'ഇന്ത്യ ഏത് ഇന്ധനം ഉപയോഗിക്കണമെന്ന് പുറത്തുള്ളവര്‍ നിര്‍ദേശിക്കേണ്ട'! E20 പെട്രോളിനെതിരായ ഹരജി തള്ളി
രാജ്യത്ത് 20 ശതമാനം എഥനോള്‍ (Ethanol) കലര്‍ന്ന പെട്രോള്‍ അഥവാ E20 പെട്രോള്‍ (E20 Petrol) നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമര്‍പിച്ച പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി തള്ളി. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനുമുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പരമോന്നത നീതിപീഠം പിന്തുണച്ചു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പദ്ധതി നടപ്പാക്കുന്നതില്‍ ഇടപെടാന്‍ വിസമ്മതിച്ചു. അഭിഭാഷകനായ അക്ഷയ് മല്‍ഹോത്രയായിരുന്നു ഹര്‍ജിക്കാരന്‍.
അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നിവ മുന്‍നിര്‍ത്തിയുള്ള സുരക്ഷ, പരിസ്ഥിതി ലക്ഷ്യങ്ങളുമായി സര്‍ക്കാര്‍ തീരുമാനം പൊരുത്തപ്പെടുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി വിധിയോടെ രാജ്യവ്യാപകമായി E20 പെട്രോള്‍ വ്യാപകമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തതു പോലെ തുടരും.

എല്ലാ ഫ്യുവല്‍ സ്‌റ്റേഷനുകളിലും എഥനോള്‍ രഹിത പെട്രോളിന്റെ ലഭ്യത രഹിത ഉറപ്പാക്കാന്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് (MoPNG) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അഭിഭാഷകനായ അക്ഷയ് മല്‍ഹോത്ര സുപ്രീം കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി (PIL) ഫയല്‍ ചെയ്തത്.
ഹര്‍ജിക്കാരന്‍ എഥനോള്‍ കലര്‍ത്തുന്നതിന് എതിരല്ലെന്നും എന്നാല്‍ E20-യുമായി പൊരുത്തപ്പെടാത്ത 2023-ന് മുമ്പ് നിര്‍മിച്ച വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ ഒരു ഓപ്ഷനായി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഷദന്‍ ഫറാസത്ത് കോടതിയില്‍ വാദിച്ചു. 2023 ഏപ്രിലിന് മുന്‍പ് വിറ്റ ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ E20 പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ പറ്റുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടതല്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം.

E20 ഇന്ധനവുമായി പൂര്‍ണമായും പൊരുത്തപ്പെടാത്ത വാഹനങ്ങളില്‍ അവ നിറയ്ക്കുന്നത് യന്ത്രത്തകരാറുകള്‍, കുറഞ്ഞ കാര്യക്ഷമത, ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. എഥനോള്‍ കലര്‍ത്തിയ ഇന്ധനവുമായി ബന്ധപ്പെട്ട് പൊതുജന അവബോധം വര്‍ധിപ്പിക്കുന്നതിന് എല്ലാ പമ്പുകളിലും എഥനോളിന്റെ അളവ് വ്യക്തമാക്കുന്ന ലേബലുകള്‍ നിര്‍ബന്ധമാക്കണമെന്നും മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.
വിലനിര്‍ണയത്തെ കുറിച്ചുള്ള ആശങ്കകളും ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 പെട്രോളിന് ഉത്പാദന ചെലവ് കുറവാണെങ്കിലും സര്‍ക്കാര്‍ ഇതിന്റെ ചില്ലറ വില്‍പന വില കുറച്ചിട്ടില്ലെന്നും ബ്ലെന്‍ഡിംഗില്‍ നിന്നുണ്ടാവുന്ന വിലക്കുറവിന്റെ പ്രയോജനം വാഹന ഉടമകള്‍ക്ക് ലഭിക്കുന്നില്ലെന്നും ഹരജിയില്‍ വാദിച്ചിരുന്നു. അതേസമയം ഹരജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു.

ഇതിന് പിന്നില്‍ 'വലിയൊരു ലോബി' പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിര്‍ദേശിക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ ചോദിച്ചു. എല്ലാ വശങ്ങളും പരിഗണിച്ച ശേഷമാണ് സര്‍ക്കാര്‍ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഇത് ഇന്ത്യയിലെ കരിമ്പ് കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്നും ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എജി പറഞ്ഞു. സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ലഭിക്കുന്ന നേട്ടങ്ങള്‍ ഒരു ചെറിയ കൂട്ടം പഴയ വാഹന ഉടമകളുടെ ആശങ്കകളേക്കാള്‍ കൂടുതലാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
ഹരജി കോടതി തള്ളിയെങ്കിലും ഈ ഇന്ധനത്തെ കുറിച്ചുള്ള ആശങ്ക ഉപഭോക്താക്കളില്‍ നിലനില്‍ക്കും. പഴയ പല വാഹനങ്ങളും E20 പെട്രോളില്‍ മാത്രം ഓടേണ്ടി വരുന്നത് അറ്റകുറ്റപ്പണി ചെലവുകള്‍ വര്‍ധിപ്പിച്ചേക്കാം. യുഎസിലും യൂറോപ്പിലുമുള്ള സ്ഥിതിക്ക് സമാനമായി ബ്ലെന്‍ഡഡ് ഓപ്ഷനുകള്‍ക്കൊപ്പം എഥനോള്‍ രഹിത പെട്രോള്‍ ലഭ്യമാക്കാനുള്ള ഹരജയിലെ നിര്‍ദേശങ്ങളും കോടതി പരിഗണിച്ചില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








