അംബാനിയൊന്നുമല്ല, രാജ്യത്തെ ആദ്യത്തെ ടെസ്‌ല സൈബര്‍ട്രക്ക് ഓണറായി 'ഡയമണ്ട് രാജ'
ലോകത്തിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ടെസ്‌ല (Tesla). ഓരോ വര്‍ഷവും ലക്ഷക്കണക്കിന് യൂണിറ്റ് ഇവികള്‍ വിറ്റഴിക്കുന്ന ടെസ്‌ലയുടെ കാറുകള്‍ പതിറ്റാണ്ടുകളായി വിപണിയില്‍ ഉള്ള മോഡലുകളെ വരെ പിന്തള്ളി ബെസ്റ്റ് സെല്ലര്‍ പട്ടം അലങ്കരിക്കുന്നു. ലോകത്തിലെ മറ്റ് പ്രധാന വിപണികളില്‍ ടെസ്‌ല സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല. അധികം വൈകാതെ അത് സംഭവിക്കുമെന്നാണ് സൂചനകള്‍. എങ്കിലും നിരവധി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ടെസ്‌ല കാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചില മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്‌ല കാർ ഉടമകളായി.
മലയാളികള്‍ അടക്കം പലരും വിദേശ രാജ്യങ്ങളില്‍ നിന്ന്‌വാങ്ങുന്ന കാറുകള്‍ സ്വന്തം മണ്ണിലേക്ക് ഇറക്കുമതി ചെയ്യാറുണ്ട്. എന്നാല്‍ ഇതുവരെ നാം ഒരു ടെസ്‌ല കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നത് കണ്ടിരുന്നില്ല. ഇപ്പോള്‍ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി ആസന്നമായ സാഹചര്യത്തില്‍ ഒരു വ്യവസായി ടെസ്‌ലയുടെ അഭിമാന വാഹനമായ സൈബര്‍ട്രക്ക് രാജ്യത്ത് ഇറക്കുമതി ചെയ്തിരിക്കുകയാണ്. അത് ആരാണന്ന് നമുക്ക് നോക്കാം.

ഗുജറാത്ത് നഗരമായ സൂറത്ത് വജ്ര വ്യാപാരത്തിന് പേരുകേട്ട ഒന്നാണ്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ പറഞ്ഞ ടെസ്‌ല സൈബര്‍ട്രക്ക് എത്തിയിരിക്കുന്ന നഗരവും സൂറത്ത് ആണ്. സൂറത്തില്‍ നിന്നുള്ള ഒരു വജ്ര വ്യാപാരിയാണ് ഈ സൈബര്‍ട്രക്ക് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന് ഉപയോഗിക്കാന്‍ തുടങ്ങിയത്. ലവ്ജി ദാലിയ എന്നാണ് അദ്ദേഹത്തിന്റെ പേര്. ലവ്ജിയുടെ സൈബര്‍ട്രക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങളിലുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രാത്രിയില്‍ സൂറത്ത് നഗരത്തിലെ റോഡുകളില്‍ ഈ സൈബര്‍ട്രക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ബിസിനസുകാരന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇദ്ദേഹത്തെ സൂറത്തുകാര്‍ 'ബാദ്ഷാ' എന്നാണ് വിളിക്കുന്നത്. വജ്ര വ്യാപാരം, റിയര്‍ എസ്‌റ്റേറ്റ്, ടെക്‌സ്‌റ്റൈല്‍ മേഖലകളില്‍ നിറസാന്നിധ്യമാണ് ലവ്ജിയുടെ ഗോപിന്‍ ഗ്രൂപ്പ്. ലവ്ജി യുഎസിലെ ടെക്‌സസിലാണ് ബുക്ക് ചെയ്തതെങ്കില്‍ രജിസ്റ്റര്‍ ചെയ്തത് ദുബായ്‌യിലാണ്.

