ഇനി കറങ്ങാൻ ഈയൊരു വണ്ടി മാത്രം, പേമാരിയിൽ ആഡംബര കാറുകൾ നഷ്ടപ്പെട്ട് സണ്ണി ലിയോൺ
ഇന്ത്യയിൽ മഴക്കാലത്ത് റോഡുകളിൽ വെള്ളക്കെട്ട് കാരണം എല്ലാ വർഷവും രാജ്യത്തുടനീളം കാർ ഉടമകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നമുക്കെല്ലാം വളരെ വ്യക്തമായി അറിയാം. പലപ്പോഴും വെള്ളപ്പൊക്കത്തിൽ കാറുകൾ പൂർണ്ണമായി നശിക്കാറുണ്ട്. അത്തരത്തിൽ മുംബൈയിലെ കനത്ത മഴയിൽ മൂന്ന് കാറുകൾ തനിക്കും നഷ്ടപ്പെട്ടതായി പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോൺ അടുത്തിടെ വെളിപ്പെടുത്തി.
മഴക്കെടുതിയിൽ പെട്ട വാഹനങ്ങളിൽ മെർസിഡീസ് ബെൻസ് GL -ക്ലാസ് എട്ട് സീറ്റർ മോഡലും ഉൾപ്പെടുന്നു. തന്റെ ആഡംബര വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതോടെ താരം ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന എംജി ഗ്ലോസ്റ്റർ എസ്‌യുവിയിലേക്ക് സ്വിച്ച് ചെയ്തിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, സണ്ണി ലിയോൺ മുംബൈ മഴയെക്കുറിച്ചുള്ള തന്റെ സമ്മിശ്ര വികാരങ്ങൾ പങ്കുവെച്ചു.

വീടിനുള്ളിൽ ആയിരിക്കുമ്പോൾ മാത്രമേ താൻ അവിടുത്തെ ആസ്വദിക്കൂ എന്ന് നടി പ്രസ്താവിച്ചു. എന്നാൽ കനത്ത മഴയിൽ തനിക്കുണ്ടായ ദുരനുഭവം അവർ വിവരിച്ചു. മുമ്പ് തന്റെ ഡ്രീം കാറിനെക്കുറിച്ച് വിവരിച്ചിട്ടുള്ള സണ്ണി ലിയോൺ ഒരു തികഞ്ഞ വാഹന പ്രേമിയാണ്, താരത്തിന്റെ യുഎസിലേയും ഇന്ത്യയിലേയും ഗ്യാരേജുകൾ നോക്കിയാലും ഇത് മനസിലാവും.
ഇന്ത്യയിൽ, ഇറക്കുമതി ചെയ്‌ത കാറുകൾ സ്വന്തമാക്കുന്നത് അധിക നികുതിക നൽകിയിട്ടാണ്, എന്നാൽ ഇത്രമാത്രം ചെലവഴിച്ചിട്ടും അവ ഇവിടെ സുരക്ഷിതമല എന്നത് വളരെ വേദനാജനകമാണ് എന്ന് താരം വ്യക്തമാക്കുന്നു. തന്റെ മെർസിഡീസ്-ബെൻസ് GL-ക്ലാസ് എസ്‌യുവി ഉൾപ്പെടെ മുംബൈ മഴയിൽ മൂന്ന് കാറുകൾ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖം സണ്ണി വെളിപ്പെടുത്തി.

മഴക്കെടുതിയിൽ നശിച്ച മറ്റ് രണ്ട് വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സണ്ണി ലിയോൺ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, താരത്തിന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു 7 -സീരീസ് അക്കൂട്ടത്തിൽ ഉണ്ടാകാനാണ് സാധ്യത. മൂന്നാമത്തെ കാർ താരത്തിന്റെ പക്കലുള്ള മസെരാട്ടി ക്വാത്രോപോർത്തെ ആയിരിക്കാൻ ചാൻസുണ്ട്. ഇപ്പോൾ താരത്തിന്റെ യാത്ര ഒരു എംജി ഗ്ലോസ്റ്ററിലാണ്.
സണ്ണി ലിയോൺ കഴിഞ്ഞ വർഷമാണ് എംജി എസ്‌യുവി വാങ്ങിയത്. "ഇന്ത്യൻ ട്രക്ക്" എന്നാണ് താരം വാഹനത്തെ വിശേഷിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയിൽ എത്തുമ്പോൾ തന്റെ ആഡംബര കാറുകളിൽ നിന്നും മാറി യാത്രകൾക്കായി സണ്ണി ഈ എസ്‌യുവി ഉപയോഗിക്കുന്നു. എംജി ഗ്ലോസ്റ്റർ നിലവിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന മുൻനിര എസ്‌യുവികളിൽ ഒന്നാണ്.

