്ച് സുധാ റെഡ്ഡിക്കായി കമ്മീഷന്‍ ചെയ്തിരിക്കുന്നതിനാല്‍ വില കണക്കാക്കുക പ്രയാസകരമാണ്. റോള്‍സ് റോയ്സ് ടീം നേരിട്ടെത്തി ദമ്പതികള്‍ക്ക് താക്കോല്‍ കൈമാറിയതിനാല്‍ ഇത് വളരെ ചെലവേറിയതാണെന്ന് മാത്രം നമുക്ക് ഉറപ്പിച്ച് പറയാം.
571 bhp പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V12 എഞ്ചിനാണ് റോള്‍സ് റോയ്‌സ് ഗോസ്റ്റിന് കരുത്ത് പകരുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയതിരിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ ആഡംബര കാറിന് സാധിക്കും.

ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 1300 വാട്ട്സ് ഓഡിയോ സിസ്റ്റം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇല്യൂമിനേറ്റര്‍ ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ ഇതിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് നടന്‍മാരായ ആമിര്‍ ഖാന്‍, ഋതിക് റോഷന്‍, സഞ്ജയ് ദത്ത്, നടി പ്രിയങ്ക ചോപ്ര, തമിഴ് നടന്‍ വിജയ് എന്നിവരാണ് ഇന്ത്യയിലെ ഗോസ്റ്റ് ഉടമകളായ സെലിബ്രിറ്റികള്‍.


Click it and Unblock the Notifications








