കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് കലിനന്‍ സീരീസ് 2 സ്വന്തമാക്കി 'സ്‌പൈസ് കിംഗ്'! വില 13 കോടി രൂപ
ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കാര്‍ സംസ്‌കാരം നിലവിലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാര്‍ ഗരാജുകളില്‍ ചിലതും കേരളത്തിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ കാര്‍ ഗരാജുകളില്‍ ഒന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനായ ഡോ. വിജു ജേക്കബിന്‍േറതാണ്. 'സ്പൈസ് കിംഗ്' എന്നറിയപ്പെടുന്ന വിജു ജേക്കബാണ് കേരളത്തില്‍ നിന്ന് ആദ്യമായി ഫെറാറി റോമ സ്വന്തമാക്കിയത്. തന്റെ ഗരാജ് ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്ന അദ്ദേഹം ഇപ്പോള്‍ ആഡംബരത്തിന്റെ സുല്‍ത്താനായ റോള്‍സ് റോയ്സ് കലിനന്‍ സീരീസ് 2 പോര്‍ച്ചിലെത്തിച്ചിരിക്കുകയാണ്. കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് കലിനന്‍ സീരീസ് II ആണിത്. വിജു ജേക്കബിന്റെ ഏറ്റവും പുതിയ കാറിന്റെ വിശേഷങ്ങള്‍ ചുവടെ വിശദമായി വായിക്കാം.
മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന ഉല്‍പ്പന്ന മേഖലയില്‍ ലോകത്തിലെ മുന്‍നിര കമ്പനികളിലൊന്നാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്. ഗ്ലോബല്‍ ഒലിയോറെസിന്‍ വിപണിയില്‍ 30 ശതമാനത്തിന് മുകളിലാണ് സിന്തൈറ്റിന്റെ ആഗോള വിപണി വിഹിതം. 95 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സിന്തൈറ്റിന് ചൈന, യു.എസ്, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്. ഇതില്‍ ബ്രസീലിലും ചൈനയിലും ഫാക്ടറികളുമുണ്ട്.

1972-ല്‍ 10 ജീവനക്കാരുമായി തുടങ്ങിയ ചെറിയ കമ്പനിയില്‍ നിന്നും ഇന്ന് 3100 കോടി വിറ്റുവരവുള്ള കമ്പനിയാക്കി സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനെ വളര്‍ത്തിക്കൊണ്ടു വന്നത് വിജു ജേക്കബാണ്. മറ്റ് പ്രമുഖരായ ബിസിനന്‍സ്മാന്‍മാരെയും പോലെ വിജു ജേക്കബും കാറുകളോട് അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുന്നു. ഫെറാറി റോമ കൂടാതെ മെര്‍സിഡീസ് മെയ്ബാക്ക് GLS, ബിഎംഡബ്യു 340i, മെര്‍സിഡീസ് ബെന്‍സ് ജി-വാഗണ്‍, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, വോള്‍വോ XC60, റേഞ്ച് റോവര്‍ സ്പോര്‍ട്, പോര്‍ഷ കയെന്‍ എന്നിവയാണ് വിജു ജേക്കബിന്റെ ഗരാജിലുള്ളത്.
ഇപ്പോള്‍ സില്‍വര്‍ കളറിലുള്ള ഒരു റോള്‍സ് റോയ്സ് കലിന്‍ സീരീസ് II കൂട്ടിച്ചേര്‍ത്ത് ഗരാജിന്റെ ഗമ കൂട്ടിയിരിക്കുകയാണ് സിന്തൈറ്റ് ഗ്രൂപ്പ്. കുടുംബത്തോടൊപ്പമെത്തി വിജു ജേക്കബ് കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജു ജേക്കബ് സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലും കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയ്സ് കലിനന്റ സീരീസ് II പരിചയപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കലിനന്‍ സീരീസ് 2 സ്വന്തമാക്കിയ ആദ്യത്തെ മലയാളിയല്ല വിജു ജേക്കബ്. പ്രവാസി മലയാളിയായ നിഷാദ് ഹുസൈന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെച്ച് 2025 മോഡല്‍ കലിനന്‍ സീരീസ് 2 സ്വന്തമാക്കിയിരുന്നു. മുമ്പ് മുകേഷ് അംബാനി കലിനന്‍ സീരീസ് 2 സ്വന്തമാക്കിയിരുന്നുവെങ്കിലും റോള്‍സ് റോയ്സിന്റെ ഏറ്റവും പുതിയ മോഡല്‍ കലിനന്‍ സീരിസ് 2 ഫെയ്സ്ലിഫ്റ്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി നിഷാദ് മാറുകയായിരുന്നു.
2024 സെപ്റ്റംബറിലാണ് ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡ് കലിനന്‍ സീരീസ് II ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. കലിനന്‍ സീരീസ് II 10.5 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ചെന്നൈയില്‍ ഈ കാറിന്റെ ഓണ്‍റോഡ് വില 13.11 കോടി രൂപയാണ്. 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് ആഡംബര എസ്‌യുവിയുടെ ഹൃദയം.

