മണ്ടത്തരത്തിനൊക്കെ ഒരു പരിധില്ലെഡേ... സ്റ്റണ്ടിങ്ങിനിടെ ആകാശത്തേക്ക് 'വാണം' വിട്ട് യുവാവിന്റെ അഭ്യാസം
സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ 'ക്രിയേറ്റീവായ' ഉള്ളടക്കങ്ങള്‍ കണ്ടെത്താനാണ് ഇന്ന് യുവാക്കള്‍ ശ്രമിക്കുന്നത്. പലപ്പോഴും വൈറലാകാന്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാമെന്നുറച്ച് കാട്ടിക്കുട്ടുന്ന സംഗതി ലോക മണ്ടത്തരമായിരിക്കും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് വരുന്നത്. അതിനെ കുറിച്ച് തുടര്‍ന്ന് വായിക്കാം.
ഇന്ത്യയൊട്ടാകെ കഴിഞ്ഞ ദിവസമാണ് ദീപാവലി ആഘോഷിച്ചത്. ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത മറ്റൊരു സംഗതിയാണ് പടക്കങ്ങള്‍. ഇന്റര്‍നെറ്റില്‍ ആളുകളെ രസിപ്പിച്ച് വൈറലാകാന്‍ സെക്കന്‍ഡുകള്‍ മാത്രം മതി. എന്നാല്‍ ഇന്ന് നിലവാരമുള്ള ഉള്ളടക്കങ്ങളുടെ ക്ഷാമം കാരണം യുവതലമുറ വിചിത്രമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ശ്രദ്ധ കവരാനാണ് ശ്രമം. മുന്‍കാലങ്ങളിലും യുവാക്കള്‍ ദീപാവലി സമയത്ത് അപകടം മനസ്സിലാക്കാതെ ലൈക്കുകള്‍ നേടുന്നതിനായി പലതും കാട്ടിക്കൂട്ടുന്നത് കണ്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം തന്റെ സ്വിഫ്റ്റ് കാറില്‍ ആയിരക്കണക്കിന് പടക്കങ്ങള്‍ വെച്ച് പൊട്ടിച്ച ഒരു യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഇക്കഴിഞ്ഞ ദിവസം ദീപാവലി രാത്രിയില്‍ ബൈക്കിന്റെ മുന്‍ഭാഗം പൊക്കി 'വീലി' ചെയ്യുന്നതിനൊപ്പം പടക്കം പൊട്ടിച്ചായിരുന്നു നടുറോഡില്‍ യുവാവിന്റെ അഭ്യാസം. പടക്കം പൊട്ടിച്ച് പൊതുവഴിയിലൂടെ സഞ്ചരിച്ച യുവാവിന്റെ സംഭവം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
വണ്ടിയില്‍ സ്റ്റണ്ടിംഗ് ചെയ്യുന്ന യുവാവിന് മാത്രമല്ല ഈ പ്രവര്‍ത്തി മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് കൂടി അപകടകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലെല്ലോ. യുവാക്കള്‍ വിചാരിച്ച പോലെ തന്നെ വീഡിയോ ഏതായാലും ഇന്റര്‍നെറ്റില്‍ വൈറലായി. യമഹയുടെ MT-15 എന്ന അര്‍ബന്‍ സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ചായിരുന്നു യുവാവിന്റെ സ്റ്റംണ്ടിംഗ്. സ്റ്റംണ്ടിഗിന് അനുസൃതമായ രീതിയില്‍ മോഡിഫൈ ചെയ്ത ബൈക്കിന്റെ നമ്പര്‍പ്ലേറ്റുകള്‍ പരിശോധിക്കുമ്പോള്‍ ആണ് ഇത് നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലാണ് നടന്നതെന്ന് മനസ്സിലാകുന്നത്.

തുറന്ന ഹൈവേയില്‍ റൈഡര്‍ സ്റ്റണ്ടിംഗ് നടത്തുന്നതിനിടെ മോട്ടോര്‍സൈക്കിളിന്റെ ഹെഡ്ലൈറ്റിനും നമ്പര്‍പ്ലേറ്റിലുമായി സ്ഥാപിച്ചിരുന്ന 'റോക്കറ്റ്' വരിവരിയായി ആകാശത്തേക്ക് പൊട്ടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ ഇയാളെ പിന്തുടര്‍ന്ന കൂട്ടാളികളില്‍ ഒരാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. രാത്രി സമയത്തുണ്ടായ ഈ സംഭവത്തില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് കമന്റ് ബോക്സില്‍ നിരവധി പേരാണ് ആശങ്ക പങ്കുവെക്കുന്നത്.
അപകടകരമായ സ്റ്റണ്ടിംഗ് നടത്തിയ യുവാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിരവധി പേരാണ് ലോക്കല്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുന്നത്. പൊലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. വീഡിയോയില്‍ ബൈക്കുകളുടെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യക്തമായതിനാല്‍ പൊലീസിനെ സ്റ്റണ്ടിംഗ് നടത്തിയവരെ പിടികൂടാന്‍ എളുപ്പമായിരിക്കും.റോഡ് ഉപയോക്താക്കളുടെ ശ്രദ്ധ തിരിക്കുമെന്നതിനാലും അത്യന്തം അപകടകരമായതിനാലും പൊതുനിരത്തുകളില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നത് കുറ്റകരമാണ്.
മോട്ടോര്‍സൈക്കിളില്‍ സ്റ്റണ്ടിംഗ് നടത്തുന്നതിന് നല്ല കഴിവ് അത്യാവശ്യമാണ് അതിനൊപ്പം തന്നെ അധികൃതര്‍ പൗരന്‍മാരുടെ സുരക്ഷ കൂടിയാണ് പരിഗണിക്കുന്നത്. പല പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരും ഇരുചക്രങ്ങളില്‍ തങ്ങളുടെ അക്രോബാറ്റിക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുകയും മുന്‍കരുതലോടെയും സുരക്ഷിതത്വത്തോടെയും ആവശ്യമായ എല്ലാ സേഫ്റ്റി ഗിയറുകളും ധരിച്ച് അടച്ചിട്ട സ്ഥലങ്ങളില്‍ സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു ഹൈവേയില്‍ വീലി ചെയ്യുന്ന ഈ പ്രവൃത്തി അപലപനീയമാണ്. അതും മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ചിരിക്കുന്ന പടക്കം പൊട്ടിക്കുമ്പോള്‍ പ്രത്യേകിച്ചും.
പൊതുജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി ഇത്തരം മണ്ടന്‍ പ്രവര്‍ത്തികള്‍ ചെയ്യുന്ന യുവാക്കളെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ കുറക്കാന്‍ അധികാരികള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും?. നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