ഫുൾ സൈസ് മോഡൽ മികച്ച ലക്ഷ്വറി എക്സ്പീരിയൻസ് നൽകുകയും അതിന്റെ വിഭാഗത്തിലെ ടൊയോട്ട ഫോർച്യൂണർ പോലുള്ള വാഹനങ്ങളുമായി നേരിട്ട് മത്സരിക്കുകയും ചെയ്യുന്നു. മറ്റൊരു പ്രധാന എതിരാളിയായിരുന്ന ഫോർഡ് എൻഡവർ ഇന്ത്യൻ വിപണിയോട് വിട പറഞ്ഞു. 2020 -ൽ അവതരിപ്പിച്ച, എംജി ഗ്ലോസ്റ്റർ പ്രീമിയം ഫീച്ചറുകളുടെ ഒരു വൻ നിര തന്നെ വാഗ്ദാനം ചെയ്യുന്നു.
പ്രത്യേകിച്ച് ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ ഇതിൽ വരുന്നു. അത്തരം അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഈ സെഗ്‌മെന്റിലെ ആദ്യ മോഡലായിരുന്നു ഇത്. ഈ സിസ്റ്റത്തിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോമാറ്റിക് പാർക്ക് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, മറ്റ് സേഫ്റ്റി ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്നു.
വെള്ളത്തിൽ മുങ്ങിയ റോഡുകളിൽ ഫലപ്രദമായി സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയല്ല ആഡംബര കാറുകൾ. ഈ വാഹനങ്ങളിൽ പലതിനും എയർ ഇൻടേക്കുകൾ റോഡ് സർഫസിനോട് വളരെ അടുത്താണ് സ്ഥാപിച്ചിരിക്കുന്നത്, അതിനാൽ ഇത് ഹൈഡ്രോലോക്കിംഗിന്റെ സാധ്യത വർധിപ്പിക്കുന്നു. അതോടൊപ്പം ഈ ആഡംബര മോഡലുകളിൽ വളരെ സങ്കീർണ്ണമായ ഇലക്ട്രോണിക് സംവിധാനങ്ങളും സിസ്റ്റങ്ങളും ഉൾക്കൊള്ളുന്നു, അവ വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ എളുപ്പത്തിൽ ഷോർട്ട് സർക്യൂട്ടാവാൻ ഇടയുണ്ട്.
അതിനാൽ ഹൈ എൻഡ് ലക്ഷ്വറി കാറുകളുമായി ബന്ധപ്പെട്ട കനത്ത മെയിന്റനൻസ് ചെലവുകൾക്ക് പിന്നിലെ ഒരു സുപ്രധാന കാരണം ഇതാണ്. മുൻകാലങ്ങളിൽ, ആഡംബര കാർ നിർമ്മാതാക്കൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് മൺസൂൺ കാലത്ത്, കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാവുന്ന സമയത്ത് പ്രത്യേക കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നതായി അറിവുണ്ട്.
ഈ വർഷം, മൺസൂൺ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ എത്തി, രാജ്യത്തുടനീളം വ്യാപകമായ കനത്ത മഴയ്ക്കും കാരണമായി. പലഭാഗത്തും പുതിയ റോഡുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് മുൻഗണന നൽകേണ്ടത് ഒരുപോലെ നിർണായകമാണ്. റോഡ്, ടോൾ നികുതിയിനത്തിൽ ഗണ്യമായ തുക അടയ്ക്കുന്ന വാഹനയുടമകൾക്ക് ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയുണ്ടാവും?


Click it and Unblock the Notifications








