വേണമെന്ന് പറഞ്ഞു, തന്നു! ഇനി വാക്ക് പാലിക്കുമോ സുരേഷ് ഗോപി? കൊച്ചി മെട്രോ തൃശൂരിലേക്ക് എന്ന് എത്തും?
തൃശൂരിലേക്ക് മെട്രോ നീളുമോ? 2019 -ൽ തൃശൂർ - എറണാകുളം യാത്രാ ദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട് എന്ന് ശ്രീ സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഒട്ടനവധി കമന്റുകളാണ് ഇപ്പോൾ ഈ പോസ്റ്റിന് കീഴിൽ കുമിഞ്ഞു കൂടുന്നത്. വിമർശനങ്ങൾ മല പോലെ കുമുഞ്ഞു കൂടുന്നെങ്കിലും പ്രോത്സാഹനവും പിന്തുണയുമായി എത്തുന്നതവരുടേയും എണ്ണം കുറവല്ല. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് പഠനം, ചികിത്സ എന്നിങ്ങനെ പലവിധ ആവശ്യങ്ങളുമായി വരുന്നവർക്ക് കൊച്ചിയിലേക്കുള്ള യാത്ര സുഗമമാക്കാൻ കോതമംഗലത്തേക്ക് മെട്രോ നീട്ടണം എന്നത് ഉൾപ്പടെ നിരവധി ആവശ്യങ്ങളും കമന്റ് ബോക്സുകളിൽ നിറയുന്നുണ്ട്.
സംസ്ഥാനത്തു നിന്നുള്ള ഏക ബിജെപി എംപി എന്ന നിലയിൽ കേന്ദ്രത്തിൽ സ്വാധീനം ചെലുത്തി കേളരത്തിലേക്കുള്ള ട്രെയിനുകൾ അടക്കം ഒട്ടനവധി വിഷയങ്ങളിൽ സുരേഷ് ഗോപി ഒരു വ്യത്യാസവും, ഉന്നമനവും കൊണ്ടു വരാൻ സാധിക്കും എന്ന പ്രതീക്ഷകളും ഏറെയാണ്. ഈ പോസ്റ്റിൽ കുറിച്ചിരിക്കുന്ന 'കൊച്ചി മെട്രോ സർവീസ് തൃശൂരിലേക്ക് നീട്ടാൻ' ശ്രമം തുടരും എന്ന് നിയുക്ത എംപി സുരേഷ് ഗോപി പ്രതികരിച്ചതോടെ കാര്യങ്ങൾക്ക് പുത്തൻ പ്രതീക്ഷകളാണ് ഉയരുന്നത്.
ഇതിനെ കുറിച്ച് കഴിഞ്ഞ കുറച്ചു വർശങ്ങളായി കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്‌റയുമായി സംസാരിച്ചിരുന്നു എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയിൽ വ്യക്തമാക്കി. മുൻ എംഡി മുഹമ്മദ് ഹനീഷുമായും ഇക്കാര്യം വളരെ വിശദ്ധമായി താൻ ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആ സമയത്താണ് തന്നെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാക്കാൻ ശ്രമിച്ചതെന്നും എന്നാൽ ഇവിടെ ചിലർ അത് ചാണകമായി മാറും എന്ന് പരിഹസിച്ചിരുന്നു എന്നും, ഇനി അവർ പാർലമെന്റിൽ ഈ ചാണകത്തെ സഹിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. മെട്രോ മാൻ ഇ. ശ്രീധരനെ തിരികെ കൊണ്ടുവന്നാൽ കൊച്ചി മെട്രോ പാലക്കാട് വരെയല്ല, കോയമ്പത്തൂർ വരേയും നീട്ടാമെന്നും പ്രചാരണത്തിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്.

തൃശൂരുകാർ തന്നെ തിരഞ്ഞെടുത്തതിനാൽ ആ മണ്ഡലത്തിൽ മാത്രം തന്റെ പ്രവർത്തനങ്ങൾ ഒതുങ്ങി നിൽക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ വളർച്ചകൾ സമ്മാനിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതുമായ എംപിയായി മാറാന്‍ താൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.
അതോടൊപ്പം മണ്ണുത്തിയിൽ നിന്ന് ചങ്ങരംകുളം അല്ലെങ്കിൽ പൊന്നാനി റൂട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ക്രോസ് കട്ട് റോഡ് എന്നത് തന്റെ സ്വപ്ന പദ്ധതിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂരിലേക്കുള്ള മെട്രോ റെയിൽ മാത്രമല്ല, ഗുരുവായൂർ - തിരൂർ റെയിൽപാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ - നഞ്ചങ്കോട്ടേ റെയിൽപ്പാത എന്നിവയും നിയുക്ത എംപി സുരേഷ് ഗോപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ പെട്ടവയാണ്.

ഇക്കാര്യങ്ങളിൽ എന്തൊക്കെ സംഭവിക്കും എന്നത് നമുക്ക് നോക്കിക്കാണാം. കൂടാതെ കേരളത്തിൽ നിന്ന് ഒരു എംപിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പാണ് എന്ന് ബിജെപി നേതൃത്വം പലതവണ പറഞ്ഞിട്ടുണ്ട്. ഇലക്ഷൻ പ്രഖ്യാപിച്ചതു മുതൽ തൃശൂരിനൊരു കേന്ദ്ര മന്ത്രി എന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇത്തവണ കേന്ദ്ര മന്ത്രിയാകാനുള്ള സാധ്യത സാമാന്യമായി കൂടുതലാണ്. കേന്ദ്ര മന്ത്രിയായി സുരേഷ് ഗോപി തങ്ങൾക്ക് വാഗ്ദാനം ചെയ്ത മെട്രോ പടിവാതിൽക്കൽ എത്തിക്കും എന്ന കാത്തിരിപ്പിലാണ് തൃശൂരുകാർ. തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടാൻ എന്തുമാത്രം സമയമെടുത്തു എന്നത് നമുക്ക് അറിയാം, അതിനാൽ ഈ വാഗ്ദാനം തന്റെ പ്രവർത്തന കാലയളവിൽ തന്നെ സുരേഷ് ഗോപിക്ക് നിറവേറ്റാൻ കഴിയുമോ എന്നത് വലിയ ഒരു ചോദ്യചിഹ്നമാണ്.


Click it and Unblock the Notifications








