കോടികൾ മുടക്കി കാർ വാങ്ങിയിട്ട് അലോയ് വീലിൽ പിശുക്ക്, ബെൻ്റ്ലിക്ക് വരെ നാണക്കേടാകുമല്ലോ മുതലാളി
ആശിച്ച് മോഹിച്ച് ഒരു കാർ വാങ്ങുമ്പോൾ അതിൽ ആദ്യം ചെയ്യുന്ന കാര്യം എന്താണെന്ന് ചോദിച്ചാൽ അത് അലോയ് വീൽ ഇടുക എന്നതാണ്. പലരും കമ്പനിയിൽ നിന്ന് തന്നെ വാഹനത്തിൽ ഇടാറാണ് പതിവ്. ചിലർ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് അലോയ് വീലുകൾ വാങ്ങി വാഹനത്തിൽ ഘടിപ്പിക്കും. എന്നാൽ ചിലപ്പോൾ ആഫ്റ്റർ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന അലോയ വീലുകൾ പണി തരുന്ന സംഭവങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സംഭവം എന്താണെന്ന് വച്ചാൽ ലോകത്തിലെ ഏറ്റവും വില കൂടിയ ലക്ഷ്വറി വാഹനങ്ങളിലൊന്നാണ് ബെൻ്റ്ലി. ഒരു ഹൈവേയിൽ കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വീലുകൾ വേർപെട്ടു എന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. വാഹനം വലിയ വേഗതയിലായിരുന്നില്ല എന്നത് കൊണ്ട് വലിയ അപകടം സംഭവിച്ചില്ല. ഈ കാറിൻ്റെ ഉടമ അതിന് ആഫ്റ്റർ മാർക്കറ്റ് റെപ്ലിക്ക ഔഡി എസ് 8 അലോയ് വീലുകളായിരുന്നു ഘടിപ്പിച്ചത്.

യഥാർത്ഥ നിർമ്മാതാക്കൾ നടത്തുന്ന കർശനമായ പരിശോധനയും ഗുണനിലവാര നിയന്ത്രണങ്ങളും നിലനിർത്താൻ റെപ്ലിക്ക റിമ്മുകൾക്ക് പലപ്പോഴും സാധിക്കാറില്ല. അത് കൊണ്ട് തന്നെ റിമ്മുകൾക്ക് വിളളർ വരാനും അതുവഴി അപകടം സംഭവിക്കാനും വഴിവയ്ക്കുന്നു. പ്രത്യേകിച്ചും റോഡിലെ കുഴികളിൽ ഇറങ്ങുമ്പോൾ പൊട്ടിപോകാൻ സാധ്യതയുണ്ട്.
ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളുടെ മോശം നിർമ്മാണ പ്രക്രിയകളും കാലക്രമേണ വായു ചോർച്ചയ്ക്കും കാരണമാകുന്നു. കമ്പനിയിൽ നിന്ന് വാഹനത്തിൽ ലഭിക്കുന്ന സ്റ്റോക്ക് അലോയ്‌കളിൽ നിന്ന് മാറി പുറത്ത് നിന്നുളള ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകൾ ഘടിപ്പിക്കുമ്പോൾ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വില കൂടിയ ലക്ഷ്വറി വാഹനങ്ങൾക്ക്.

ആഫ്റ്റർ മാർക്കറ്റ് റിമുകൾ ഇൻസ്റ്റാൾ ചെയ്യുന്നത്, പ്രത്യേകിച്ച് വ്യാജ അലോയ്കളും, വാഹനത്തിൻ്റെ വാറൻ്റി അസാധുവാക്കുകയും ഇൻഷുറൻസ് കവറേജ് അസാധുവാക്കുകയും ചെയ്യാനിടയാക്കും. പ്രത്യേക റിം സ്പെസിഫിക്കേഷനുകൾ മനസ്സിൽ കണ്ടുകൊണ്ടാണ് നിർമ്മാതാക്കൾ സസ്പെൻഷൻ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നത്, ഈ മാനദണ്ഡങ്ങളിൽ നിന്നുള്ള മാറ്റം നിങ്ങളുടെ വാഹനത്തിൻ്റെ ടയറിൻ്റെ അകാല തേയ്മാനത്തിന് കാരണമാകും, ഇത് അപകടങ്ങൾ ഉണ്ടാകുമ്പോൾ വാറൻ്റികളും ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കാതെ വരാനുളള സാഹചര്യം സൃഷ്ടിക്കുന്നു.
അലോയി വീലുകൾ സ്റ്റീൽ വീലുകളേക്കാൾ ഉറപ്പുള്ളതും ഈടുറ്റതുമാണ്. അലൂമിനിയം മഗ്നീഷ്യം അലോയി കൊണ്ട് നിർമ്മിച്ചതായതിനാൽ ഇവ സ്റ്റീൽ വീലുകൾ പോലെ വളയുകയില്ല. കൂടാതെ, ഇന്ന് വിപണിയിൽ പ്രമുഖമായ ട്യൂബ്‌ലെസ് ടയറുകൾക്ക് അലോയികൾ കൂടുതൽ അനുയോജ്യമാണ്. ടയറുകളുടെ ഇവ മികവോടെ ആകൃതി നിലനിർത്തുന്നു.

അലോയി വീലുകൾ വാഹനത്തിന്റെ ബ്രേക്കിംഗ് പെർഫോമെൻസ് മെച്ചപ്പെടുത്തുന്നു. ഇവയുടെ റിമ്മിൽ വരുന്ന മികച്ച വെന്റിലേഷൻ പാറ്റേണുകൾ, സ്റ്റീൽ വീലുകളേക്കാൾ മികച്ച രീതിയിൽ ചൂടിനെ ആഗീകരണം ചെയ്യാൻ സഹായിക്കുന്നു, ഇത് കാറിന്റെ ബ്രേക്കുകൾ ചൂടാവാതെ കൂളായി പ്രവർത്തിക്കാൻ അനുവദിക്കുന്നു തൽഫലമായി ബ്രേക്കിംഗ് എഫിഷൻസിയും വർധിപ്പിക്കുന്നു.
ഒരു പുതിയ അലോയി വീൽ വാങ്ങുമ്പോൾ, അലോയി വീൽ റിമ്മിന്റെ വീതിയിൽ ശ്രദ്ധിക്കേണ്ടത് വളറെ പ്രധാനമാണ്. ശ്രദ്ധിച്ചില്ല എങ്കിൽ പുതിയ ടയറുകൾ വാങ്ങേണ്ടി വരുന്നതിന് പുറമെ, വീതിയേറിയ റിമ്മുകൾക്ക് ഫെൻഡർ, സ്റ്റിയറിംഗ് റോഡ് അല്ലെങ്കിൽ സസ്പെൻഷൻ ഘടകങ്ങൾ എന്നിവയ്ക്കും പല കേടുപാടുകൾ വരുത്താം. ഇത്തരം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾക്ക് അലോയ് വീലുകളുടെ കാര്യത്തിൽ എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications