ആരാധകരുടെ മുന്നിൽ പകച്ചു പോയി ഹൈക്രോസ്; പത്മനാഭന്റെ മണ്ണിൽ ഇളയദളപതിക്ക് വൻ വരവേൽപ്പ്! പണി കിട്ടിയത് കാറിന്
സിനിമാ താരങ്ങളെ ആരാധകർ വളരെ ആവേശത്തോടെ എതിരേൽക്കുന്ന പല സംഭവങ്ങൾ നാം കണ്ടിട്ടും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളോടുള്ള ആരാധനയും സ്നേഹവും ചില സന്ദർഭങ്ങളിൽ നിയന്ത്രണ രഹിമായി പോയിട്ടുള്ള സംഭവങ്ങളുമുണ്ട്. അത്തരത്തിൽ തമിഴ് സൂപ്പർ താരം, ഇളയദളപതി വിജയ്ക്ക് ലഭിച്ച ഒരു വരവേൽപ്പാണ് ഇപ്പോൾ വൈറലാവുന്നത്.
വിജയ് തിരുവനന്തപുരത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇളയദളപതി നായകനാവുന്ന പുതിയ ചിത്രം, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം/ GOAT -ന്റെ ചില ഭാഗങ്ങൾ ചിത്രീകരണത്തിനായി തിങ്കളാഴ്ച വൈകിട്ടാണ് താരം തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയിൽ നിന്ന് ഫ്ലൈറ്റിൽ സംസ്ഥാന തലസ്ഥാനത്ത് എത്തിയ വിജയിയെ കാത്ത് ഡൊമെസ്റ്റിക് ടെര്‍മിനലില്‍ ആരാധകരുടെ വമ്പന്‍ നിരയാണ് ഉണ്ടായിരുന്നത്.

സൂപ്പർ താരത്തിന് വലിയ സ്വീകരണമാണ് പത്മനാഭന്റെ മണ്ണിൽ ലഭിച്ചത്. വന്‍ പൊലീസ് സന്നാഹം വിജയിയുടെ വരവോട് അനുബന്ധിച്ച് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും വളരെ കഷ്ടപ്പെട്ടാണ് താരത്തിന്റെ വാഹനം മുന്നോട്ട് കടത്തിവിടാനായത്. കാറിന്റെ ചുറ്റും ആരാധകർ ഇരച്ചു കൂടുന്ന കാഴ്ച്ചകളാണ് നമുക്ക് വീഡിയോകളിൽ എല്ലാം തന്നെ കാണാനായത്. ഇതിനിടയിൽ കാറിന്‍റെ റൂഫ് വഴി വിജയ് ആരാധകരെ അഭിസംബോധന ചെയ്തു.
എയർപ്പോർട്ടിൽ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര മധ്യേയുള്ള വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പലരും തങ്ങളുടെ പ്രിയ താരത്തെ പിൻതുടർന്ന് വീഡിയോയും ഫോട്ടോയും എല്ലാം എടുക്കാൻ നോക്കുന്നുണ്ട്. എന്നാൽ തന്നെ ഫോളോ ചെയ്ത് എത്തുന്ന എല്ലാ ആരാധകരോടും റോഡിൽ നോക്കി വാഹനം ഓടിക്കാൻ ഇളയദളപതി ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ കാറിനും പല ആരാധകർക്കും ഈ വരവേൽപ്പിൽ സാരമായ പരിക്കുൾ ഉണ്ടായിട്ടുണ്ട്.
ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള താരത്തിന്റെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും കൂടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിനുള്ളിലേക്ക് വീണ നിലയിലാണ്. ഡോര്‍ അടക്കം പലഭാഗങ്ങളിലും കാര്യമായ ഡെന്റുകൾ ഉണ്ടായിട്ടുണ്ട്. നേരത്തത്തെ ഷെഡ്യൂൾ അനുസരിച്ച് ശ്രീലങ്കയില്‍ ചിത്രീകരണം നിശ്ചയിച്ചിരുന്ന സിനിമയുടെ ഭാഗങ്ങളാണ് ഇപ്പോൾ തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്.
ഇതിനുമുന്‍പ് 14 വര്‍ഷങ്ങൾക്ക് മുമ്പാണ് വിജയ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു. മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ (GOAT) പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, VTV ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ഇളയദളപതിയുടെ ചിത്രത്തിൽ ജയറാം ഉണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് വളരെ ആവേശം പകരുന്ന ഒന്നു തന്നെയാണ്.
ഈ വരവേൽപ്പിൽ കേടുപാടുകൾ സംഭവിച്ചത് KL 01 DA 1794 എന്ന് തിരുവനന്തപുരം RTO -ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഇന്നോവ ഹൈക്രോസ് എന്ന വാഹനത്തിനാണ്. ഹൈബ്രിഡ് സംവിധാനവുമായി വരുന്ന ZX ടോപ്പ് എൻഡ് വേരിയന്റാണ് താരത്തിനെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ എത്തിയിരുന്നത്.
ഏറെ കുറെ 38.66 ലക്ഷം രൂപയോളം വില വരുന്ന ഈ കാർ വെറും നാല് മാസം മുമ്പ്, അതായത് 2023 നവംബർ 28 -നാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫിനാൻസ് ഓപ്ഷനോടെയാണ് ഈ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് വെബ്ബിൽ നിന്നും കിട്ടുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ കേടുപാടുകൾക്കുള്ള അറ്റകുറ്റം തീർക്കാൻ വേണ്ടുന്ന തുക ഉടമയ്ക്ക് ഇൻഷുറൻസിലൂടെ കിട്ടും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

'ആരാധകരെ ശാന്തരാകുവിൻ' എന്ന് നമ്മുടെ ടൊവിനോ പറഞ്ഞതു പോലെ, നാമും നമ്മുടെ പ്രിയ താരങ്ങളെ കാണുമ്പോൾ നമ്മുടേയും അവരുടേയും സുരക്ഷയും കംഫർട്ടും നോക്കി പരമാവധി പെരുമാറാൻ ശ്രമിക്കാം, വാഹനത്തിനുണ്ടായ കേടുപാട് നമുക്ക് കാശ് കൊടുത്ത് പണിത് ഇറക്കാം, എന്നാൽ ഇത് ഒരു വ്യക്തിക്കാണ് സംഭവിച്ചത് എങ്കിലോ? ഒന്നു ചിന്തിച്ചു നോക്കൂ.


Click it and Unblock the Notifications