ഈ സൈബര്‍ട്രക്കിന് ദുബായ് വാഹന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഒരു നമ്പര്‍ പ്ലേറ്റാണ് നമുക്ക് കാണാന്‍ കഴിയുക. ഏതായാലും ലോഞ്ചിന് മുമ്പേ തന്നെ ഇന്ത്യയിലെ സൈബര്‍ ഇടങ്ങളില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ സൂറത്ത് സ്വദേശിയുടെ സൈബര്‍ ട്രക്കിന് സാധിച്ചിട്ടുണ്ട്. ആഗോള മാര്‍ക്കറ്റില്‍ സൈബര്‍ ട്രക്കിന്റെ അടിസ്ഥാന വില 60 ലക്ഷം രൂപയാണ്. അതേസമയം ഇറക്കുമതി തീരുവയും നികുതിയുമെല്ലാം ചേര്‍ത്ത് ഇന്ത്യയിലെത്തിക്കാന്‍ 1 കോടി രൂപയെങ്കിലും ആയിട്ടുണ്ടാകും.
2023 മുതല്‍ വിപണിയിലുള്ള ടെസ്ല സൈബര്‍ട്രക്ക് ഒരു ബാറ്ററി ഇലക്ട്രിക് മീഡിയം ഡ്യൂട്ടി വാഹനമാണ് . സാധാരണ കാണുന്ന പാസഞ്ചര്‍ കാറുകളില്‍ നിന്നെല്ലാം ഇത് വ്യത്യസ്തമാണെന്ന് ആദ്യ കാഴ്ച്ചയില്‍ തന്നെ നമുക്ക് മനസിലാകും. സ്ട്രെയിറ്റ് ലൈനുകളും ഷാര്‍പ്പ് എഡ്ജുകളുമുള്ള ഈ ഇവി സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചിരിക്കുന്നത്. ഏറെ കാലം ഈട് നില്‍ക്കുന്ന ബുള്ളറ്റ്പ്രഫ് ബോഡി മാത്രമല്ല ഷോക്ക് പ്രൂഫ് വിന്‍ഡോകളും വിന്‍ഡ്ഷീല്‍ഡും ടെസ്ല സൈബര്‍ട്രക്കിന്റെ പ്രധാന ഹൈലൈറ്റുകളാണ്.

ടെസ്ല സൈബര്‍ട്രക്കില്‍ 6 പേര്‍ക്ക് വരെ യാത്ര ചെയ്യാനാവും. ട്രക്ക് ബെഡ്, വിന്‍ഡ് ഷീല്‍ഡ്, റിയര്‍വ്യൂ മിറര്‍, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, 17 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം തുടങ്ങിയ ഗംഭീര ഫീച്ചറുകള്‍ ഇതില്‍ വരുന്നുണ്ട്. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 550 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്.
സൈബര്‍ബീസ്റ്റ്, ഓള്‍-വീല്‍-ഡ്രൈവ് (AWD), റിയര്‍-വീല്‍-ഡ്രൈവ് (RWD) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ടെസ്‌ല സൈബര്‍ട്രക്കിന്റെ സൈബര്‍ബീസ്റ്റ് മോഡലിന് 2.6 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. അതേസമയം 209 കിലോമീറ്റര്‍ വേഗതയാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാനാവുക.
പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 845 bhp പവറും 14,000 Nm ടോര്‍ക്ക് വരെ നല്‍കാന്‍ ടെസ്‌ല സൈബര്‍ട്രക്കിനാവും. ഇലക്ട്രിക് വാഹനത്തിന്റെ AWD വേരിയന്റിന് 600 bhp വരെ പവര്‍ നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇതിന് സിംഗിള്‍ ചാര്‍ജില്‍ പരമാവധി 550 കിലോമീറ്റര്‍ റേഞ്ച് കിട്ടുമെന്ന് ടെസ്‌ല പറയുന്നു. റിയര്‍വീല്‍ ഡ്രൈവ് മോഡലിന് 3,400 കിലോഗ്രാം ടവിംഗ് ശേഷിയും 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചുമാണുള്ളത്.


Click it and Unblock the Notifications








