കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
ആദ്യ സീസണ്‍ തൊട്ട് ഐപിഎല്‍ മത്സരങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകളുടെ ഗാലറികളിലെ സാന്നിധ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമായാ ഷാരൂഖ ഖാന്‍, പഞ്ചാബ് കിംഗ്‌സിന്റെ ഉടമായയ പ്രീതി സിന്റ എന്നിവര്‍ ഉടമകളാണെന്ന ഒറ്റ കാരണം കൊണ്ട് ഈ ടീമുകളെ പിന്തുണയ്ക്കുന്നവരുമുണ്ട്.
പ്രീതി സിന്റയും ശില്‍പ ഷെട്ടിയുമെല്ലാം ഭരിച്ച ഐപിഎല്‍ ഗാലറികള്‍ ഇളക്കി മറിക്കുന്ന പുത്തന്‍ സെന്‍സേഷനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സിഇഒയായ കാവ്യ മാരന്‍. സണ്‍ ഗ്രൂപ്പിന്റെ കലാനിധി മാരന്റെ മകളാണ് കാവ്യ മാരന്‍. ടീമിന്റെ ഉടമ മാത്രമല്ല ഏറ്റവും വലിയ ഫാന്‍ കൂടിയാണ് താനെന്ന് ഓരോ മത്സരത്തിലും കാവ്യ തെളിയിക്കുകയാണ്.

ടീം മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കുമ്പോള്‍ തുള്ളിച്ചാടുകയും നിറംമങ്ങുമ്പോള്‍ സങ്കടപ്പെടുകയും ചെയ്യുന്ന കാവ്യയുടെ വീഡിയോസ് ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ട്രെന്‍ഡിംഗ് ആകാറുണ്ട്. കഴിഞ്ഞ സീസണില്‍ എസ്ആര്‍എച്ചിന്റെ മോശം പ്രകടനം കണ്ട് തലൈവര്‍ രജനീകാന്ത് 'ജയിലര്‍' സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ ഈ സീസണിലെങ്കിലും മികച്ച ടീം കെട്ടിപ്പടുക്കണമെന്ന് കലാനിധി മാരനോട് ആവശ്യപ്പെട്ടിരുന്നു. കാവ്യയുടെ നിരാശ കലര്‍ന്ന മുഖം തങ്ങള്‍ക്ക് കാണാന്‍ വയ്യെന്നായിരുന്നു സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞത്.
രജനിയുടെ വാക്കുകള്‍ സീരിയസായി എടുത്ത സണ്‍റൈസേഴ്‌സ് ഇക്കുറി മികച്ച ടീമിനെ വാര്‍ത്തെടുക്കുകയും മിന്നുന്ന പ്രകടനം കാഴ്ചവെക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നമ്മള്‍ ഇവിടെ ക്രിക്കറ്റല്ല മറിച്ച് കാവ്യ മാരന്റെ ഗരാജിലുള്ള കാറുകളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. സണ്‍ ഗ്രൂപ്പ് ഉടമകളുടെ കാര്‍ ശേഖരത്തെ കുറിച്ചുള്ള ഒരു വീഡിയോ അടുത്തിടെ ക്രേസി കാര്‍സ് ചെന്നെ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

റോള്‍സ് റോയ്സ് ഫാന്റം VIII EWB: റോള്‍സ് റോയ്സ് ഫാന്റം VIII EWB പതിപ്പാണ് മാരന്‍ ഫാമിലിയുടെ ഗരാജിലെ സൂപ്പര്‍ സ്റ്റാര്‍. ബ്ലാക്ക് ടോപ്പ് ഹാഫില്‍ ലൈറ്റ് നിറത്തിലാണ് ഈ കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ ഈ കാറിന്റെ ഏത് ഓപ്ഷനാണ് മാരന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. 21 ഇഞ്ച് മള്‍ട്ടിസ്പോക്ക് അലോയ് വീലുകളാണ് ഇതില്‍ വരുന്നത്.
571 bhp പവറും 900 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 6.75 ലിറ്റര്‍ V12 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് റോള്‍സ് റോയ്സ് ഫാന്റം VIII EWB-യുടെ പവര്‍ അയയ്ക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 12.2 കോടി രൂപയാണ് ഈ റോള്‍സ് റോയ്‌സ് കാറിന്റെ വില വരുന്നത്.

