ഓട്ടോ വാങ്ങാന്‍ ലക്ഷം രൂപ ലഭിക്കും! വീണ്ടും മാതൃക കാണിച്ച് സ്റ്റാലിന്‍
ജനക്ഷേമപരമായ ഒട്ടനവധി പദ്ധതികളിലൂടെ നേരത്തെ തന്നെ ഏവരുടെയും ശ്രദ്ധ കവര്‍ന്ന ഒരു സര്‍ക്കാരാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് ഭരിക്കുന്നത്. ഇപ്പോള്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
എന്നാല്‍ ഈ പദ്ധതി വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ബാധകമാകൂ എന്നതാണ് ശ്രദ്ധിക്കേണ്ടത്. 10 വര്‍ഷം അധികരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട ശേഷം 2021-ലാണ് എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ തമിഴ്‌നാട്ടില്‍ വീണ്ടും അധികാരത്തിലേറിയത്. സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഇതില്‍ സംസ്ഥാനത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് അവതരിപ്പിക്കുന്നത്.

സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതിയാണ് അതില്‍ സുപ്രധാനമായ ഒന്ന്. ഈ പദ്ധതി നിറഞ്ഞ കൈയ്യടിയോടെയാണ് സംസ്ഥാനത്തെ സ്ത്രീകള്‍ സ്വീകരിച്ചത്. കാരണം നിത്യവൃത്തിക്കായി ജോലിക്ക് പോകുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദമായി മാറിയിരുന്നു ഈ പദ്ധതി. ബസ് യാത്ര സൗജന്യമായതിനാല്‍ മാസാമാസം ഒരു നിശ്ചിത തുക നീക്കിവെക്കാന്‍ സ്ത്രീകളെ ഇത് സഹായിച്ചുവെന്ന് പലരും സാക്ഷ്യം പറയുന്നുണ്ട്.
പിന്നാലെ കര്‍ണാടകയും 'ശക്തി' എന്ന പേരില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പദ്ധതി അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് വാഹനം വാങ്ങാന്‍ 1 ലക്ഷം രൂപ ധന സാഹയം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. തമിഴ്നാട് ഡ്രൈവേഴ്സ് ആന്‍ഡ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായ വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
500-ലധികം വനിതാ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ് പദ്ധതി ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി സ്റ്റാലിന് നേരിട്ട് ഗുണഭോക്താക്കളായ പത്ത് സ്ത്രീകള്‍ക്ക് ഓട്ടോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. പണ്ട് കാലത്ത് സ്ത്രീ പ്രാധിനിധ്യം വളരെ കുറഞ്ഞ മേഖലയായിരുന്നു ഓട്ടോമൊബൈല്‍. എന്നാല്‍ ഇന്ന് കാര്യങ്ങളാകെ മാറി.
ഡ്രൈവര്‍മാരായി നിരവധി സ്ത്രീകള്‍ കടന്ന് വരുമ്പോള്‍ തന്നെ വാഹന നിര്‍മാണ മേഖലയിലും സ്ത്രീ സാന്നിധ്യം കൂടുകയാണ്. ടാറ്റ മോട്ടോര്‍സ് അടക്കം പല മുന്‍നിര കമ്പനികളും തങ്ങളുടെ വാഹന നിര്‍മാണ പ്ലാന്റുകളില്‍ വനിത ജീവനക്കാരുടെ എണ്ണം കൂട്ടുകയാണ്. അതുപോലെ ഇന്ന് നമ്മുടെ നാട്ടിലും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരായ സ്ത്രീകളുടെ എണ്ണം കൂടുകയാണ്.
അടുത്തിടെ തമിഴ്‌നാട്ടില്‍ ശര്‍മിളയെന്ന് പേരായ ബസ് ഡ്രൈവറുടെ വാര്‍ത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ മുന്നോട്ടു വന്ന ശര്‍മിളയെ കനിമൊഴി എംപി അഭിനന്ദിക്കുകയായിരുന്നു. പിന്നാലെ ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് നടന്‍ കമല്‍ഹാസന്‍ കാര്‍ സമ്മാനിക്കുകയും ചെയ്തു. ശര്‍മിളയെ പോലെ നമ്മുടെ കേരളത്തിലും ഹെവി വാഹനങ്ങളും ഓട്ടോയുമെല്ലാം ഓടിക്കുന്ന സ്ത്രീകളുണ്ട്.
ഓട്ടോ ഡ്രൈവര്‍മാരുടെ കാര്യം എടുത്താല്‍ ചിലരെങ്കിലും ഓട്ടോ വാടകക്ക് എടുത്താണ് ഓടിക്കുന്നത്. വരുമാനത്തിന്റെ ഒരു പങ്ക് വാടക ഇനത്തില്‍ മാറ്റിവെക്കേണ്ടി വരുന്നു. സ്വന്തമായി ഓട്ടോ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോടെ ഈ അവസ്ഥയില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുന്നു. ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ സാമ്പത്തിക മെച്ചപ്പെടുത്തുന്നതിനുമെല്ലാം പദ്ധതിയിലൂടെ സാധിക്കും. തമിഴ്‌നാട്ടിലെ പോലെ തന്നെ ഒറ്റക്ക് പൊരുതി ജീവിക്കുന്ന അര്‍ഹരായ സ്ത്രീകള്‍ക്ക് നമ്മുടെ സര്‍ക്കാരും സഹായഹസ്തം വെച്ചുനീട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








