'ബുള്ളറ്റ്' കണ്ട് ഇഷ്ടമായി; സ്വന്തം അനിയന് ലക്ഷങ്ങള്‍ വിലയുള്ള എസ്‌യുവി സമ്മാനിച്ച താരത്തെ മനസ്സിലായോ?
രാഘവ ലോറന്‍സ് എന്ന പേര് സിനിമ പ്രേമികള്‍ക്ക് സുപരിചിതമാണ്. അഭിനയം, സംവിധാനം, കൊറിയോഗ്രഫി എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ലോറന്‍സ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജിഗര്‍തണ്ട ഡബിള്‍ എക്‌സിലൂടെ തന്റെ ജനപ്രീതി ഉയര്‍ത്തിയിരുന്നു. സിനിമ തിരക്കുകള്‍ക്കിടയിലും ഒരുവശത്ത് അദ്ദേഹം തന്റെ സാമൂഹിക സേവന പരിപാടികളും ഊര്‍ജ്ജിതമായി കൊണ്ടുപോകുന്നു. സ്വപ്രയത്‌നത്തിലൂടെ സിനിമയില്‍ വളര്‍ന്ന ലോറന്‍സിന് കഠിനാധ്വാനത്തിന്റെ വില അറിയാം. അതുകൊണ്ടാണ് അനാഥരെയും ദരിദ്രരെയും തന്റെ ഭാഗത്തുനിന്ന് സഹായിക്കുന്നത്. നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസം സ്പോണ്‍സര്‍ ചെയ്യുന്നത് മുതല്‍ കര്‍ഷകര്‍ക്ക് ട്രാക്ടര്‍ സമ്മാനമായി നല്‍കുന്നതടക്കം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പെട്ടിട്ടുണ്ട്.
പ്രളയ സമയത്ത് കേരളത്തിന് ഒരു കോടി രൂപയാണ് അദ്ദേഹം സംഭാവന ചെയ്തത്. പുറത്തുനിന്നുള്ളവര്‍ക്ക് കൂടുതല്‍ 'സര്‍പ്രൈസുകള്‍' നല്‍കുന്ന ലോറന്‍സ് ഇപ്പോള്‍ തന്റെ അനുജന്‍ എല്‍വിനൊരു സമ്മാനം നല്‍കിയിരിക്കുകയാണ്. ലോറന്‍സിന്റെ സഹോദരനായ എല്‍വിന്‍ ഇനസി പാണ്ഡ്യന്‍ സംവിധാനം ചെയ്യുന്ന 'ബുള്ളറ്റ്' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറാന്‍ പോകുകയാണ്. കന്നി ചിത്രം റിലീസ് ആകുന്നതിന് മുമ്പേ തന്നെ അനിയന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ചേട്ടന്‍ കിടിലന്‍ ഒരു സമ്മാനം നല്‍കിയിരിക്കുകയാണ്.

എംജിയുടെ എസ്‌യുവിയാണ് ലോറന്‍സ് എല്‍വിന് സമ്മാനിച്ചിരിക്കുന്നത്. മോണിറ്റര്‍ റൂമില്‍ എല്‍വിന്‍ ഉള്‍പ്പെടുന്ന ഒരു രംഗത്തിന്റെ ചില ദൃശ്യങ്ങള്‍ കണ്ട രാഘവ ലോറന്‍സിന് സഹോദരന്റെ പ്രകടനം ഇഷ്ടപ്പെടുകയും ഒരു എസ്യുവി കാര്‍ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. കാറിന്റെ പശ്ചാത്തലത്തില്‍ സഹോദരനൊപ്പം നില്‍ക്കുന്ന ഫോട്ടോകളും എല്‍വിന്റെ കവിളില്‍ ചുംബിക്കുന്ന മറ്റൊരു ഫോട്ടോയും ലോറന്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതിട്ടുണ്ട്.
ബുള്ളറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസയറിയിച്ച ലോറന്‍സ് സഹോദരന് എല്ലാവരുടെയും പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബുള്ളറ്റില്‍ അതിഥി വേഷത്തില്‍ ലോറന്‍സും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുഗു നടി വൈഷാലി രാജാണ് ചിത്രത്തിലെ നായിക. ബ്രിട്ടീഷ് ബ്രാന്‍ഡായ മോറിസ് ഗരാജസിന്റെ വില കൂടിയ എസ്‌യുവിയാണ് ലോറന്‍സ് സഹോദരന് സമ്മാനിച്ചത്. എംജി ഗ്ലോസ്റ്റര്‍ ബ്ലാക്ക്‌സ്‌റ്റോം എഡിഷനാണ് ലോറന്‍സ് അനിയന് സമ്മാനിച്ചതെന്നാണ് തോന്നുന്നത്.

ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ എതിരാളിയാണ് ഗ്ലോസ്റ്റര്‍. ഈ എസ്‌യുവിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പൂര്‍ണമായും കറുപ്പില്‍ അണിഞ്ഞൊരുങ്ങിയ ബ്ലാക്ക്‌സ്‌റ്റോം എഡിഷന്‍ സമ്മാനിച്ചത്. ഗ്ലോസ്റ്റര്‍ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന് 40.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതിന് നിരവധി കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ എംജി വരുത്തിയിട്ടുണ്ട്. 'ഗ്ലോസ്റ്റര്‍', 'ഇന്റര്‍നെറ്റ് ഇന്‍സൈഡ്' എന്നീ ചിഹ്നങ്ങള്‍ക്കൊപ്പം മെറ്റല്‍ ബ്ലാക്ക്, മെറ്റല്‍ ആഷ് നിറങ്ങളാല്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ബോഡി വര്‍ക്കാണ് അതില്‍ ഒന്ന്.
മെഷ് പാറ്റേണുള്ള ഗ്രില്ലാണ് എംജി ഗ്ലോസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷന് ലഭിക്കുന്നത്. സ്പോര്‍ട്ടി ഘടകങ്ങള്‍ക്കൊപ്പം റെഡ് ആക്സന്റുകളും അവിടിവിടായി നല്‍കിയിരിക്കുന്നു. റൂഫ് റെയില്‍, സ്‌മോക്ക്ഡ് ബ്ലാക്ക് ടെയില്‍ലൈറ്റ്, വിന്‍ഡോ സറൗണ്ട്, ഫെന്‍ഡര്‍, ഫോഗ് ഗാര്‍ണിഷ് എന്നിവ എസ്‌യുവിയുടെ ഡാര്‍ക്ക് തീമിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
ഗ്ലോസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷന്റെ ഇന്റീരിയറിലും സമാനമായ മാറ്റങ്ങളുണ്ട്. സ്റ്റിയറിംഗ് വീലിലും ഹെഡ്ലാമ്പുകളിലും കാലിപ്പറുകളിലും ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറിലും റെഡ് ആക്സന്റുകള്‍ സ്‌പോര്‍ട്ടി ഫീല്‍ ഉയര്‍ത്തുന്നു. ഗ്ലോസ്റ്റര്‍ എസ്‌യുവി 2WD, 4WD എന്നീ ഓപ്ഷനുകളില്‍ തന്നെ തെരഞ്ഞെടുക്കാനാവും. എന്നാല്‍ ലോറന്‍സ് ഏത് വേരിയന്റാണ് തെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.
2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. വാഹനത്തിന്റെ ഫ്രണ്ട്-വീല്‍ ഡ്രൈവ് പതിപ്പ് 159 bhp കരുത്തില്‍ പരമാവധി 373 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം എംജി ഗ്ലോസ്റ്റര്‍ ഫോര്‍ വീല്‍ ഡ്രൈവ് മോഡലിന് 214 bhp പവറില്‍ 480 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കാനാവും.
രണ്ട് മോഡലുകളും സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്സ്പോട്ട് ഡിറ്റക്ഷന്‍, ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഒരു എയര്‍ ഫില്‍ട്ടര്‍, കണക്റ്റഡ് ടെക് എന്നിവയാണ് എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്ന സുപ്രധാന ഫീച്ചറുകള്‍. 6, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ കാര്‍ തെരഞ്ഞെടുക്കാം.


Click it and Unblock the Notifications