ബെന്റ്‌ലി ബെന്റയ്ഗ EWB: സണ്‍റൈസേഴ്‌സ് ഉടമകളുടെ പക്കലുള്ള മറ്റൊരു വിലപിടിപ്പുള്ള കാറാണ് ബെന്റ്‌ലി ബെന്റയ്ഗ എക്‌സ്റ്റന്റഡ് വീല്‍ബേസ് പതിപ്പ്. സാധാരണ ബെന്റെയ്ഗയേക്കാള്‍ 180 mm നീളം കൂടുതലാണ് ഈ എസ്‌യുവിക്ക്. കാന്‍ഡി റെഡ് നിറത്തിലുള്ള ബെന്റ്‌ലി ടര്‍ബൈന്‍ ശൈലിയിലുള്ള 22 ഇഞ്ച് അലോയ് വീലുകളോടും കൂടിയാണ് വരുന്നത്.
എസ്‌യുവിയിലെ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 പെട്രോള്‍ എഞ്ചിന്‍ പരമാവധി 550 bhp പവറും 770 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 6 കോടി രൂപ മുതലാണ് ഈ ബെന്റ്‌ലി മോഡലിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

ഫെറാറി റോമ: കാവ്യ മാരന്റെ ഗരാജിലുള്ള അടുത്ത കാര്‍ ഫെറാറി റോമയാണ്. 2021-ലാണ് ഫെറാറി ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ കാര്‍ ഇടക്കിടെ ചെന്നൈയിലെ തെരുവകളിലൂടെ കറങ്ങുന്നത് ക്യാമറക്കണ്ണുകളില്‍ പതിയാറുണ്ട്. ഐക്കണിക് റോസ്സോ കോര്‍സ ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ റോമായാണ് കാവ്യയുടെ പക്കലുള്ളത്. യെല്ലോ ബ്രേക്ക് കാലിപ്പറുകളുള്ള സില്‍വര്‍ അലോയ് വീലുകളും ഇതിന് ലഭിക്കുന്നു.
3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ഫെറാറി റോമയുടെ കരുത്ത്. 690 bhp പവറും 760 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ റിയര്‍ വീലിലേക്ക് പവര്‍ അയക്കുന്നു. 4.5 കോടി രൂപയാണ് ഈ മോഡലിന്റെ വില.

ബിഎംഡബ്ല്യു i7: കാവ്യ മാരന്റെ ലക്ഷ്വറി കാറുകളുടെ കൂട്ടത്തില്‍ ഒരു ഇവിയുമുണ്ട്. ബിഎംഡബ്ല്യു i7 ലക്ഷ്വറി ഇലക്ട്രിക് സെഡാനാണ് ആ താരം. ബിഎംഡബ്ല്യുവില്‍ നിന്നുള്ള മുന്‍നിര ഇലക്ട്രിക് സെഡാന്‍ മോഡലാണിത്. ബ്ലാക്ക് സഫയര്‍ മെറ്റാലിക്ക് കളറിലുള്ള ഈ കാറിന്റെ ഏത് ഓപ്ഷനാണ് സണ്‍ ഗ്രൂപ്പ് ഉടമകളുടെ പക്കലുള്ളതെന്ന് വ്യക്തമല്ല. ഓരോ ആക്സിലിലും ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ സംയുക്തമായി 544 bhp പവറും 745 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
101.7 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവറെടുക്കുന്നത്. ഇലക്ട്രിക് സെഡാന്‍ WLTP സൈക്കിളില്‍ 591 മുതല്‍ 625 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു. മണിക്കൂറില്‍ 239 കിലോമീറ്ററാണ് ബിഎംഡബ്ല്യു ii7 ഇലക്ട്രിക് സെഡാന്റെ പരമാവധി വേഗത. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ ഇത് 0-100 kmph വേഗത കൈവരിക്കും. 2.13 കോടി രൂപ മുതലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