റോയ്‌സ് കലിനന്‍ സീരീസ് II സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഈ എഞ്ചിന്‍ 571 bhp പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം കൂടുതല്‍ പ്രീമിയം പതിപ്പായ ബ്ലാക്ക് ബാഡ്ജില്‍ 600 bhp പവറും 900 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് എസ്‌യുവി ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സ്റ്റാന്‍ഡര്‍ഡായി ലഭിക്കുന്നു.
ആരേയും മോഹിപ്പിക്കുന്ന രൂപകല്‍പ്പനയാണ് കാറിന് ബ്രിട്ടീഷ് ബ്രാന്‍ഡ് സമ്മാനിച്ചിരിക്കുന്നത്. L-ആകൃതിയിലുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞ ഹെഡ്‌ലാമ്പുകള്‍ പുതുക്കിയ ബമ്പറിലേക്ക് നീളുന്ന വിധത്തിലായതിനാല്‍ പ്രീമിയം ഫീല്‍ വര്‍ധിക്കുന്നു. ഗ്രില്‍ ചെറുതായി റീഡിസൈന്‍ ചെയ്തതിനൊപ്പം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌കിഡ് പ്ലേറ്റിനൊപ്പം റിയര്‍ ബമ്പറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് അലോയ് വീല്‍ ഡിസൈന്‍. എക്സ്റ്റീരിയറിനേക്കാള്‍ ആഡംബരം തുളുമ്പുന്നതാണ് റോള്‍സ് റോയ്സ് കലിനന്‍ സീരീസ് 2 പതിപ്പിന്റെ ഇന്റീരിയര്‍. ഡാഷ്‌ബോര്‍ഡിന് കുറുകെ മുഴുവന്‍ വീതിയുള്ള ഗ്ലാസ് പാനലാണ് ഇതിലെ പ്രധാന ഹൈലൈറ്റ്. പുത്തന്‍ ഡിസ്പ്ലേ ക്യാബിനറ്റും അനലോഗ് ക്ലോക്കും അതിനടിയില്‍ ഒരു മിനിയേച്ചറൈസ്ഡ്, ഇലുമിനേറ്റഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി മാസ്‌കട്ടും ഇതിന് താഴെയായി കാണാം.
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പുമായാണ് കലിനന്‍ ഫെയ്സ്ലിഫ്റ്റ് വരുന്നത്. ഇത് പുതിയ ഗ്രാഫിക്സും ഡിസ്‌പ്ലേകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുമായോ അപ്‌ഹോള്‍സ്റ്ററിയുമായോ പൊരുത്തപ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ഉടമകള്‍ക്ക് അവരുടെ ഇന്‍സ്ട്രുമെന്റ്സിന്റെ നിറം കസ്റ്റമൈസേഷന്‍ ചെയ്യാനും കഴിയും. ഏതായാലും വിജു ജേക്കബിന് ശേഷം ഇനിയാരാകും ഈ ആഡംബര കാര്‍ കേരളത്തിലെത്തിക്കുകയെന്ന് നമുക്ക് നോക്കാം.


Click it and Unblock the Notifications








