അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്‍'! അംഗപരിമിതരായ 13 കലാകാരന്‍മാര്‍ക്ക് സ്‌കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ നായക വേഷത്തിലൂടെ രാഘവ ലോറന്‍സ് എന്ന നടന്റെ റേഞ്ച് തന്നെ മാറിയിരിക്കുകയാണ്. എസ്‌ജെ സൂര്യയടക്കമുള്ള കിടലന്‍ അഭിനേതാക്കള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ശരിക്കും അഴിഞ്ഞാടുകയായിരുന്നു ലോറന്‍സ്. അഭിനേതാവ്, കൊറിയോഗ്രാഫര്‍, സംവിധായകന്‍ എന്നീ നിലകളിൽ തിളങ്ങുന്ന താരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
2018ല്‍ മഹാപ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ സംഭാവന ചെയ്തത് മലയാളികള്‍ ആരും മറക്കാനിടയില്ല. അശരണരായ ജനങ്ങള്‍ക്ക് താങ്ങായി നിലകൊള്ളുന്ന ലോറന്‍സ് ഇപ്പോള്‍ അംഗപരിമിതരായ കലാകാരന്‍മാര്‍ക്ക് സ്‌കൂട്ടറുകള്‍ സംഭാവന ചെയ്ത് വീണ്ടും കൈയ്യടി നേടുകയാണ്. തമിഴ്‌നാട്ടിലെ 'മലര്‍ കമ്പം' എന്ന പരമ്പരാഗത കായികാഭ്യാസ ഇനം അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ക്കാണ് നടന്റെ സഹായമെത്തിയത്. കലാകാരന്‍മാര്‍ ലംബമായി സ്ഥാപിച്ച തൂണില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതാണ് മലര്‍ കമ്പം.

മികച്ച ശാരീരിക സ്ഥിതിയിലുള്ളവര്‍ക്ക് പോലും മലര്‍ കമ്പം അതികഠിനമാണെന്നാണ് പറയപ്പെടുന്നത്. ആ സാഹചര്യത്തിലാണ് അംഗപരിമിതരായ ഒരുകൂട്ടമാളുകള്‍ ഇത് പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരമൊരുക്കിയ ലോറന്‍സ് അവിടെവെച്ച് ചില വാഗ്ദാനങ്ങളും ചെയ്തിരുന്നു. ഈ കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ ബുക്കിംഗ് കുറഞ്ഞതിനാല്‍ പലരും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് തന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷനിലെ അംഗങ്ങള്‍ ലോറന്‍സിനെ ബോധ്യപ്പെടുത്തിയിരുന്നു.
ചടങ്ങില്‍ വച്ച് ഇവര്‍ക്ക് ബൈക്ക് നല്‍കാമെന്നും വീട് നിര്‍മിച്ച് നല്‍കാമെന്നും താരം വാഗ്ദാനം ചെയ്യുകയായിരുന്നു. പരിപാടി കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പേ വാഗ്ദാനം പാലിക്കുകയായിരുന്നു ലോറന്‍സ്. ആദ്യഘട്ടത്തില്‍ 13 പേര്‍ക്കാണ് സ്‌കൂട്ടറുകള്‍ നല്‍കിയത്. ഈ സ്‌കൂട്ടറുകള്‍ എല്ലാം മുച്ചക്ര വാഹനങ്ങളാക്കി മാറ്റാനുള്ള സൗകര്യങ്ങളും ചെയ്ത് നല്‍കുമെന്ന് ലോറന്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. താമസിയാതെ താന്‍ വാഗ്ദാനം ചെയ്ത പോലെ അവര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

അംഗപരിമിതരായ കലാകാരന്‍മാര്‍ക്ക് ടിവിഎസ് സെസ്റ്റ് സ്‌കൂട്ടറാണ് ലോറന്‍സ് സമ്മാനിച്ചത്. ഇന്ത്യയില്‍ ഇന്ന് വാങ്ങാവുന്ന ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന 110 സിസി സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് സെസ്സ്റ്റ്. ഐക്കണിക് സ്‌കൂട്ടി പെപ് പ്ലസിന്റെ പ്രീമിയം-പവര്‍ഫുള്‍ സഹോദരനാണ് സെസ്റ്റ് എന്ന് വേണമെങ്കില്‍ പറയാം. തുടക്കക്കാര്‍ക്കും എന്‍ട്രി ലെവല്‍ സ്‌കൂട്ടി പെപ് പ്ലസിനും ജുപ്പിറ്ററിനും ഇടയില്‍ ഒരു ടിവിഎസ് സ്‌കൂട്ടര്‍ തേടുന്നവര്‍ക്കും പറ്റിയ ഓപ്ഷനാണ് സെസ്റ്റ്.
എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പ്രീമിയം 3D ലോഗോ, സില്‍വര്‍ ഓക്ക് ഇന്റീരിയര്‍ പാനലുകള്‍, ഫ്രണ്ടിലെ ചെറിയ ഗ്ലവ് ബോക്‌സ്, പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് ഈ സ്‌കൂട്ടറില്‍ വരുന്ന പ്രധാന സവിശേഷതകള്‍. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, എഫ്ഐ എഞ്ചിനാണ് ടിവിഎസ് സെസ്റ്റിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7.7 bhp പവറും 8.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, സിവിടി ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു.

ലിറ്ററിന് 62 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഇതിന് അവകാശപ്പെടുന്നത്. ടിവിഎസ് സെസ്റ്റിന്റെ മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. 19 ലിറ്ററാണ് ഈ സ്‌കൂട്ടറിന്റെ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് ശേഷി. 103 കിലോഗ്രാം മാത്രം തൂക്കമുള്ള ഈ ടൂവീലര്‍ മുതിര്‍ന്നവര്‍, സ്ത്രീകള്‍ എന്ന് തുടങ്ങി വലിയൊരു വിഭാഗം റൈഡര്‍മാര്‍ക്ക് പറ്റിയ ഓപ്ഷനാണ്. 760 മില്ലിമീറ്റര്‍ മാത്രമാണ് ഈ സ്‌കൂട്ടറിന്റെ സീറ്റ് ഹൈറ്റ് എന്നതിനാല്‍ ഉയരം കുറഞ്ഞ ആളുകള്‍ക്കും യോജിക്കും.
ആകര്‍ഷകമായ അഞ്ച് നിറങ്ങളിലും രണ്ട് വേരിയന്റുകളിലുമായി ഈ സ്‌കൂട്ടര്‍ വാങ്ങാം. ഡ്യുവല്‍ ടോണ്‍ സീറ്റ് കവറുകള്‍ അടക്കം ഉപഭോക്താക്കളുടെ സ്‌റ്റൈലിന് പറ്റിയ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും സ്‌കൂട്ടറില്‍ ടിവിഎസ് ഓഫര്‍ ചെയ്യുന്നു. 73,931 രൂപ മുതലാണ് ടിവിഎസ് സെസ്റ്റിന്റെ എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. അഞ്ച് വര്‍ഷം സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയുമായാണ് ഈ മോഡല്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ആക്ടിവ, ഹീറോ പ്ലഷര്‍ പ്ലസ് എന്നിവയാണ് എതിരാളികള്‍.


Click it and Unblock the Notifications








